തൃശ്ശൂര്‍: മുളങ്കുന്നത്ത്കാവ് ഗവ.മെഡിക്കല്‍ കോളേജ് കാമ്പസ് സാമൂഹ്യ വിരുദ്ധരുടെ താവളമാകുമ്പോഴും നടപടിയെടുക്കാതെ അധികൃതര്‍. സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്നതിനാല്‍ കാമ്പസില്‍ സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടമാണ് നടക്കുന്നത്.
250 ഏക്കര്‍ വരുന്ന കാമ്പസിലേക്ക് ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വന്നുപോകാവുന്ന സ്ഥിതിയാണിപ്പോള്‍. മൂന്നിടത്ത് ചെക്പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മൂന്നിടത്തും ഇവ നോക്കുകുത്തിയായി നില്‍ക്കുകയാണ്. സുരക്ഷാജീവനക്കാരെ നിയമിക്കാത്തതിനാലാണ് ചെക്‌പോസ്റ്റുകള്‍ പ്രവര്‍ത്തിക്കാത്തത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മാത്രമാണ് നിലവില്‍ സുരക്ഷാജീവനക്കാരുള്ളത്.
മെഡിക്കല്‍ കോളേജ് ഹോസ്റ്റലുകളിലും സുരക്ഷാജീവനക്കാരില്ല. സുരക്ഷാജീവനക്കാരുടെ അഭാവത്തിന് പുറമേ കാമ്പസില്‍ ആവശ്യത്തിന് സിസിടിവി കാമറകളില്ലാത്തതും സാമൂഹിക വിരുദ്ധര്‍ക്ക് തുണയായി. കാമ്പസില്‍ വളരെക്കുറച്ച് സ്ഥലത്ത് മാത്രമേ കാമറകള്‍ സ്ഥാപിച്ചിട്ടുള്ളൂ.
പ്രധാന സ്ഥാപനങ്ങള്‍, ക്വാര്‍ട്ടേഴ്‌സ് പരിസരം എന്നിവിടങ്ങളിലൊന്നും കാമറകളില്ല. സുരക്ഷയ്‌ക്കായി ഹോസ്റ്റലുകള്‍ക്ക് മുന്‍പില്‍ കാമറകള്‍ സ്ഥാപിക്കണമെന്ന് വര്‍ഷങ്ങളായി വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതുവരെയും നടപടിയെടുത്തിട്ടില്ല. ലഹരി മരുന്നുമായി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ അടുത്തിടെ അറസ്റ്റിലായതോടെ നാട്ടുകാര്‍ ഏറെ ഭീതിയിലാണ്. കാമ്പസ് പരിസരത്ത് സ്വകാര്യ കെട്ടിടങ്ങളില്‍ ഇത്തരം സംഘങ്ങള്‍ മുറി വാടകയ്‌ക്കെടുത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു ആരുടെയും ശ്രദ്ധയില്‍പ്പെടാതെ ഒളിവില്‍ താമസിക്കാന്‍ കഴിയാനുള്ള സൗകര്യമുണ്ടെന്നതിനാലാണ് സാമൂഹ്യ വിരുദ്ധര്‍ ഇവിടം താവളമാക്കുന്നത്. വാടക കെട്ടിടങ്ങളില്‍ പോലീസ് നിരീക്ഷണത്തിന് പരിമിതിയുള്ളതിനാല്‍ സാമൂഹിക വിരുദ്ധര്‍ക്ക് അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് സഹായകമാകുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
സാമൂഹ്യ വിരുദ്ധരുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നാട്ടുകാര്‍ സംഘടിപ്പ് പ്രതിരോധിക്കുന്നത് മെഡിക്കല്‍ കോളേജ് പരിസരങ്ങളില്‍ സ്ഥിരം കാഴ്ചയാണ്. പല വാടക സ്ഥലങ്ങളിലും ഡിജെ പാര്‍ട്ടികള്‍ നടക്കാറുണ്ട്. ഇത് ചോദ്യം ചെയ്യുന്ന നാട്ടുകാരെ ഭയപ്പെടുത്താന്‍ താമസക്കാര്‍ സംഘടിതമായി പോലീസില്‍ പരാതി നല്‍കും. കേസെടുക്കേണ്ട ഘട്ടമെത്തുമ്പോള്‍ ഇവര്‍ തന്നെ പരാതി പിന്‍വലിക്കുകാണ് പതിവ്. പോലീസ് കണ്ടെത്തുന്ന കുറ്റകൃത്യങ്ങള്‍ക്ക് തുടരന്വേഷണം ഇല്ലാത്തത് കുറ്റവാളികള്‍ക്ക് രക്ഷപ്പെടാന്‍ സാഹചര്യമൊരുക്കുകയാണ്. മെഡിക്കല്‍കോളജ് പരിസരവും കാമ്പസും പോലീസ് നിരീക്ഷണം ശക്തമാക്കണമെന്നാണ് നാട്ടുകാരുടെയും വിദ്യാര്‍ത്ഥികളുടെയും ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: