ഭാരതം എഴുപത്തിരണ്ടാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിന്റെ മുന്നോടിയായി നരേന്ദ്ര മോദി സര്‍ക്കാര്‍ എടുത്ത നിര്‍ണായകമായ ചില തീരുമാനങ്ങള്‍ ചരിത്രപരമാണ്. ദല്‍ഹിയിലെ അമര്‍ജവാന്‍ ജ്യോതിയിലെ ജ്വാലയും ദേശീയ യുദ്ധസ്മാരകത്തിലെ ജ്വാലയും ലയിപ്പിച്ചതാണ് ഒരു തീരുമാനം. സ്വാതന്ത്ര്യസമരത്തില്‍ ദേശസ്നേഹത്തിന്റെയും ധീരതയുടെയും തീജ്വാലയായി ആളിപ്പടര്‍ന്ന നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ രാജ്യതലസ്ഥാനത്തെ ഇന്ത്യാഗേറ്റില്‍ സ്ഥാപിക്കാനുള്ള തീരുമാനമാണ് രണ്ടാമത്തേത്. നേതാജിയോടുള്ള ആദരസൂചകമായി ഇനി മുതല്‍ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ മൂന്നു ദിവസം മുന്‍പ്, ജനുവരി ഇരുപത്തിമൂന്നിനു തന്നെ തുടങ്ങാന്‍ മോദി സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചതിന്റെ തുടര്‍ച്ചയാണിത്. ഗ്രാനൈറ്റില്‍ തീര്‍ക്കുന്ന നേതാജിയുടെ അതിമഹത്തായ പ്രതിമ പൂര്‍ത്തിയാകുന്നതുവരെ ഇപ്പോള്‍ പ്രധാനമന്ത്രി മോദി ഇന്ത്യാ ഗേറ്റില്‍ സ്ഥാപിച്ചിട്ടുള്ള ഹോളോഗ്രാം പ്രതിമ നിലനില്ക്കും. സ്വാതന്ത്ര്യസമരത്തില്‍ മഹാത്മാഗാന്ധി ആഹ്വാനം ചെയ്ത നിയമലംഘന സമരത്തിന്റെ ഭാഗമായി മഹാരാഷ്ട്രയിലെ യവത്മാലില്‍ വനനിയമം ലംഘിച്ച് ആര്‍എസ്എസ് സ്ഥാപകന്‍ ഡോക്ടര്‍ കേശവ ബലിറാം ഹെഡ്ഗേവാറിന്റെ നേതൃത്വത്തില്‍ നടന്ന സത്യഗ്രഹത്തിന് സ്മാരകം നിര്‍മിക്കാന്‍ കേന്ദ്ര സാംസ്കാരിക മന്ത്രാലയം തീരുമാനമെടുത്തതാണ് മറ്റൊന്ന്. റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചുള്ള സൈനിക വാദ്യ സംഗീത വിരുന്നില്‍ നിന്ന് ‘എന്റെ കൂടെ എന്നും ഉണ്ടായിരിക്കണമേ…’ എന്നു തുടങ്ങുന്ന പാശ്ചാത്യ ഗാനം ഒഴിവാക്കിയ പ്രതിരോധമന്ത്രാലയത്തിന്റെ തീരുമാനമാണ് ഇനിയുമൊന്ന്.
ബംഗ്ലാദേശിന്റെ പിറവിക്കിടയാക്കിയ പാകിസ്ഥാനുമായുണ്ടായ യുദ്ധത്തിന്റെ വിജയസ്മാരകമായാണ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സര്‍ക്കാര്‍ അമര്‍ജവാന്‍ ജ്യോതി സ്ഥാപിച്ചത്. എന്നാല്‍ വിരോധാഭാസമെന്നു പറയട്ടെ, ഈ യുദ്ധത്തില്‍ ബലിദാനികളായവരുടെ പേരുകളൊന്നും ഇവിടെ രേഖപ്പെടുത്തിയിരുന്നില്ല. യുദ്ധ സമയത്ത് പ്രധാനമന്ത്രിയായിരുന്നു എന്ന കാരണത്താല്‍ ഇന്ദിരാഗാന്ധിയുടെ മഹത്വം പെരുപ്പിച്ചുകാട്ടുന്നതിന്റെ ഭാഗമായിരുന്നു ഇതും. അതേസമയം ഇന്ത്യാ ഗേറ്റ് സന്ദര്‍ശിക്കുന്നവര്‍ക്ക് അവിടെ ഒന്നാം ലോകയുദ്ധത്തില്‍ ബ്രിട്ടീഷ്-ഇന്ത്യന്‍ ആര്‍മിയുടെ ഭാഗമായി മരണമടഞ്ഞ പതിമൂവായിരത്തിലേറെ സൈനികരുടെ പേരുകള്‍ രേഖപ്പെടുത്തിയിട്ടുള്ളതു കാണാം. ഭാരതത്തിന്റെ അതിമഹത്തായ സൈനിക പൈതൃകം ഇവരില്‍ ഒതുങ്ങുന്നതില്‍ ദേശസ്നേഹികള്‍ അത്ഭുതപ്പെടുമായിരുന്നു. രാജ്യത്തിന് സമഗ്രമായ ഒരു ദേശീയ സ്മാരകം വേണമെന്ന് പല കോണുകളില്‍നിന്നും ആവശ്യമുയര്‍ന്നിട്ടും ഭരണാധികാരികള്‍ ചെവിക്കൊണ്ടില്ല. അതിന് നരേന്ദ്ര മോദി വേണ്ടിവന്നു. 2019 ല്‍ ദേശീയ യുദ്ധസ്മാരകം നിലവില്‍ വന്നു. രാജ്യത്തിനുവേണ്ടി വീരബലിദാനികളായ മുഴുവന്‍ സൈനികരുടെയും പേരുകള്‍ അവിടെ ആലേഖനം ചെയ്യപ്പെട്ടു. ഇപ്പോള്‍ അമര്‍ജവാന്‍ ജ്യോതിയിലെ ജ്വാലയെ ദേശീയ യുദ്ധസ്മാരകത്തിലെ ജ്വാലയുമായി ലയിപ്പിച്ചതിലൂടെ ആ സൈനികര്‍ ഓര്‍മിക്കപ്പെടുകയും യഥോചിതം ആദരിക്കപ്പെടുകയും ചെയ്തിരിക്കുകയാണ്. സാമ്രാജ്യത്വ കാഴ്ചപ്പാടില്‍നിന്ന് പുറത്തുകടന്ന് ഭാരതത്തിന്റെ സൈനിക ചരിത്രം ശരിയായി വിലയിരുത്തപ്പെടേണ്ടതുണ്ട്. സൈനിക വാദ്യ സംഗീതത്തില്‍നിന്ന് പാശ്ചാത്യ ഗാനം ഒഴിവാക്കിയത് ഭാരത ജനത സ്വാഭിമാനം വീണ്ടെടുക്കുന്നതിന്റെ ഭാഗമായി കാണണം. സ്വാതന്ത്ര്യസമരത്തില്‍ നേതാജിയുടെ നേതൃത്വത്തില്‍ ധീരോദാത്തമായി പോരാടിയ ഐഎന്‍എയെക്കുറിച്ച് അടുത്തകാലത്തു മാത്രമാണല്ലോ സജീവമായി ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയത്.
ഭാരതത്തിന്റെ സ്വാതന്ത്ര്യസമരം ഒരു ബൃഹദാഖ്യാനമാണ്. അഹിംസയും സായുധസമരവുമൊക്കെ അതിലെ വ്യത്യസ്ത ധാരകളില്‍പ്പെടുന്നു. എന്നാല്‍ സ്വതന്ത്ര ഭാരതത്തില്‍ ആറ് പതിറ്റാണ്ടുകാലം ഭരണം നടത്തിയവര്‍ ഈ വസ്തുതയെ നിഷേധിച്ചു. അധികാരം കുത്തകയാക്കിവച്ച നെഹ്റു കുടുംബം എല്ലാം തങ്ങളുടെ സംഭാവനയായി ചിത്രീകരിച്ചുകൊണ്ടിരുന്നു. നെഹ്റുകുടുംബത്തിനു പുറത്തുള്ളവര്‍ അനഭിമതരായി. അവരുടെ ത്യാഗങ്ങള്‍ അവഗണിക്കപ്പെട്ടു. ഇതില്‍ പ്രമുഖനാണ് നേതാജി. ഐഎന്‍എ എന്ന സമാന്തര സൈന്യം രൂപീകരിച്ച് ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ഐതിഹാസികമായ പോരാട്ടങ്ങള്‍ കാഴ്ചവച്ച ഈ മഹാത്മാവിനെ ജീവിതകാലത്തും മരണശേഷവും, ഒരു കാലത്ത് താന്‍ നെടുനായകനായിരുന്ന പ്രസ്ഥാനം അതിക്രൂരമായി വഞ്ചിച്ചു. നേതാജിയുടെ തിരോധാനം സംബന്ധിച്ച ദുരൂഹതകള്‍ നീക്കാന്‍ പോലും തയ്യാറായില്ല. പിതൃഭൂമിയായ സോവിയറ്റ് യൂണിയനുവേണ്ടി സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്ത കമ്യൂണിസ്റ്റുകാര്‍ നേതാജിയെ അപകീര്‍ത്തിപ്പെടുത്താന്‍ മുന്നില്‍ നിന്നവരാണ്. രണ്ടാം ലോകയുദ്ധത്തില്‍ ബ്രിട്ടന് നേടിയ വിജയമാണ് ഭാരതത്തിന് സ്വാതന്ത്ര്യം ലഭിക്കാനിടയാക്കിയതെന്ന കള്ളക്കഥയും ഇക്കൂട്ടര്‍ പ്രചരിപ്പിച്ചു. ഇപ്പോള്‍ ഇന്ത്യാ ഗേറ്റില്‍ നേതാജിയുടെ പ്രതിമ ഉയര്‍ന്നതോടെ ചരിത്രത്തില്‍ അര്‍ഹതപ്പെട്ട സ്ഥാനം ലഭിച്ചിരിക്കുകയാണ്. സ്വാതന്ത്ര്യ സമരത്തിന്റെ നിര്‍ണായക ഘട്ടങ്ങളില്‍ അതിനെ മുന്നോട്ടു നയിക്കുന്നതില്‍ നിസ്തുലമായ പങ്കുവഹിച്ചയാളായ ഡോ. ഹെഡ്ഗേവാറിനെയും സ്വതന്ത്രഭാരതത്തിലെ ഭരണകൂട ശക്തികള്‍ തമസ്കരിക്കാന്‍ ശ്രമിക്കുകയായിരുന്നു. യവത്മാലിലെ സ്മാരകം ഈ ധീരദേശാഭിമാനിക്കുള്ള മാറിയ കാലത്തിന്റെ ആദരവാണ്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം അമൃത് മഹോത്സവമായി ആഘോഷിക്കുന്ന വേളയില്‍ ഇത്തരം നടപടികള്‍ ഭാരതത്തെ അതിന്റെ സ്വത്വത്തിലേക്ക് നയിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: