മണ്ണുത്തി (തൃശൂർ) : അപൂർവ്വമായ ഔഷധ സസ്യങ്ങളെ കണ്ടെത്തി പരിപാലിച്ച് വ്യതസ്തമായ തോട്ടമൊരുക്കി ശ്രദ്ധേയനാകുകയാണ് ബേബി എന്ന കരാട്ടേ ബേബി. ആയിരത്തിലധികം ഇനം ഔഷധ സസ്യങ്ങൾ മണ്ണുത്തി സ്വദേശിയായ എരിഞ്ഞേരി വീട്ടിൽ ബേബിയുടെ തോട്ടത്തിലുണ്ട്.
നൂറിൽപ്പരം അപൂർവ്വയിനം ഔഷധ സസ്യങ്ങളുടെ ശേഖരവും ഇവിടെ കാണാം. അപൂർവ്വമായ ഔഷധ സസ്യങ്ങളെ തേടിപ്പിടിച്ച് ഒറ്റക്കുടക്കീഴിൽ വരുതലമുറക്കായി സജ്ജമാക്കി വക്കാനാണ് ബേബിയുടെ പ്രയത്നം. മണ്ണുത്തി, മുളയം, പുത്തൂർ എന്നിവിടങ്ങളിലായി രണ്ടേക്കറോളം സ്ഥലത്താണ് ബേബി ഔഷധ സസ്യങ്ങളെ പരിപാലിക്കുന്നത്.
ബേബിയുടെ അമ്മയും ഭാര്യയും എട്ട് തൊഴിലാളികളുമാണ് ഔഷധ തോട്ടത്തിൽ സഹായത്തിനുള്ളത്. കേരളത്തിനകത്തും പുറത്തും സഞ്ചരിച്ചാണ് മിക്ക ഔഷധ സസ്യങ്ങളും ബേബി സുഹൃത്ത് അരവിന്ദാക്ഷന്റെ സഹായത്തോടെ ശേഖരിക്കുന്നത്. പാതയോരങ്ങളും, കുറ്റിക്കാടുകളും, പറമ്പുകളും ഇവർ ചെടികൾ സശ്രദ്ധം വീക്ഷിക്കും. ഇവയുടെ വിത്തുകൾ ശേഖരിച്ചും, തണ്ടുകൾ കുത്തി മുളപ്പിച്ചുമാണ് ഇവയുടെ വംശവർദ്ധനവ് നടത്തുന്നത്. 1992 ലാണ് ഈ നഴ്സറി സ്ഥാപിക്കുന്നത്.
അപൂർവ്വ സസ്യങ്ങൾ തേടി നടക്കുന്നതിനിടയിൽ കേരളത്തിലെയും തമിഴ് നാട്ടിലെയും ആദിവാസി വിഭാഗങ്ങളുമായി സൗഹൃദ ബന്ധം പുലർത്തുന്ന ബേബിക്ക് ഡെറാഡൂണിലെ ആദിവാസികളുമായും അടുപ്പമുണ്ട്. അഗസ്ത്യാർ കൂടത്തിൽ മാത്രം കണ്ടു വരുന്ന അപൂർവ്വ ഔഷധ സസ്യങ്ങൾ ഇദ്ദേഹത്തിന്റെ കൈവശമുണ്ട്.
അപൂർവ്വയിനം വൃക്ഷമായ വയ്യങ്കദ ഇവിടെയുണ്ട്. ഇതിന്റെ കൂർത്ത മുള്ള് കാതുകുത്താൻ പണ്ട് കാലത്ത് ഉപയോച്ചിരുന്നതായി പറയുന്നു. യാഗശാലയിൽ ഹവിസ് അർപ്പിക്കാനുള്ള മരത്തവി ഉണ്ടാക്കുന്നതും ഈ മരത്തിൽ നിന്നാണ്. ലിംഗ രോഗങ്ങൾക്ക് ഔഷധമായി ഉപയോഗിക്കുന്ന മയിലോശിഖ, പച്ചക്കർപ്പൂരം, അഗസ്ത്യാർ കൂടത്തിൽ മാത്രം കണ്ടുവരുന്ന ഐസ് പ്ലാന്റ്, ആരോഗ്യപച്ച , പൂജകൾക്കും യാഗങ്ങൾക്കും ഉപയോഗിക്കുന്ന സോമലത എന്നിവയും ബേബിയുടെ തോട്ടത്തിലുണ്ട്.
ക്യാൻസറിന് ഔഷധമായ ജടായു അഥവാ അർബുദ നാശിനി, ചെങ്കുമാരി അഥവാ ചുവന്ന കറ്റാർവാഴ, തണ്ടിൽ ജലം ശേഖരിച്ചു വെക്കുന്ന ശംഖ് നാരായണി, പ്രമേഹ രോഗത്തിനുള്ള കയ്പാമൃത് തുടങ്ങി നിരവധി ഔഷധ സസ്യങ്ങളും വിദേശയിനത്തിൽ പെട്ട സിട്രിക് ട്രീ, റോസ്മേരി എന്നിവയും കൂട്ടത്തിലുണ്ട്. റോസ്മേരിയുടെ ഇല കട്ടൻ ചായയിലിട്ട് കഴിച്ചാൽ സ്ത്രീകളിലെ സ്തനാർബുദത്തെ പ്രതിരോധിക്കുമെന്ന് ബേബി പറയുന്നു. തളർവാതത്തിനും മുടി കൊഴിച്ചിലിനുമുള്ള അഴുകണ്ണി, ലക്ഷ്മി പൂജക്കും വേര് ഔഷധക്കൂട്ടിനായും ഉപയോഗിക്കുന്ന മുപ്പരണ്ട എന്നീ അപൂർവ ഔഷധ സസ്യങ്ങളും ബേബിയുടെ ശേഖരത്തിലുണ്ട്. അപൂർവ്വമായ ഔഷധ സസ്യങ്ങൾക്ക് 3000 രൂപ മുതൽ 30,000 രൂപ വരെ വിലയുണ്ട്. സാധാരണ ഔഷധ സസ്യങ്ങൾ 10 രൂപ മുതലും ഇവിടെ വിൽപ്പന ചെയ്യുന്നു.
ഔഷധ ഗുണത്തിനു പുറമെ പ്രകൃതി ദുരന്തങ്ങളെ മുൻകൂട്ടി കണ്ട് വൈബ്രേഷനിലൂടെ മുന്നറിയിപ്പ് നൽകുമെന്ന് പറയുന്ന തൊഴുകണ്ണിയും പൂച്ച മീശയും ഇവിടെ കാണാം. 1983 – ൽ നടന്ന കരാത്തെ മത്സരത്തിൽ സംസ്ഥാന തലത്തിൽ വിജയിയായതോടെയാണ് ഇദ്ദേഹത്തിന് കരാട്ടെ ബേബി എന്ന വിളിപ്പേര് വന്നത്. ഭാര്യ: ഷീബ. മക്കൾ: ബെൻഹർ ബേബി, ബെറിൻ ബേബി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: