ശിവകുമാര്‍ മേനോന്‍
ഭാരതപ്പുഴയോട് ചേര്‍ന്ന് ചുറ്റോടുചുറ്റും അരയാലും ആര്യവേപ്പും അശോകവും വാകമരവും കണിക്കൊന്നയും തെങ്ങും മാവും തുടങ്ങി പലവിധ വൃക്ഷങ്ങള്‍ നിറഞ്ഞ വിശാലമായ അമ്പലപ്പറമ്പും അതിനു ഏകദേശം മധ്യഭാഗത്തായി വളരെ പുരാതനമായ ഉണ്ണികൃഷ്ണന്റെ പ്രതിഷ്ഠയുള്ള ശ്രീകൃഷ്ണ ക്ഷേത്രവും സ്ഥിതിചെയ്യുന്നു. ക്ഷേത്രത്തിലേക്ക് കസവുമുണ്ടും ഉത്തരീയവും ധരിച്ച അപ്പുമേനോനും മഞ്ഞ പട്ടുപാവാടയും ബ്ലൗസും ധരിച്ചു കയ്യില്‍ പൂപ്പാത്രവുമായി മിടുക്കിയായ അദ്ദേഹത്തിന്റെ കൊച്ചുമകള്‍ അഞ്ചുവയസ്സുകാരി മായയും സാവാധനം തൊഴുതു കയറി. ഈ സമയം അവരുടെ സമീപത്തായി ഏകദേശം അഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന മുടി ചീകാതെയും ഷര്‍ട്ട് അലസമായി തോളിലിട്ടു ട്രൗസറണിഞ്ഞ ഒരു ബാലനും കൈകൂപ്പി നില്‍ക്കുന്നുണ്ടായിരുന്നു.
”മകള്‍ എത്തിയിട്ടുണ്ടല്ലേ?”
അപ്പു മേനോന്‍ പൂജാരിയെ നോക്കി ചിരിച്ചു തലകുലുക്കി.
പൂജാരി പുഷ്പങ്ങള്‍ അകത്തേക്ക് കൊണ്ടുപോയി പ്രസാദവുമായി തിരിച്ചുവന്നു. എല്ലാവര്‍ക്കും തീര്‍ത്ഥവും പ്രസാദവും നല്‍കിയ ശേഷം പൂജാരി ഒരു കദളിപ്പഴം മായയുടെ കയ്യില്‍ കൊടുത്തു. അതിനുശേഷം ഒരു ചെറിയ കഷണം വാഴ ഇലയില്‍ വെണ്ണ കൊടുത്തിട്ടു പറഞ്ഞു:
”ഉണ്ണിക്കണ്ണന്റെ വെണ്ണയാണ്. സേവിച്ചോളൂ. കുട്ടിക്ക് നല്ല ബുദ്ധി ഉണ്ടാവും.” മായ സന്തോഷത്തോടെ വെണ്ണ മേടിച്ചു പൂപ്പാത്രത്തില്‍ വച്ചു. പൂജാരി മായയ്‌ക്ക് ഒരു കദളിപ്പഴം കൂടി നല്‍കി.
ഇതുകണ്ട് അടുത്തുനിന്ന ബാലന്‍ പൂജാരിയോട് ചോദിച്ചു.
”സ്വമി, എനിക്കും കുറച്ചു വെണ്ണ തരോ?”
പൂജാരി അതു കേട്ടുവോ എന്ന് സംശയിച്ച് ബാലന്‍ ഒന്നുകൂടി ആവര്‍ത്തിച്ചു.
”സ്വാമി, എനിക്കും കുറച്ചു വെണ്ണ തരോ?”
അപ്പു മേനോന്‍ നല്‍കിയ ദക്ഷിണയുമായി പൂജാരി ശ്രീകോവിലിനകത്തു കയറിയപ്പോള്‍ അപ്പു മേനോനും മായയും ശ്രീകോവിലിനു ചുറ്റും പ്രദക്ഷിണം വയ്‌ക്കുവാന്‍ തുടങ്ങി. അവര്‍ പ്രദക്ഷിണം വച്ചു വരുമ്പോഴും ആ ബാലന്‍ ശ്രീകോവിലിന്റെ മുന്‍പില്‍ പ്രാര്‍ത്ഥനയുമായി കൈകൂപ്പി നില്‍ക്കുകയായിരുന്നു. ഇതുകണ്ട് മായ ആ ബാലനോട് ചോദിച്ചു.
”വെണ്ണ ഇതുവരെ കിട്ടിയില്ലേ?”
”ഇല്ല. വഴിപാട് കഴിക്കുന്നവര്‍ക്ക് മാത്രമേ ഇവിടെ വെണ്ണ കിട്ടുകയുള്ളൂ. വഴിപാട് കഴിക്കാന്‍ എന്റെ കയ്യില്‍ കാശില്ല. എനിക്ക് ബുദ്ധി കിട്ടുകയില്ല. എല്ലാം ഞാന്‍ കണ്ണനോട് പറഞ്ഞിട്ടുണ്ട്.”
”ഇല്ല. വഴിപാട് കഴിക്കുന്നവര്‍ക്ക് മാത്രമേ ഇവിടെ വെണ്ണ കിട്ടുകയുള്ളൂ. വഴിപാട് കഴിക്കാന്‍ എന്റെ കയ്യില്‍ കാശില്ല. എനിക്ക് ബുദ്ധി കിട്ടുകയില്ല. എല്ലാം ഞാന്‍ കണ്ണനോട് പറഞ്ഞിട്ടുണ്ട്.”
മായ പൂപ്പാത്രത്തിലിരുന്ന വെണ്ണ നോക്കി, പിന്നെ തന്റെ മുത്തച്ഛനെ നോക്കി. മുത്തച്ഛന്‍ പതുക്കെ തലയാട്ടി ചിരിച്ചു. മായ ആ ബാലനെ ശ്രീകോവിലിനു മുന്‍പില്‍നിന്നും കുറച്ചു നീക്കി നിര്‍ത്തി തന്റെ പൂപ്പാത്രത്തിലെ വെണ്ണയുള്ള ഇല ആ ബാലന് തുറന്നു കൊടുത്തിട്ട് എടുത്തുകൊള്ളുവാന്‍ ആംഗ്യം കാണിച്ചു. ആ ബാലന്‍ ചൂണ്ടുവിരല്‍ കൊണ്ട് കുറച്ചു വെണ്ണയെടുത്തു പ്രാര്‍ത്ഥിച്ചതിനുശേഷം അതു സേവിച്ചു. മായ ഒരു കഷണം പഴവും കൂടി ആ ബാലനു കൊടുത്തു. അവന്‍ അതു മേടിച്ചു പെട്ടെന്നു കഴിച്ചു. അതുകണ്ട് മായ ബാക്കിയുണ്ടായിരുന്ന ഒരു പഴവും കൂടി അവനു കൊടുത്തു. അവന്‍ പഴം ഭക്ഷിച്ചു പഴത്തൊലി ട്രൗസറിന്റെ പോക്കറ്റില്‍ തിരുകി മായയെ നോക്കി ചിരിച്ചുകൊണ്ടു പറഞ്ഞു.
”ഇപ്പോള്‍ എന്റെ വിശപ്പും മാറി ഇനി ബുദ്ധീം കിട്ടും.”
അപ്പു മേനോന്‍ തന്റെ കൊച്ചു മകളുടെ പ്രവൃത്തി കണ്ട് അത്യധികം അഭിമാനിച്ചു. മായ മുത്തച്ഛന്റെ കൈ പിടിച്ചു ക്ഷേത്രത്തില്‍നിന്നും പുറത്തേക്കു പോകുമ്പോള്‍ ഒന്നുകൂടെ തിരിഞ്ഞു ആ ബാലനെ നോക്കി ചിരിച്ചു.
ഇതിനിടയില്‍ മറ്റൊരു ഭക്തന്‍ ഒരു ചെറിയ തുളസിമാല ഭഗവാനു സമര്‍പ്പിക്കുവാനായി നല്‍കി. ആ തുളസിമാല ഭഗവാനു സമര്‍പ്പിച്ചതിനുശേഷം ആ ഭക്തനു തന്നെ പ്രസാദമായി ആ മാല തിരിച്ചു നല്‍കി. പൂജാരി തിരിച്ചു ശ്രീകോവിലില്‍ കയറിയപ്പോള്‍ ഭഗവാന്റെ വിഗ്രഹത്തില്‍ എപ്പോഴും തിളങ്ങിക്കൊണ്ടിരുന്ന പുഷ്യരാഗത്തിന്റെ നെക്ലെസ് പെട്ടെന്ന് അവിടെ കാണുന്നില്ല. പൂജാരി വല്ലാതെ പരിഭ്രാന്തനായി. പൂജാരി ശ്രീകോവിലിനകം മുഴുവന്‍ പരതി നോക്കിയെങ്കിലും നെക്ലെസ് എവിടെയും കണ്ടില്ല. പൂജാരി ഉടന്‍ വിവരം ദേവസം മാനേജരെ അറിയിച്ചു.
ശ്രീകോവിലിനകത്തു നെക്ലെസ് തിരയുവാന്‍ കീഴ്ശാന്തിയെയും ദേവസ്വം മാനേജര്‍ ഏര്‍പ്പാടാക്കി. ക്ഷേത്രത്തില്‍ ഉണ്ടായിരുന്ന എല്ലാവരോടും പുറത്തേക്കു പോകരുതെന്ന നിര്‍ദേശവും നല്‍കി. തുളസി മാല ഏറ്റുവാങ്ങിയ ഭക്തനും ആ സമയം ക്ഷേത്രത്തില്‍ തന്നെ ഉണ്ടായിരുന്നു. ഇതിനകം സിസിടിവി പരിശോധനയും തുടങ്ങി. എവിടെയും നെക്ലെസ് കാണുന്നില്ല. ഇതിനിടയില്‍ ക്ഷേത്ര സമിതി ഭാരവാഹികളും അവിടെ എത്തിച്ചേര്‍ന്നു.
പൂജാരി ഉണ്ണിക്കണ്ണനെ വിളിച്ചു കരഞ്ഞുകൊണ്ട് ശ്രീകോവിലില്‍ നിന്നും പുറത്തിറങ്ങി. ദേവസ്വം മാനേജരും മറ്റും പൂജാരിയെ സമാധാനിപ്പിക്കുവാന്‍ ശ്രമിച്ചു. പൂജാരിയുടെ സത്യസന്ധതയിലോ പൂജാകര്‍മങ്ങളിലോ പെരുമാറ്റത്തിലോ ആര്‍ക്കും ഒരു അഭിപ്രായ വ്യത്യാസവും ഇതുവരെ ഉണ്ടായിട്ടില്ല.
പൂജാരി കണ്ണനെ വീണ്ടും വീണ്ടും വിളിച്ചു കരഞ്ഞുകൊണ്ടിരുന്നു. പെട്ടെന്ന് അദ്ദേഹത്തിനു ബോധക്ഷയമുണ്ടായി. ആ സമയം സ്വപ്‌നത്തില്‍ ഉണ്ണിക്കണ്ണന്‍ പൂജാരിയുടെ അരികിലെത്തി ചോദിച്ചു.
”എന്താ തിരുമേനി എന്നെ വിളിച്ചത്?”
”ഞാന്‍ എന്നും വിളിക്കാറുണ്ടല്ലോ. എന്നിട്ടൊന്നും വരാറില്ലല്ലോ.” പൂജാരി പറഞ്ഞു നിര്‍ത്തി.
”ആരു പറഞ്ഞു. ഞാന്‍ എന്നും വരാറുണ്ട്. പക്ഷേ തിരുമേനി എന്നെ തിരിച്ചറിയാറില്ലെന്നു മാത്രം. എല്ലാവരാലും മനുഷ്യരൂപത്തില്‍ ആരാധിക്കപ്പെടുന്ന ഞാന്‍, മനുഷ്യരൂപത്തില്‍ നിങ്ങളുടെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടാല്‍ നിങ്ങള്‍ക്കത് അറിയുവാന്‍ കഴിയുന്നില്ല. സ്വപ്‌നത്തിലാവുമ്പോള്‍ നന്നായി അറിയുകയും വിശ്വസിക്കുകയും ചെയ്യും.”
”കണ്ണാ… കണ്ണന്റെ ഒരു നെക്ലെസ് കാണുന്നില്ല. ഞാനിപ്പോള്‍ കുറ്റാരോപിതന്‍ ആയിരിക്കുകയാണ്. ഞാന്‍ അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല. എന്നിട്ടും എന്തേ എനിക്കീ ദുര്‍വിധി.”
”തിരുമേനിയെ ആരും ഇതുവരെ കുറ്റപ്പെടുത്തിയിട്ടില്ല. അവര്‍ക്കെല്ലാം തിരുമേനിയെ വളരെ വിശ്വാസമുണ്ട്. എല്ലാവരും തിരുമേനിയെ സമാധാനിപ്പിക്കുകയാണ് ഉണ്ടായിട്ടുള്ളത്. തിരുമേനി ശാന്തമായിരിക്കൂ. അവരൊക്കെ ഒന്നു തപ്പി നോക്കട്ടെ.”
”എന്നാലും എന്റെ കണ്ണാ എന്തു തെറ്റാ ഞാന്‍ ചെയ്തത്?”
”ഒരു ചെറിയ തെറ്റ് ചെയ്തിട്ടുണ്ട്. നിഷ്‌കളങ്കനായ ഒരു ചെറിയ കുട്ടിയുടെ തീര്‍ത്തും ചെറുതും നിറവേറ്റാവുന്നതുമായ ഒരപേക്ഷ തിരുമേനിയുടെ അശ്രദ്ധ മൂലം അവഗണിക്കപ്പെട്ടു. തിരുമേനി വലിയ തെറ്റു തന്നെയാണ് ചെയ്തത്. മറ്റൊരു ചെറിയ കുട്ടിക്ക് ഉണ്ടായ വിവേകം പോലും ആ സമയത്ത് തിരുമേനിക്ക് ഉണ്ടാവാതിരുന്നത് കഷ്ടം തന്നെ. എന്തായാലും ഇപ്പോള്‍ തിരുമേനി ഹൃദയം നൊന്തു എന്നെ വിളിച്ചില്ലേ. അതുകൊണ്ടല്ലേ ഞാന്‍ ഓടിയെത്തിയത്. ഇപ്പോഴെങ്കിലും തിരുമേനി എന്നെ ശരിക്കും ഒന്നു കണ്ടുവല്ലോ. എനിക്ക് സന്തോഷമായി.”
”എനിക്ക് ദര്‍ശനം നല്‍കുവാന്‍ ഇങ്ങനെ ഒരു പരീക്ഷണം വേണ്ടിയിരുന്നോ കണ്ണാ…”
”ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളിലെ ആര്‍ക്കും ശരിക്കും എന്നെ മനസ്സിലാവാനും തിരിച്ചറിയുവാനും കഴിയുകയുള്ളൂ. ഏതായാലും ഞാന്‍ എന്റെ നെക്ലെസ് ഒന്നന്വേഷിക്കട്ടെ.” ഇത്രയും പറഞ്ഞു ഉണ്ണിക്കണ്ണന്‍ പൂജാരിയുടെ സ്വപ്‌നത്തില്‍നിന്നും മറഞ്ഞു.
ഇതിനിടയില്‍ ക്ഷേത്രത്തിലെ ജീവനക്കാരും ക്ഷേത്ര സമിതി ഭാരവാഹികളും ക്ഷേത്രത്തിനു ചുറ്റുപാടും അരിച്ചുപെറുക്കി തിരച്ചില്‍ തുടര്‍ന്നുകൊണ്ടിരുന്നു. ക്ഷേത്ര സമിതി ഭാരവാഹികളുടെ കൂട്ടത്തില്‍ സര്‍വീസില്‍ നിന്നും വിരമിച്ച ഒരു പോലീസ് ഉദ്യോഗസ്ഥനുണ്ടായിരുന്നു. അദ്ദേഹം തിരിച്ചിലിനിടയില്‍ ശ്രീകോവിലില്‍ നിന്നുള്ള ഓവിനകത്തേക്ക് ഒളികണ്ണിട്ടു നോക്കിയപ്പോള്‍ അതിനകത്തൊരു തിളക്കം കണ്ടു. അയാള്‍ ഒരു ടോര്‍ച്ച് സംഘടിപ്പിച്ചു ഓവിനകത്തേക്ക് ടോര്‍ച്ചടിച്ചു നോക്കി. പുഷ്യരാഗത്തിന്റെ നെക്ലെസ് മാല ഓവിനകത്ത് തങ്ങിക്കിടക്കുന്നു. നെക്ലെസ് കണ്ടുകിട്ടിയ വിവരം എല്ലാവരും പെട്ടെന്ന് അറിഞ്ഞു. ഓടിക്കൂടിയവര്‍ സന്തോഷഭരിതരായി കൃഷ്ണനാമം ജപിച്ചു. കീഴ്ശാന്തി ഓവില്‍നിന്നും നെക്ലെസ് യാതൊരു കേടുപാടും കൂടാതെ വളരെ സൂക്ഷിച്ചു പുറത്തെടുത്തു. അതിനുശേഷം എല്ലാവരേയും അത് കാണിച്ചുകൊടുത്തു. ദേവസ്വം മാനേജര്‍ പൂജാരിയെ വെള്ളം തളിച്ച് ഉണര്‍ത്തി എഴുന്നേല്‍പ്പിച്ചിരുത്തി നെക്ലെസ് കിട്ടിയ വിവരം അറിയിച്ചു.
പൂജാരി കുറച്ചു വെള്ളം കുടിച്ചു സാഷ്ടാംഗം നമസ്‌കരിച്ചിട്ട് ഭഗവാനോട് മനസ്സില്‍ ചോദിച്ചു.
”എന്തിനാ കണ്ണാ ഈ വയസ്സാം കാലത്ത് എന്നോടിങ്ങനെ ഒരു വികൃതി കാട്ടിയത്?”
”തിരുമേനിക്ക് ദര്‍ശനം നല്‍കുവാനും തിരുമേനിക്ക് ബുദ്ധിമുട്ടുണ്ടാകുന്ന ഒരു പ്രശ്‌നം അഭിമുഖീകരിക്കേണ്ടി വന്നാല്‍ ഞാന്‍ ഓടിയെത്തും എന്ന് എല്ലാവരെയും അറിയിക്കുവാനും കൂടി വേണ്ടിയായിരുന്നു” കണ്ണന്റെ ശബ്ദം പൂജാരിയുടെ മാത്രം കാതുകളില്‍ മുഴങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: