ലഖ്നോ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ കോട്ടയായി അറിയപ്പെടുന്ന റായ്ബറേലിയില്‍ മത്സരിക്കാന്‍ ധൈര്യമുണ്ടോ എന്ന പ്രിയങ്ക ഗാന്ധിയെ വെല്ലുവിളിച്ച് ബിജെപി സ്ഥാനാര്‍ത്ഥി അദിതി സിങ്ങ്.
സോണിയാഗാന്ധിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന അദിതി സിങ്ങ് 2017ല്‍ റായ്ബറേലിയില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച സിറ്റിംഗ് എംഎല്‍എയായിരുന്നു. എന്നാല്‍ ഈയിടെ അവര്‍ കോണ്‍ഗ്രസ് അംഗത്വവും എംഎല്‍എ സ്ഥാനവും രാജിവെച്ച് ബിജെപിയില്‍ ചേരുകയായിരുന്നു. വെള്ളിയാഴ്ച ബിജെപി പുറത്തുവിട്ട മൂന്നാം സ്ഥാനാര്‍ത്ഥിപട്ടികയില്‍ റായ്ബറേലിയില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥി അദിതി സിങ്ങാണ്. ശനിയാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് അദിതി സിങ്ങ് റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്ക ഗാന്ധിയെ വെല്ലുവിളിച്ചത്.
‘ഗാന്ധി കുടുംബത്തില്‍ നിന്നും ഒരാളും റായ്ബറേലി ഈയടുത്ത കാലത്തൊന്നും സന്ദര്‍ശിച്ചിട്ടില്ല. കോണ്‍ഗ്രസില്‍ നിന്നും ആരും ഇവിടെ വന്നിട്ടില്ല. എംപിയായ സോണിയാഗാന്ധിയാകട്ടെ തെരഞ്ഞെടുപ്പ് കാലത്ത് മാത്രമാണ് റായ്ബറേലി സന്ദര്‍ശിക്കുക. ഈ വരുന്ന തെരഞ്ഞെടുപ്പില്‍ റായ്ബറേലിയില്‍ നിന്നും മത്സരിക്കാന്‍ പ്രിയങ്ക ഗാന്ധിക്ക് ധൈര്യമുണ്ടോ?’- അദിതി സിങ്ങ് ചോദിച്ചു.
ഇനി ഏത് മുഖവുമായാണ് കോണ്‍ഗ്രസ് ഇവിടെ വോട്ട് ചോദിക്കാന്‍ വരുന്നത്? ആളുകള്‍ അങ്ങേയറ്റം കോപാകുലരാണ്. പ്രിയങ്ക ഗാന്ധി ഇവിടെ മത്സരിക്കാന്‍ എത്തിയാല്‍ ഞാന്‍ അങ്ങേയറ്റം സന്തുഷ്ടയായിരിക്കും,’- അദിതി സിങ്ങ് പറഞ്ഞു.
അഞ്ച് തവണ എംഎല്‍എയായ അഖിലേഷ് സിങ്ങിന്റെ മകളാണ് അദിതി സിങ്ങ്. എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം പല കുറി അദിതി സിങ്ങ് ബിജെപിയെ പി്ന്തുണയ്ക്കുകയും കോണ്‍ഗ്രസിനെ വിമര്‍ശിക്കുകയും ചെയ്തു. ഈയിടെ കേന്ദ്രസര്‍ക്കാര്‍ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിനെതുടര്‍ന്ന് പ്രിയങ്ക ഗാന്ധി നടത്തിയ പ്രതികരണത്തെ അദിതി സിങ്ങ് കഠിനമായി വിമര്‍ശിച്ചിരുന്നു. “കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കിയപ്പോള്‍ പ്രിയങ്ക അതിനെ വിമര്‍ശിച്ചു. ഇപ്പോള്‍ കാര്‍ഷികനിയമങ്ങള്‍ മോദി സര്‍ക്കാര്‍ പിന്‍വലിച്ചപ്പോഴും പ്രിയങ്ക അതിനെ വിമര്‍ശിക്കുന്നു. എന്തും രാഷ്ട്രീയവല്‍ക്കരിക്കുക മാത്രമാണ് ഇവരുടെ ലക്ഷ്യം,”- അദിതി സിങ്ങിന്റെ ഈ പ്രതികരണത്തിന് വലിയ മാധ്യമപ്രാധാന്യം ലഭിച്ചിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം വെറും രണ്ടു തവണ മാത്രം റായ്ബറേലി സന്ദര്‍ശിച്ചുവെന്നതിന്റെ പേരില്‍ സോണിയാ ഗാന്ധിയെയും അദിതി സിങ്ങ് വിമര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: