ഗാന്ധിനഗര്‍: സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിവര്‍ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ വരുന്നവരാണെങ്കില്‍ അവര്‍ക്ക് അനുവദിച്ചിരുന്ന സ്‌പെഷ്യല്‍ അവധി റദ്ദുചെയ്തു കൊണ്ടുള്ള പുതിയ ഉത്തരവ് ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്ക് വിനയാകുന്നു.
രോഗികളുമായി ഏറ്റവും കൂടുതല്‍ അടുത്തിടപെഴകുന്നവരാണ് ആരോഗ്യ പ്രവര്‍ത്തകര്‍, ഡോക്ടര്‍മാര്‍ നേഴ്‌സുമാര്‍ എന്നിവര്‍ കഴിഞ്ഞാല്‍ രോഗികളുമായി ഏറ്റവും കൂടുതല്‍ സമ്പര്‍ക്കം പുലര്‍ത്തുന്നതും ആശുപത്രിയിലെ ജീവനക്കാരാണ്. ഇവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും രോഗം പിടിപെടാവുന്ന അവസ്ഥയാണു നിലവിലുള്ളത്. ഇങ്ങനെയുള്ളവര്‍ക്ക് രോഗം പിടിപെട്ടാല്‍ പ്രത്യേക അവധി അനുവദിക്കുകയും നിരീക്ഷണത്തില്‍ കഴിയുകയും ചെയ്യാമായിരുന്നു.
എന്നാല്‍ പുതിയ ഉത്തരവു പ്രകാരം പ്രത്യേക അവധി റദ്ദുചെയ്‌തെന്നു മാത്രമല്ല കൊവിഡ് രോഗികളുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍ വരുന്ന ജീവനക്കാര്‍ അക്കാര്യം ഓഫീസില്‍ വെളിപ്പെടുത്തണമെന്നും സ്വയം നിരീക്ഷണം നടത്തുകയും സാമൂഹിക അകലം പാലിക്കുക തുടങ്ങിയുള്ള എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ച് കൃത്യമായി ഓഫീസില്‍ എത്തണമെന്നുമാണ്. മാത്രമല്ല ഏതെങ്കിലും രോഗലക്ഷണങ്ങളുണ്ടായാല്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം നടപടി സ്വീകരിക്കണമെന്നുമാണ് ഉത്തരവില്‍ പറയുന്നത്.
പ്രാഥമിക സമ്പര്‍ക്കത്തില്‍പെട്ട ജീവനക്കാരോട് ഓഫീസില്‍ എത്തണമെന്നു പറയുന്നതു തന്നെ രോഗവ്യാപനത്തിനു കാരണമാകും എന്നിരിക്കെയാണ് സര്‍ക്കാറിന്റെ തല തിരിഞ്ഞ പുതിയ ഉത്തരവിറങ്ങിയിരിക്കുന്നത്. ഇത് സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും രോഗം പടരുവാന്‍ കാരണമാകുമെന്നും സാമാന്യബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാകും. അതുകൊണ്ട് ഇത്തരം തലതിരിഞ്ഞ ഉത്തരവുകള്‍ റദ്ദാക്കണമെന്നും ആരോഗ്യരംഗത്തു പ്രവര്‍ത്തിക്കുന്ന ജീവനക്കാരെ ഇതില്‍ നിന്നും ഒഴിവാക്കണമെന്നുമുള്ള ആവശ്യവും ശക്തമാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: