കേരളത്തില്‍ മുണ്ടകന്‍ കൃഷി അവസാന ഘട്ടത്തിലേക്ക്. മുണ്ടകന്‍ എന്ന രണ്ടാം വിളകൃഷി ചെയ്യുന്നത് സെപ്റ്റംബര്‍ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ ജനുവരിവരെയുള്ള കാലയളവിലാണ്. കൃഷിയുടെ പ്രാരംഭ നടപടികള്‍ ആഗസ്റ്റ് മാസത്തില്‍ തന്നെ തുടങ്ങിയിരുന്നു.
രണ്ടാം വിളയില്‍ ഭൂരിപക്ഷവും നടീലാണ്. മുളപ്പിച്ച വിത്ത് നേരിട്ട് പാകി കൃഷിചെയ്യുന്നവരുമുണ്ട്. മഴയെമാത്രം ആശ്രയിച്ചു കൃഷി ചെയ്യുന്നവരില്‍ ഭൂരിപക്ഷവും വിതച്ചുപണിയെടുക്കുകയോ മൂപ്പ് കുറഞ്ഞവ നടുകയോ ചെയ്യുന്നു. പദ്ധതിപ്രദേശങ്ങളില്‍ അധികവും നടീലാണ് സ്വീകരിച്ചിരിക്കുന്നത്.
മുണ്ടകന്‍ കൃഷിയിലെ ഏറ്റവും പ്രധാന പ്രശ്‌നം പറ്റിയ വിത്ത് ആവശ്യത്തിനു കിട്ടാത്തതാണ്. നാടന്‍ വിത്തുകള്‍ കൃഷിചെയ്തിരുന്ന പഴയകാലത്ത് അതിനു മുമ്പുള്ള മുണ്ടകനില്‍ കൊയ്‌തെടുത്ത വിത്തുകളാണുപയോഗിച്ചിരുന്നത്. എന്നാല്‍ ഇവയുടെ കൃഷി കുറഞ്ഞതോടെ പുതിയ വിത്തുകളില്‍ മൂപ്പുകുറഞ്ഞവയുടെ മുളയ്‌ക്കാനുള്ള കഴിവ് വേഗത്തില്‍ നഷ്ടമാകുന്നതുകൊണ്ട് മുന്‍ കൊല്ലത്തെ മുണ്ടകന്റെ വിത്തുകള്‍ പറ്റാതെ വരുന്നു. മധ്യകാല ഇനങ്ങള്‍ക്ക് ഈ കുഴപ്പമില്ലെങ്കിലും കഴിയുന്നതും ഒഴിവാക്കുന്നതാണ് നല്ലത്. ഏപ്രില്‍ മേയ് മാസത്തില്‍ വിളവെടുത്ത പുഞ്ചകൃഷിയിലെ പുതിയ വിത്തുകളാണ് മുണ്ടകന് ഏറ്റവും അഭികാമ്യം. കീടങ്ങള്‍ ആക്രമിക്കില്ലെന്നാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
തുലാവര്‍ഷം പ്രതീക്ഷയ്‌ക്കൊത്തു കിട്ടിയില്ലെങ്കില്‍ മൂപ്പുകുറഞ്ഞ ഇനം കൃഷി ചെയ്യുന്നതാണുത്തമം. ഹ്രസ്വകാല ഇനങ്ങളായ ജ്യോതി, ത്രിവേണി, മട്ടത്രിവേണി, കൈരളി, കാഞ്ചന, കാര്‍ത്തിക, മകം എന്നിവയാണ് യോജിക്കുക. സാമാന്യമായി വെള്ളം കിട്ടുന്ന സ്ഥലങ്ങളില്‍ മഷൂരി, ഭാരതി, പവിഴം, ആരതി, ഐശ്വര്യ, രമ്യ, കനകം എന്നീ മധ്യകാല ഇനങ്ങളാകാം. വെള്ളം സുലഭമാണെങ്കില്‍ പിടിബി4, സി.ഒ. 25, നിള, രശ്മി എന്നീ മൂപ്പേറിയ ഇനങ്ങളുമാകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: