കൊച്ചി : നടിയെ ആക്രമിച്ച കേസില് അന്വേഷണത്തിന് കസ്റ്റഡി ആവശ്യമില്ലെന്ന് ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥനെ വകവരുത്താന് ഗൂഢാലോചന നടത്തിയെന്ന കേസില് നടന് ദിലീപ് ഉള്പ്പടെ ആറ് പ്രതികളുടെ മുന്കൂര് ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ ഈ പരാമര്ശം.
എന്നാല് ഒരാള് എവിടെയെങ്കിലും ഇരുന്ന് എന്തെങ്കിലും പറഞ്ഞാല് ഗൂഢാലോചന സ്വഭാവത്തിലേക്ക് വരുമോ എന്ന് കോടതി ചോദിച്ചു. കൂടാതെ കൃത്യം നടന്നാല് മാത്രമല്ലേ പ്രേരണ നല്കി എന്നത് കുറ്റകൃത്യമായി മാറുകയുള്ളൂ എന്നും കേസില് വാദം കേള്ക്കവേ ജസ്റ്റിസ് പി. ഗോപിനാഥ് ആരാഞ്ഞു. ഇതിനെ എതിര്ത്ത പ്രോസിക്യൂഷന് കേസില് കൃത്യമായ ഗൂഢാലോചന നടന്നതായി അറിയിച്ചു. അക്കാര്യം വ്യക്തമാക്കുന്ന രണ്ട് തെളിവുകള് കൂടി പ്രോസിക്യൂഷന് ലഭിച്ചിട്ടുണ്ട്. അത് ഇപ്പോള് പരസ്യമാക്കാനാകില്ലെന്നും കോടതിയില് വ്യക്തമാക്കി.
ദിലീപിനു പുറമേ സഹോദരന് അനൂപ്, സഹോദരീ ഭര്ത്താവ് ടി.എന്. സൂരജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ദിലീപിന്റെ സുഹൃത്ത് ആലുവ സ്വദേശി ശരത് എന്നിവരാണ് ഹൈക്കോടതിയില് മുന്കൂര് ജാമ്യം തേടിയിരിക്കുന്നത്. ലൈംഗികാതിക്രമത്തിനായി ക്വട്ടേഷന് നല്കിയതും അത് അന്വേഷിച്ച ഉദ്യോഗസ്ഥനെ വകവരുത്താന് ഗൂഢാലോചന നടത്തിയതും കേരള ചരിത്രത്തില് ആദ്യമാണെന്ന് പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടുന്നു. അതിനാല് ജാമ്യം അനുവദിക്കരുതെന്നും അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും എന്നാല് മാത്രമേ ഇതിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുവാന് സാധിക്കുകയുള്ളൂവെന്നുമാണ് ക്രൈംബ്രാഞ്ച് കോടതിയില് അറിയിച്ചിരിക്കുന്നത്.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന് ഗൂഢാലോചന നടത്തിയെന്ന കേസില് ദിലീപിനെതിരെ വധശ്രമത്തിനായുള്ള 302ാം വകുപ്പ് കൂടി കഴിഞ്ഞ ദിവസം ചേര്ത്തിരുന്നു. നേരത്തെ ഗൂഢാലോചന കുറ്റത്തിനുള്ള 120 ബി ആണ് ചുമത്തിയിരുന്നു. നേരത്തെ ചുമത്തിയ വകുപ്പുകളില് മാറ്റം വരുത്തി അന്വേഷണ ഉദ്യോഗസ്ഥന് കോടതിയില് റിപ്പോര്ട്ടും നല്കിയിരുന്നു. എന്നാല് ജാമ്യം അനുവദിച്ചാല് അന്വേഷണത്തെ ബാധിക്കുമോയെന്നും കോടതി സംശയം പ്രകടിപ്പിച്ചു. ഇതോടെ കോടതി നിരീക്ഷണത്തില് അന്വേഷണം നടത്തണമെന്നും പ്രോസിക്യൂഷന് ആവശ്യപ്പെട്ടിട്ടുണ്ട്.
തനിക്കെതിരെയുള്ള ആരോപണങ്ങള് കെട്ടിച്ചമച്ചതാണ്. ബൈജു പൗലോസിനെതിരെ പരാതി നല്കിയതിന്റെ പ്രതികാരമാണ് ഇതെന്നും ദിലീപിന് വേണ്ടി അഭിഭാഷകന് കോടതിയെ അറിയിച്ചു. ദീലിപിനെ അറസ്റ്റ് ചെയ്യുന്നതിന്റെ മുന് ദൃശ്യങ്ങള് കണ്ടപ്പോള് ആ പോലീസുകാര് അനുഭവിക്കുമെന്ന് പറഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥനെ ശപിക്കുകയാണ് ഉണ്ടായത്. അല്ലാതെ ഗൂഢാലോചന നടത്തിയിട്ടില്ല. ഒരാള് വീട്ടിലിരുന്ന് വെറുതെ പറയുന്നതൊന്നും ഗൂഢാലോചനയല്ലെന്നും കോടതിയില് പ്രതിഭാഗം അറിയിച്ചു.
കേസില് തനിക്കെതിരെ തെളിവില്ലാതെ കുറ്റം ചുമത്തുകയാണ് ഉണ്ടായത്. അന്വേഷണ ഉദ്യോഗസ്ഥര്ക്കെതിരെ ഗൂഢാലോചന നടത്തിയതിനും കൃത്യമായ തെളിവുകളില്ല. സംവിധായകന് ബാലചന്ദ്ര കുമാറിന്റെ സിനിമയില് നിന്നും പിന്മാറിയതോടെയാണ് അദ്ദേഹം ആരോപണങ്ങളുമായി രംഗത്ത് എത്തിയത്. മുന്കൂട്ടി ആസൂത്രണം ചെയ്ത പ്രകാരമാണ് ബാലചന്ദ്രകുമാര് അഭിമുഖം നല്കിയതെന്നും ദിലീപിന്റെ അഭിഭാഷകന് കോടതിയെ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: