അമ്പലപ്പുഴ: ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരില്‍ കൊവിഡ് വ്യാപനം രൂക്ഷം. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പ്രവര്‍ത്തനം താറുമാറാകുന്നു. ജീവനക്കാരില്‍ കോവിഡ് വ്യാപനം ഉയരുന്നതിനാല്‍ കാത്ത്‌ലാബ് തിങ്കളാഴ്ച മുതല്‍ അടച്ചിട്ടു. ഇന്നലെ 33 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കാത്ത്‌ലാബ് അടക്കുന്നതോടെ ആഞ്ചിയോഗ്രാം ആഞ്ചിയൊ പ്ലാസ്റ്റ് തുടങ്ങിയ ചികിത്സകള്‍ ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ നിര്‍ത്തിവെക്കും.
പിജി, മെഡിസിന്‍ വിദ്യാര്‍ത്ഥികള്‍ക്കും നഴ്‌സ്,അറ്റന്റര്‍മാരടക്കമുള്ളവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ ഡോക്ടര്‍മാരടക്കം 110 ഓളം ജീവനക്കാര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇന്നലെയും ആശുപത്രിയിലെത്തുന്ന രോഗികള്‍ കുറവായിരുന്നു. എന്നാല്‍ കൊവിഡ് വാര്‍ഡുകളായ 4 ലും 5ലുമായി 91 പേരാണ് ചികിത്സതേടിയിട്ടുള്ളത്. നിലവില്‍ രണ്ട് കോവിഡ് വാര്‍ഡുകളാണുള്ളത്. വേണ്ടിവന്നാല്‍ കൂടുതല്‍ വാര്‍ഡുകള്‍ ഇതിനായി സജ്ജീകരിക്കാനാണ് തീരുമാനം. അത്യാവശ്യ സര്‍ജ്ജറികള്‍ മാത്രമാണ് നിലവിലുള്ളത്. കഴിഞ്ഞ ദിവസം മുതല്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. കൂടാതെ ഒപി സമയം 11 വരെയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: