ജൊഹന്നസ്ബര്‍ഗ്: ഒരിക്കല്‍ പോലും വിജയത്തിനായുള്ള ആവേശം കാട്ടിയില്ല. രണ്ടാം ഏകദിനത്തില്‍ ഇന്ത്യയുടെ തോല്‍വിയില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യുക ഫീല്‍ഡിലെ മാനസികാവസ്ഥയെന്ന് തീര്‍ച്ച. ഭേദപ്പെട്ട സ്കോര്‍ കൈയിലുണ്ടായിട്ടും പൊരുതാന്‍പോലും ശ്രമിക്കാതെ കളി നഷ്ടപ്പെടുത്തിയ ഇന്ത്യയുടെ പ്രകടനം നിരാശ നല്‍കുന്നതാണ്. രണ്ടാം ഏകദിനത്തിലും തോറ്റതോടെ പരമ്പരയും നഷ്ടപ്പെട്ടു. തോല്‍വി ഏഴ് വിക്കറ്റിന്.
സ്കോര്‍: ഇന്ത്യ- 287-6, ദക്ഷിണാഫ്രിക്ക-288-3
മികച്ച തുടക്കമാണ് ഇന്ത്യക്ക് കിട്ടിയത്. ആദ്യ വിക്കറ്റില്‍ കെ.എല്‍. രാഹുലും ശിഖര്‍ ധവാനും 65 റണ്‍സ് നേടി. 29 റണ്‍സ് നേടിയ ശിഖര്‍ ധവാനെ മാര്‍ക്രം പുറത്താക്കുകയായിരുന്നു. പിന്നീട് വിരാട് കോഹ്ലി പൂജ്യത്തിന് പുറത്തായി. 64ന് രണ്ട് വിക്കറ്റ് എന്ന നലിയില്‍ പതറിയ ഇന്ത്യയെ രാഹുലും ഋഷഭ് പന്തും ചേര്‍ന്ന് മുന്നോട്ട് നയിച്ചു. അടിച്ചു തകര്‍ത്ത പന്ത് 71 പന്തില്‍ 85 റണ്‍സ് നേടി. രാഹുല്‍ 79 പന്തില്‍ 55 റണ്‍സ് നേടി. മധ്യനിരയില്‍ വീണ്ടും തകര്‍ച്ച നേരിട്ടത് ഇന്ത്യക്ക് തിരിച്ചടിയായി.
ശ്രേയസ് അയ്യര്‍ 11 റണ്‍സിനും വെങ്കിടേഷ് അയ്യര്‍ 22 റണ്‍സിനും പുറത്തായി. അവസാന ഓവറുകളില്‍ ശാര്‍ദുല്‍ താക്കൂര്‍ മികച്ച പ്രകടനം നടത്തിയതോടെയാണ് ഇന്ത്യന്‍ സ്കോര്‍ ഭേദപ്പെട്ട നിലയിലെത്തിയത്. താക്കൂര്‍ 40 റണ്‍സ് നേടി പുറത്താകാതെ നിന്നു. ആര്. അശ്വിന് 25 റണ്‍സ് നേടി. ദക്ഷിണാഫ്രിക്കയ്ക്കായി തബ്രെയ്സി ഷംസി രണ്ട് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങില്‍ ആദ്യ വിക്കറ്റില്‍ തന്നെ ദക്ഷിണാഫ്രിക്ക വിജയം ഉറപ്പിക്കുന്ന മികവാണ് നടത്തിയത്. ക്വിന്റണ്‍ ഡി കോക്കും, മലാനും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ നേടിയത് 132 റണ്‍സ്. 78 റണ്‍സ് നേടിയ ഡി കോക്കിനെ താക്കൂര്‍ പുറത്താക്കി. പിന്നീട് മലാനുമൊത്ത് ബാവുമ്മ ടീമിനെ മുന്നോട്ട് നയിച്ചു. മലാന് 91 റണ്‍സ് നേടി. ബാവുമ്മ 35 റണ്‍സ് എടുത്തു. എയ്ഡന്‍ മാര്‍ക്രമും റാസി വാന്‍ ഡര് ഡൂസനും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ വിജയിത്തിലെത്തിച്ചു. ഇന്ത്യന്‍ ബൗളര്‍മാര്‍ക്കാര്‍ക്കും മികച്ച പ്രകടനം നടത്താനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: