തൃശ്ശൂര്‍ : കുതിരാന്‍ തുരങ്കത്തിലെ ലൈറ്റുകളും സെന്‍സറും ക്യാമറകളും തകര്‍ത്ത് ടിപ്പര്‍ ലോറി. കുതിരാന്‍ ഒന്നാം തുരങ്കത്തിലാണ് സംഭവം. ടിപ്പറിന്റെ പിന്‍ഭാഗം ഉയര്‍ത്തി വച്ച് ഓടിച്ചാണ് നാശനഷ്ടം ഉണ്ടാക്കിയത്. 10 ലക്ഷം രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായതായി അധികൃതര്‍ പറഞ്ഞു.
ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. പാലക്കാട് – തൃശൂര്‍ തുരങ്കത്തിന്റെ ആദ്യ ഭാഗത്തെ ലൈറ്റുകളാണ് തകര്‍ന്നത്. പിന്‍ഭാഗം ഉയര്‍ത്തി ടിപ്പര്‍ ലോറി ഓടിച്ചതാണ് ലൈറ്റുകള്‍ തകരാന്‍ കാരണം. 104 ലൈറ്റുകളാണ് തകര്‍ന്നത്. ലൈറ്റുകള്‍ക്ക് പുറമേ ക്യാമറയും സെന്‍സറുകളും തകര്‍ന്നു. തുരങ്കത്തിന്റെ 90 മീറ്ററോളം ദൂരത്തില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്.
ലൈറ്റുകള്‍ തകര്‍ത്ത ശേഷം നിര്‍ത്താതെ പോയ ലോറിയ്ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. വാഹനം ലൈറ്റ് തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്നും ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.തകര്‍ന്ന ലൈറ്റുകളും മറ്റും വീണ്ടും സ്ഥാപിക്കാന്‍ സമയമെടുക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
മാസങ്ങള്‍ക്ക് മുന്‍പാണ് കുതിരാനില്‍ ഗതാഗതം അനുവദിച്ചത്. തുരങ്കത്തിലെ ലൈറ്റുകള്‍ തടസമില്ലാത്ത വാഹന ഗതാഗതത്തിന് സഹായിക്കുന്ന തരത്തില്‍ ഏറെ ആകര്‍ഷകമായിട്ടാണ് സജ്ജീകരിച്ചിരുന്നത്. ആരെങ്കിലും മനപ്പൂര്‍വ്വം ലൈറ്റുകള്‍ നശിപ്പിക്കാന്‍ വേണ്ടി ചെയ്തതാണോയെന്നും അന്വേഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: