അഞ്ച് സംസ്ഥാനങ്ങളിലേക്കു നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഉത്തര്‍പ്രദേശാണ് മാധ്യമ ചര്‍ച്ചകളില്‍ നിറയുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ നിയമസഭാംഗങ്ങളെ തെരഞ്ഞെടുക്കുന്ന ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് അധികാരത്തുടര്‍ച്ച ലഭിക്കുമോ എന്നതാണ് എല്ലാവര്ക്കും അറിയേണ്ടത്. ഇതിനോടകം പുറത്തുവന്ന അഭിപ്രായ സര്‍വേ ഫലങ്ങളെല്ലാം ബിജെപി സഖ്യം വീണ്ടും അധികാരത്തില്‍ വരുമെന്ന് പ്രവചിച്ചിട്ടുള്ളത് ചിലര്‍ക്ക് ഒട്ടും രസിച്ചിട്ടില്ല. പ്രതിപക്ഷമായ സമാജ്വാദി പാര്‍ട്ടി ഇക്കുറി അത്ഭുതം കാണിക്കുമെന്നും, അധികാരത്തില്‍ തിരിച്ചെത്തുമെന്നും പല മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും പ്രചരിപ്പിക്കുന്നു. കര്‍ഷക സമരക്കാരുടെ പ്രതിഷേധവും, സീറ്റ് ലഭിക്കില്ലെന്ന് ബോധ്യമായ ചില ബിജെപി എംഎല്‍എമാര്‍ സമാജ് വാദി പാര്‍ട്ടിയില്‍ ചേക്കേറിയതുമൊക്കെ രാഷ്ട്രീയമാറ്റത്തിനിടയാക്കുന്ന ഘടകങ്ങളായി ചിലര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പുകളിലും, അതിനിടയ്ക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി സഖ്യത്തിന് തിളങ്ങുന്ന വിജയമാണ് ഉത്തര്‍പ്രദേശ് ജനത സമ്മാനിച്ചത്. ഈ മൂന്നു തെരഞ്ഞെടുപ്പുകളിലും ബിജെപി തോല്‍ക്കുമെന്ന് പല മാധ്യമങ്ങളും പറഞ്ഞിരുന്നെങ്കിലും ഫലം വന്നപ്പോള്‍ മറിച്ചാവുകയും ചെയ്തു. ഇതിന്റെ തനിയാവര്‍ത്തനമായിരിക്കും ഇക്കുറിയും സംഭവിക്കുക. ആകെയുള്ള 403 സീറ്റിലും മത്സരിക്കുമെന്ന ബിജെപിയുടെ പ്രഖ്യാപനം ആത്മവിശ്വാസത്തിന്റെ പ്രകടനമാണ്. കോണ്‍ഗ്രസ്സ് ക്യാമ്പില്‍ തീരെ ആവേശമില്ല. സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെങ്കിലും വോട്ട് ബിജെപിക്കെതിരെ മറിച്ചു നല്‍കാനാണ് സാധ്യത.
യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ കാലാവധിപൂര്‍ത്തിയാക്കുന്ന ബിജെപി സര്‍ക്കാര്‍ അഭൂതപൂര്‍വമായ വികസന പ്രവര്‍ത്തനങ്ങളാണ് ഉത്തര്‍പ്രദേശില്‍ നടപ്പാക്കിയത്. അവിടം സന്ദര്‍ശിക്കുന്ന ആര്‍ക്കും ഇത് ബോധ്യമാവും. രാഷ്ട്രീയ പാര്‍ട്ടികളുടെയും ഭരണത്തിന്റെയും പിന്‍ബലത്തില്‍ അരങ്ങുവാണിരുന്ന മാഫിയാ രാജില്‍ നിന്ന് സമൂഹത്തെ മോചിപ്പിക്കാന്‍ യോഗി സര്‍ക്കാരിന് കഴിഞ്ഞു. ഗുണ്ടകളെ നിഷ്കരുണം അടിച്ചമര്‍ത്തി ജനങ്ങളുടെ സൈ്വര ജീവിതം ഉറപ്പുവരുത്തി. ഒറ്റപ്പെട്ട ചില അക്രമങ്ങളെ സാമാന്യവല്‍ക്കരിച്ചും പെരുപ്പിച്ചു കാണിച്ചും ഉത്തര്‍പ്രദേശ് പഴയതുപോലെയാണെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍ വിജയിച്ചില്ലെന്ന് ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപി നേടിയ വിജയങ്ങള്‍ തെളിയിച്ചു. ഇരുപത് കോടിയിലേറെ ജനസംഖ്യയുള്ള ഏറ്റവും വലിയ സംസ്ഥാനമായിരുന്നിട്ടും കൊവിഡ് പ്രതിരോധവും വാക്സിനേഷനുമൊക്കെ വിജയകരമായാണ് യോഗി സര്‍ക്കാര്‍ മുന്നോട്ടുകൊണ്ടുപോയത്. ഇതിലൊക്കെ നിരാശപ്പെട്ട് അധികാരക്കൊതി പൂണ്ട പ്രതിപക്ഷം സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിന് അച്ചടക്ക നടപടി നേരിട്ട ഡോ. കഫീല്‍ ഖാനെ കേരളത്തില്‍ കൊണ്ടുവന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും യോഗിക്കുമെതിരെ പുലഭ്യം പറയിപ്പിച്ചതും ഇതിന്റെ ഭാഗമാണ്. മാധ്യമ പ്രവര്ത്തകന് ചമയുന്ന മലയാളിയായ ഭീകരന് സിദ്ദിഖ് കാപ്പനെ യോഗി സര്‍ക്കാര്‍ അഴിക്കുള്ളിലാക്കിയതില്‍ പ്രതിഷേധിക്കുന്നവരാണ് കഫീല്‍ ഖാനെ എഴുന്നള്ളിച്ചു കൊണ്ടുവന്നത്.
ഉത്തര്‍പ്രദേശിനു പുറമെ ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂര്‍, ഗോവ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ നാലിടത്തും ബിജെപിക്ക് അധികാരത്തുടര്‍ച്ച ലഭിക്കുമെന്നും, പഞ്ചാബില്‍ തൂക്കുസഭയായിരിക്കുമെന്നുമുള്ള പ്രവചനങ്ങള്‍ പ്രതിപക്ഷത്തിന്റെ ഉറക്കം കെടുത്തുകയാണ്. ബിജെപി വിജയം ആവര്‍ത്തിച്ചാല്‍ മോദി സര്‍ക്കാരിനെതിരെ നടത്തിക്കൊണ്ടിരിക്കുന്ന കുപ്രചാരണങ്ങള്‍ ഒരിക്കല്‍ക്കൂടി പൊളിയും. ബിജെപി വിജയക്കൊടി പാറിച്ച തെരഞ്ഞെടുപ്പുകളിലൊക്കെ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ്സിന് ദയനീയ തോല്‍വിയാണ് സംഭവിച്ചത്. പ്രിയങ്ക വാദ്രയുടെ നേതൃത്വത്തില്‍ ഇക്കുറി ഇതിന് മാറ്റം വരുമെന്ന് കൊട്ടിഘോഷിച്ചവര്‍ ഇപ്പോള്‍ നിശ്ശബ്ദരാണ്. കോണ്‍ഗ്രസ്സിന് ഒരു ചലനവുമുണ്ടാക്കാന്‍ കഴിയില്ലെന്ന് അഭിപ്രായസര്‍വ്വേകള്‍ പ്രവചിച്ചതിനെ തുടര്‍ന്ന് നെഹ്റു കുടുംബക്കാര് പ്രചാരണത്തില്‍ നിന്ന് പിന്വാങ്ങിയതുപോലെയാണ്. കോണ്‍ഗ്രസ്സുമായി ഒരു വിധത്തിലുള്ള സഖ്യവുമില്ലെന്ന് മറ്റു പാര്‍ട്ടികള്‍ വ്യക്തമാക്കിയതോടെ കുടുംബവാഴ്ചക്കാര്‍ ഒറ്റപ്പെട്ടിരിക്കുന്നു. ബിജെപി സഖ്യമാകട്ടെ കേന്ദ്രമന്ത്രിയായ അനുപ്രിയ പട്ടേലിന്റെ അപ്നാദളിനെയും, സഞ്ജയ് നിഷാദിന്റെ നിഷാദ് പാര്‍ട്ടിയെയും ഒപ്പം നിര്‍ത്തി പൂര്‍ണ ഐക്യത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കിഴക്കന്‍ യുപിയില്‍ പിന്നാക്ക ജനവിഭാഗങ്ങള്‍ക്കിടയില്‍ ഈ പാര്‍ട്ടികള്‍ക്ക് വലിയ സ്വാധീനമുണ്ട്. സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ സഹോദര ഭാര്യയായ അപര്‍ണ ബിജെപിയിലെത്തിയതോടെ കാറ്റിന്റെ ദിശ വ്യക്തമായി. ശക്തമായ പോരാട്ടത്തിനായിരിക്കും ഉത്തര്‍പ്രദേശ് വേദിയാവുക. ഒരിക്കല്‍ക്കൂടി ഈ സംസ്ഥാനത്ത് അധികാരത്തിലേറിയാല്‍, അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലെ ബിജെപി വിജയത്തിന്റെ കേളികൊട്ടായിരിക്കും മുഴങ്ങുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: