ന്യൂദല്‍ഹി: അനധികൃത മണല്‍ ഖനനത്തിന്റെ പേരില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ്ങ് ഛന്നിയുടെ മരുമകന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 10 കോടി രൂപ പിടിച്ചു. ചരണ്‍ജിത് സിങ്ങ് ഛന്നിയുടെ മരുമകന്‍ ഭൂപീന്ദര്‍ സിങ്ങ് ഹണിയുടെ വീട്ടില്‍ നിന്നാണ് 10 കോടി രൂപയും 21 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണവും 12 ലക്ഷം രൂപയുടെ റോളക്‌സ് വാച്ചും പിടിച്ചത്.
കള്ളപ്പണം വെളുപ്പിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഇഡി റെയ്ഡ്. ഭൂപീന്ദര്‍ സിങ്ങ് ഹണിയുടെ മൊഹാലിയിലെ ഹോംലാന്‍റ് ഹൈറ്റ്‌സ് സൊസൈറ്റി വീട്ടില്‍ റെയ്ഡ് നടന്നു. ഇവിടെ നിന്നും മണല്‍ ഖനനബിസിനസ്സുമായി ബന്ധപ്പെട്ട അനധികൃത രേഖകള്‍, ഭൂമി ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍, മൊബൈല്‍ ഫോണുകള്‍, 10 കോടിയുടെ പണം, 21ലക്ഷത്തിന്റെ സ്വര്‍ണ്ണം, 12 ലക്ഷം രൂപയുടെ റോളക്‌സ് വാച്ച് എന്നിവ കണ്ടെടുത്തതായി ഇഡി അറിയിച്ചു.
മൊഹാലി, ലുധിയാന, രൂപ്‌നഗര്‍, ഫത്തേഗര്‍ സാഹിബ്, പത്താന്‍കോട്ട് എന്നിങ്ങനെ ഒരു ഡസനിലധികം പ്രദേശങ്ങളിലെ ഓഫീസുകളിലും വീടുകളിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. പിഞ്‌ജോര്‍ റോയല്‍റ്റി കമ്പനിയുടെ ഉടമ കുദ്രത്ദീപ് സിങ്ങ്, അദ്ദേഹത്തിന്റെ ബിസിനസ് പങ്കാളികളായ കന്‍വാര്‍മഹിപ് സിങ്ങ്, മന്‍പ്രീത് സിങ്ങ്, സുനില്‍ കുമാര്‍ ജോഷി, ജഗ് വീര്‍ ഇന്ദര്‍സിങ്ങ് എന്നിവരുടെ ഇടങ്ങളിലും ഓഫീസുകളിലും റെയ്ഡ് നടന്നു. പ്രൊവൈഡേഴ്‌സ് ഓവര്‍സീസ് കണ്‍സള്‍ട്ടന്‍റ് ഉടമ രണ്‍ദീപ് സിങ്ങ്, ചരണ്‍ജിത് സിങ്ങ് ഛന്നിയുടെ മരുമകന്‍ ഭൂപീന്ദര്‍ സിങ്ങ്, സന്ദീപ് കുമാര്‍ എന്നിവരുടെ സ്ഥാപനങ്ങളിലും റെയ്ഡ നടന്നു.
അനധികൃത മണല്‍ ഖനനവുമായി ബന്ധപ്പെട്ട് പൊലീസ്, മൈനിങ്ങ് വകുപ്പുദ്യോഗസ്ഥര്‍, സിവില്‍ ഭരണഉദ്യോഗസ്ഥര്‍ എന്നിവര്‍ നടത്തിയ പരിശോധനയില്‍ ഒട്ടേറെ തെളിവുകള്‍ കണ്ടെത്തിയിരുന്നു. നിയമപരമായി അനുവാദം ലഭിച്ചതിനപ്പുറമുള്ള പ്രദേശങ്ങളിലും മണല്‍ ഖനനം നടത്തിയിരുന്നു. ഇവിടെ നിന്നും നിരവധി ട്രക്കുകള്‍, ജെസിബി മെഷീനുകള്‍, പോഴ്‌സലൈന്‍ മെഷീനുകള്‍ എന്നിവ പിടിച്ചെടുത്തിരുന്നു.
നേരത്തെ മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങ് അനധികൃത മണല്‍ ഖനനം സംബന്ധിച്ച് പരാതി ഉന്നയിച്ചിരുന്നു. സംസ്ഥാനകോണ്‍ഗ്രസിലെ പല നേതാക്കള്‍ക്കും അനധികൃത മണല്‍ ഖനനം ഉള്ളതായി അദ്ദേഹം ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: