തലയോലപ്പറമ്പ് : കുലശേഖരമംഗലം കൊടൂപ്പാടത്ത് ദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മറവൻതുരുത്ത് പഞ്ചായത്ത് 14-ാം വാർഡിൽ എട്ടുപറയിൽ വീട്ടിൽ പരേതനായ പ്രകാശന്റെ മകൻ ശ്യാം പ്രകാശ് (24), ഭാര്യ അരുണിമ (19) എന്നിവരെയാണ് വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ശ്യാം പ്രകാശ് പെയ്ന്റിങ് തൊഴിലാളിയാണ്. പ്ലസ് വൺ വിദ്യാത്ഥിയായ സഹോദരൻ ശരത്ത് പ്രകാശും തൊഴിലുറപ്പ് തൊഴിലാളിയായ അമ്മ ലാലിയും വീട്ടിലില്ലാതിരുന്ന സമയമായിരുന്നു സംഭവം. ക്ലാസ് കഴിഞ്ഞ് വൈകിട്ട് 3 മണിയോടെ വീട്ടിലെത്തിയ ശരത്ത് ആണ് ആദ്യം തൂങ്ങിയ നിലയിൽ ഇരുവരെയും കണ്ടത്. ഉടനെ ബഹളം വെച്ചതിനെ തുടർന്ന് അയൽവാസികൾ ഓടി കൂടി വാതിൽ ചവിട്ടി തുറന്ന് അകത്തു കടന്നുവെങ്കിലും ഇരുവരും മരിച്ചിരുന്നു.
വൈക്കം എസ് ഐ അജ്മലിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പ്രണയത്തിലായിരുന്ന ഇവരുടെ വിവാഹം 6 മാസം മുൻപാണ് നടന്നത്. കഴിഞ്ഞ ദിവസം ശ്യാം പ്രകാശ് സമീപത്തുള്ള അമ്മാവന്റെ വീട്ടിലെത്തി യാത്ര പോകുവാൻ കാർ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ലഹരി ഉപയോഗിച്ചിരുന്നതിനാൽ നൽകിയിരുന്നില്ല. ഇതിൽ ക്ഷുഭിതനായ ശ്യാം പോർച്ചിലുണ്ടായിരുന്ന കോടാലി ഉപയോഗിച്ച് കാർ അടിച്ച് തകർക്കുകയായിരുന്നു. ഇത് കണ്ട കുഴഞ്ഞ് വീണ അമ്മാവൻ ഇപ്പോഴും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ചൊവ്വാഴ്ച ഇത് സംബന്ധിച്ച് പോലീസ് കേസ് എടുത്തിരുന്നു. ഇതേ തുടർന്നാകാം ദമ്പതികളെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: