ആലപ്പുഴ: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് ശേഷം ആലപ്പുഴ ബൈപ്പാസ് യാഥാര്‍ത്ഥ്യമായിട്ട് ഒരു വര്‍ഷം തികയാന്‍ ഇനി ഒരാഴ്ച മാത്രം. 2021 ജനുവരി 28നായിരുന്നു ബൈപ്പാസ് ഉദ്ഘാടനം. എന്നാല്‍ ബൈപ്പാസില്‍ ചോരയുണങ്ങുന്നില്ല. ഒരു വര്‍ഷത്തിനിടെ ഒരു ഡസിനിലേറെ അപകടങ്ങളാണ് സംഭവിച്ചത്. എട്ടു പേര് മരിച്ചു.മുപ്പതിലേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ഈ പരമ്പരയിലെ അവസാനത്തെ അപകടമാണ് ചൊവ്വാഴ്ച രാത്രി 11നുണ്ടായത്. ആലപ്പുഴ സ്വദേശിയായ യുവാവ് മരിച്ചു. പഴവീട് മാപ്പിളശേരിയില്‍ ജോ എബ്രഹാം(25)ആണ് മരിച്ചത്. പട്ടണക്കാട് പബ്ളിക് സ്കൂള്‍ അദ്ധ്യപകനായ സജീവ് ജോസഫിന്റെയും, മിനിയുടെയും മകനായ ജോ ലോജിസ്റ്റിക് കമ്പനി ജീവനക്കാരനായിരുന്നു. ജോലി സ്ഥലത്ത് നിന്ന് വീട്ടിലേക്ക് കാറില്‍ മടങ്ങുമ്പോള്‍ എതിരെ വന്ന കവചിത മിനിലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. സഹോദരി: മിനി.
കഴിഞ്ഞ വര്‍ഷം ജനുവരി 28ന് ബൈപാസ് ഉദ്ഘാടനം ചെയ്ത ദിവസം കാറുകള്‍ കൂട്ടിയിടിച്ച് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആറു പേര്‍ക്കാണ് പരിക്കേറ്റത്. പിറ്റേന്ന് പുലര്‍ച്ചെ നാലിന് തടി കയറ്റിവന്ന ലോറി കൊമ്മാടിയിലെ ടോള്‍ പ്ലാസയില്‍ ഇടിച്ചു കയറി ബൂത്ത് തകര്‍ന്നു. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ചെറുതും വലുതുമായ 5 അപകടങ്ങളില്‍ 12 പേര്‍ക്ക് പരിക്കേറ്റു. മാര്‍ച്ച് 29ന് രാത്രി കളര്‍കോട് ബൈപാസില്‍ ബൈക്കില്‍ അജ്ഞാത വാഹനം ഇടിച്ച് സെക്രട്ടേറിയറ്റിലെ അണ്ടര്‍ സെക്രട്ടറി നീര്‍ക്കുന്നം സ്വദേശി ജി.സുധീഷ് (48) മരിച്ചു. ഏപ്രില്‍ ഒന്നിന് മാളികമുക്ക് മേല്പാലത്തില് കാറും മിനിലോറിയും കൂട്ടിയിടിച്ച് കാര്‍ ഓടിച്ച കളപ്പുര സ്വദേശി ആഷ്ലിന് ആന്റണി (26) മരിച്ചു. സുഹൃത്ത് ജിഷ്ണുവിനു (26) പരിക്കേറ്റു.
ആഗസ്ത് 10ന് ഇരവുകാട് ഭാഗത്ത് ബൈപാസിലേക്ക് കയറുന്ന ഭാഗത്ത് കാര്‍ കോണ്‍ക്രീറ്റ് കുറ്റികളില്‍ ഇടിച്ചു മറിഞ്ഞു ഡീസല്‍ ഒഴുകിയതിനുമേല്‍ ബൈക്കും മറിഞ്ഞു. 5 പേര്‍ക്ക് പരിക്കേറ്റു. അതേ മാസം 31ന് രാവിലെ കാഞ്ഞിരംചിറ ലെവല്‍ക്രോസിന് മുകളില്‍ കാറുകള്‍ കൂട്ടിയിടിച്ച് മരട് സ്വദേശി സുനില്‍കുമാറും (40), ചെല്ലാനം സ്വദേശി ബാബുവും (40) മരിച്ചു. മറ്റൊരാളും മരിച്ചു. നവംബര്‍ 15ന് വൈകിട്ട് നാലിന് ബൈപാസില്‍ കൊമ്മാടി സിഗ്നലിനു സമീപം മിനി ലോറി ഇടിച്ച് മംഗലം പനയ്ക്കല്‍ മേഴ്സി നെല്‍സണ്‍ (50) മരിച്ചു. ഡിസംബര്‍ 2ന് പുലര്‍ച്ചെ 4ന് കാഞ്ഞിരംചിറ ലവല്‍ ക്രോസിനു മുകളില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് അഞ്ചപ പേര്‍ക്ക് പരിക്കേറ്റു. ഡിസംബര്‍ 9നു രാത്രി 12.30നു മേല്പാലത്തില് കുതിരപ്പന്തിക്കു സമീപം 2 ബൈക്കുകള്‍ കൂട്ടിയിടിച്ച് മണ്ണഞ്ചേരി കുപ്പേഴത്ത് പുത്തന്‍പുരയില്‍ വാടകയ്ക്ക് താമസിക്കുന്ന പള്ളിപ്പറമ്പ് വീട്ടില്‍ ഷിഫ്നാസ് (22) മരിച്ചു. ഒപ്പം ഉണ്ടായിരുന്ന സഹോദരന് ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് പരുക്കേറ്റു.
ബൈപാസില്‍ അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആര്‍ടിഒയുടെ നിര്‍ദേശപ്രകാരം, വിവിധ വകുപ്പുകളുടെയും ബൈപാസ് നിര്മാണക്കമ്പനിയുടെയും സഹകരണത്തോടെ ടൗണ്‍ എന്‍ഫോഴ്സ്മെന്റ് നടത്തിയ പഠനത്തിലെ റിപ്പോര്‍ട്ടിലുള്ള നിര്‍ദേശങ്ങള്‍ ഫയലില്‍ ഉറങ്ങുകയാണ്. അമിത വേഗതയാണ് അപകടങ്ങള്‍ക്ക് പ്രധാന കാരണം. രക്ഷാപ്രവര്‍ത്തനം വൈകുന്നതും പ്രതിസന്ധിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: