ഒരുകാലത്ത് നന്മയുടെയും പരസ്പര സ്‌നേഹത്തിന്റെയും സര്‍ഗാത്മകതയുടെയും വിളനിലങ്ങളായിരുന്നു കലാലയങ്ങള്‍. വ്യക്തിത്വവും സാമൂഹ്യബോധവും ജ്ഞാനതൃഷ്ണയും രൂപപ്പെടേണ്ട കലാലയങ്ങള്‍ വീണ്ടും ഹിംസാത്മകമാകുകയാണ്. എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന അഭിമന്യുവിന്റെ അരുംകൊലയോടെ നിയന്ത്രണവിധേയമെന്ന് കരുതിയ അക്രമരാഷ്‌ട്രീയത്തിന്റെ അനുരണനങ്ങളുടെ തുടര്‍ച്ചയാണ് ഇടുക്കി പൈനാവ് ഗവ. എഞ്ചിനീയറിങ്ങ് കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനായ ധീരജ് രാജേന്ദ്രന്‍ കുത്തേറ്റ് മരിച്ച സംഭവം.
പാര്‍ട്ടിക്കും വിദ്യാര്‍ത്ഥി സംഘടനയ്‌ക്കും ഒരു രക്തസാക്ഷിയെക്കൂടി കിട്ടി. പക്ഷെ നഷ്ടം മുഴുവന്‍ ആ കുടുംബത്തിനാണ്. രാഷ്‌ട്രീയപാര്‍ട്ടികളുടെയും നേതാക്കളുടെയും സ്വാര്‍ത്ഥനേട്ടങ്ങള്‍ക്ക് വേണ്ടി വെട്ടിമരിക്കാനുള്ള ചാവേറുകളായി വിദ്യാര്‍ത്ഥികള്‍ മാറരുത്. സംഘര്‍ഷങ്ങളിലും സംഘട്ടനങ്ങളിലും പലരും നിര്‍ഭാഗ്യംകൊണ്ട് പെട്ട് പോകുന്നതാണ്. ചിലരെ കരുക്കളാക്കുന്നുമുണ്ടാകാം. എങ്ങിനെയായാലും കേസിലാക്കപ്പെടുകയും ജയിലിലാകുകയും ചെയ്താല്‍ ഭാവി ജീവിതം ഇരുളടഞ്ഞതാകും. ചിലര്‍ ജീവിക്കുന്ന രക്തസാക്ഷികളാകും. കലാലയജീവിതം കേരളത്തില്‍ ഒട്ടേറെ കുടുംബങ്ങള്‍ക്ക് ഇതിനോടകം തോരാക്കണ്ണീര്‍ നല്‍കിക്കഴിഞ്ഞു. കലാലയ സംഘട്ടനങ്ങളില്‍ രക്തസാക്ഷികളായവരുടെയും ജീവിതം തകര്‍ന്നവരുടെയും അനുഭവങ്ങള്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പാഠമായി മാറണം.
രാജ്യത്തെ ജനാധിപത്യസംവിധാനവുമായി പരിചയിക്കാനും നല്ല ഭരണകര്‍ത്താക്കളായി മാറാനും വിദ്യാര്‍ത്ഥികളെ സഹായിക്കുമെന്ന ചിന്തയാണ് കലാലയ രാഷ്‌ട്രീയത്തെയും സംഘടനാ പ്രവര്‍ത്തനങ്ങളെയും ക്രിയാത്മകമായി സമീപിക്കാന്‍ പക്വമതികളെ പ്രേരിപ്പിച്ചത്. വിദ്യാര്‍ത്ഥി രാഷ്‌ട്രീയത്തിലൂടെ വളര്‍ന്ന് പലരും പാര്‍ട്ടികളുടെ തലപ്പത്തും ഭരണസിരാകേന്ദ്രങ്ങളിലും എത്തിച്ചേര്‍ന്നു. എന്നാല്‍ വിദ്യാര്‍ത്ഥി രാഷ്‌ട്രീയത്തിലെ അപഭ്രംശങ്ങള്‍ കലാലയത്തില്‍ ചോര വീഴ്‌ത്തുന്ന തലത്തിലുള്ള അപചയത്തിലേക്ക് നീങ്ങി. അക്രമത്തിലേക്കും അരാജകത്വത്തിലേക്കും അത് വഴിമാറി. തല്ലുകയും കൊല്ലുകയും ചെയ്യുന്ന രൗദ്രഭാവങ്ങളിലൂടെ കലാലയ രാഷ്‌ട്രീയം നീങ്ങിയപ്പോള്‍ കേരള ഹൈക്കോടതി വിദ്യാര്‍ത്ഥി രാഷ്‌ട്രീയത്തിന് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
വിദ്യാര്‍ത്ഥി സംഘടനകളുടെ യോഗങ്ങള്‍, സമരം, ധര്‍ണ, പ്രകടനം, ഘരാവോ എന്നിവ കോടതി വിലക്കി. ‘വിദ്യാഭ്യാസം മൗലികാവകാശം, അതിന് തടസ്സമാകുന്നതെന്തും ഭരണഘടനാവിരുദ്ധം” എന്ന കാഴ്ചപ്പാടിലൂന്നിയായിരുന്നു വിധി. വിദ്യാര്‍ത്ഥികള്‍ക്ക് രാഷ്ട്രീയ വിഷയങ്ങളില്‍ ശബ്ദമുയര്‍ത്താനും പരാതികള്‍ക്ക് പരിഹാരം തേടാനും വിധി തടസ്സമായിരുന്നില്ല. ഈ വിധിയുടെ പശ്ചാത്തലത്തില്‍ അക്രമ രാഷ്ട്രീയത്തിന് തെല്ല് ശമനം വന്നിരുന്നു.
കലാലയങ്ങളിലെ രാഷ്‌ട്രീയം പുറത്തെ കക്ഷിരാഷ്‌ട്രീയത്തിന്റെ പകര്‍പ്പോ അനുകരണമോ പൂരകമോ ആകുന്നതാണ് കലാലയ സംഘര്‍ഷത്തിന് കാരണം. വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി സംഘടനാപ്രവര്‍ത്തനം നടത്തുന്നത് സ്വാഭാവികവും പ്രസക്തവുമാണ്. അക്കാര്യത്തില്‍ സംവാദമാകാം. ജനാധിപത്യത്തിന്റെ കാതലാണ് സംവാദം. എന്നാല്‍ പൊതുരാഷ്‌ട്രീയത്തിലെ കക്ഷികളുടെ പോഷക സംഘടനകള്‍ എന്നുവരുന്നതും അതിന്റെ ഭാഗമായ സംഘര്‍ഷവും മുതലെടുപ്പും പുതിയ തലമുറയുടെ കുതികാല്‍ വെട്ടുന്നതിന് സമമാണ്. രാഷ്‌ട്രീയപാര്‍ട്ടികള്‍ അവരുടെ രക്തസാക്ഷികളെ സൃഷ്ടിക്കാനുള്ള ചാവേര്‍ നിലങ്ങളായി കലാലയത്തെ മാറ്റരുത്.
പഠനത്തിന് പുറമേ വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മകവേദിയാകണം കലാലയങ്ങള്‍. കലാലയത്തില്‍ അക്രമവും പുറമേ നിന്നുള്ളവരുടെ ഇടപെടലും ഉണ്ടാകരുത്. കത്തിമുനയിലെ ചോരക്കറ കൊണ്ടല്ല, മറിച്ച് മാതൃകാപരവും നവീനവും ബൗദ്ധികവുമായ പ്രവര്‍ത്തനങ്ങളിലൂടെ വിദ്യാര്‍ത്ഥിസംഘടനകള്‍ മറ്റുള്ളവരുടെ മനസ്സില്‍ ചേക്കേറണം. മനുഷ്യത്വത്തിന്റെ സഹിഷ്ണുതയുടെ സഹജാവബോധത്തിന്റെ പാഠങ്ങള്‍ പഠിക്കുക; പകര്‍ന്നു നല്‍കുക. അതാകണം കലാലയ രാഷ്‌ട്രീയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക