ന്യൂദല്‍ഹി: 2005ല്‍ കോണ്‍ഗ്രസ് ഭരണകാലത്ത് രൂപീകരിച്ച് ദേവാസ് എന്ന കമ്പനി അടച്ചുപൂട്ടണമെന്ന ദേശീയ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണിലിന്റെ തീരുമാനം ശരിവെച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയിലൂടെ കോണ്‍ഗ്രസിന്റെ അഴിമതി വെളിച്ചത്തായെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.
ഇതോടെ മുന്‍ യുപിഎ സര്‍ക്കാര്‍ രാജ്യത്തോടും ജനങ്ങളോടും കാട്ടി വഞ്ചന ഒന്നുകൂടി ബോധ്യപ്പെട്ടിരിക്കുകയാണെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. വിവാദമായ ആന്‍ട്രിക്‌സ്-ദേവാസ് ഇടപാടിന്റെ തുടക്കം മുതല്‍ ഒടുക്കം വരെയുള്ള കാര്യങ്ങളില്‍ നടന്ന തട്ടിപ്പ് കോണ്‍ഗ്രസ് വിശദീകരിക്കണമെന്ന് അവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 2005ലെ ആൻട്രിക്‌സ്-ദേവാസ് ഇടപാട് കോൺഗ്രസിന്റെ അധികാര ദുർവിനിയോഗത്തിന്റെ തെളിവാണെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.
ഇന്ത്യയില്‍ ഇതുപോലൊരു വഞ്ചന നടത്തി ആരും രക്ഷപ്പെടരുതെന്ന് അഭിപ്രായപ്പെട്ടാണ് സുപ്രീംകോടതി ദേശീയ ലോ അപ്പലേറ്റ് ട്രിബ്യൂണലിന്റെ ഉത്തരവ് ശരിവെച്ചത്. ഉപഗ്രഹങ്ങളും സ്‌പെക്ട്രവും മറ്റും സ്വകാര്യകമ്പനികള്‍ക്ക് വിറ്റ് പണമുണ്ടാക്കുന്നത് കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ പ്രവര്‍ത്തനരീതിയാണ്. കരാര്‍ റദ്ദാക്കിയത് യുപിഎ സര്‍ക്കാര്‍ തന്നെയാണെങ്കിലും തുടര്‍നടപടികളെടുത്തതും ദേവാസിനെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് തീരുമാനിച്ചതും പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്- ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
2021-ൽ, കമ്പനി ആക്‌ട് പ്രകാരം ദേവാസിനെതിരെ “വൈൻഡിംഗ് അപ്പ് പെറ്റീഷൻ” (കമ്പനി അടച്ചുപൂട്ടാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള പരാതി) ആരംഭിക്കാൻ മോദി സർക്കാർ ആൻട്രിക്‌സിന് നിർദ്ദേശം നൽകി. ദേവാസ് മൾട്ടിമീഡിയയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള ഉത്തരവ് നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണൽ ആദ്യം ശരിവച്ചു. ഇപ്പോള്‍ ചൊവ്വാഴ്ച സുപ്രീം കോടതി ഉത്തരവ് ശരിവച്ചു.
രണ്ടാം യുപിഎ സര്‍ക്കാരിന്റെ അവസാനകാലത്ത് കോളിളക്കമുണ്ടാക്കിയ കുംഭകോണങ്ങളിലൊന്നാണ് ആന്‍ട്രിക്‌സ്-ദേവാസ് ഇടപാട്. ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷന്റെ (ഐഎസ്ആർഒ) വാണിജ്യ വിഭാഗമായ ആൻട്രിക്‌സും ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പായ ദേവാസ് മൾട്ടിമീഡിയയും തമ്മിൽ 2005-ൽ നടന്ന കരാറാണ് തട്ടിപ്പിനാധാരം. അബദ്ധം കണ്ടുപിടിക്കപ്പെട്ടപ്പോള്‍ 2011ല്‍ മന്‍മോഹന്‍സിങ്ങ് സര്‍ക്കാര്‍ ഈ കരാർ റദ്ദാക്കി. മോദി സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം പിന്നീട് ആന്‍ട്രിക്സ് ദേശീയ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിച്ചു. വാദം കേട്ട ദേശീയ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണല്‍ ദേവാസ് അഴിമതിക്കുവേണ്ടി സൃഷ്ടിച്ച സ്ഥാപനമാണെന്നും ഇത് അടച്ചുപൂട്ടാനും ഉത്തരവിടുകയായിരുന്നു. ഇതിനെതിരെ ദേവാസ് നല്‍കിയ പരാതിയിലാണ് ദേവാസ് അടച്ചുപൂട്ടണമെന്ന ദേശീയ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിന്റെ ഉത്തരവ് ചൊവ്വാഴ്ച സുപ്രീം കോടതി ശരിവെച്ചത്. ഇതോടെ ഈ കേസില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ കൈക്കോണ്ട നിലപാട് ശരിയെന്ന് തെളിഞ്ഞു. “ആൻട്രിക്‌സും ദേവാസും തമ്മിലുള്ള കരാറിന്റെ വിത്തുകൾ ദേവാസ് നടത്തിയ വഞ്ചനയുടെ ഫലമാണെങ്കിൽ, ഈ കരാര്‍, തർക്കങ്ങൾ, മദ്ധ്യസ്ഥത തുടങ്ങി ഈ വിത്തുകളിൽ നിന്ന് വളർന്ന ചെടിയുടെ എല്ലാ ഭാഗങ്ങളും വഞ്ചനയുടെ വിഷത്താല്‍ രോഗഗ്രസ്തമാണ്,” സുപ്രീംകോടതി നിരീക്ഷിച്ചു.
“ഇത് ഇന്ത്യയിലെ ജനങ്ങളോടുള്ള വഞ്ചനയാണ്, രാജ്യത്തിനെതിരായ വഞ്ചനയാണ്. ആൻട്രിക്സ്-ദേവാസ് ഇടപാടിലെ തട്ടിപ്പ് വ്യക്തമായിരുന്നു. സുപ്രീം കോടതിയുടെ ഉത്തരവ് കോൺഗ്രസ് നടത്തിയ അധികാര ദുർവിനിയോഗത്തിന്റെ തെളിവാണ്,” – ധനമന്ത്രി പറഞ്ഞു.
“യുപിഎയുടെ അത്യാഗ്രഹമാണ് ഇത് ചെയ്തത്. തട്ടിപ്പ് നടത്തി രക്ഷപ്പെടാനാവില്ലെന്ന് ഉറപ്പാക്കാൻ സർക്കാർ എല്ലാ കോടതികളിലും പോരാടുകയാണ്. നികുതിദായകരുടെ പണം സംരക്ഷിക്കാനാണ് ഞങ്ങൾ പോരാടുന്നത്, അല്ലാത്തപക്ഷം അപകീർത്തികരമായ ആൻട്രിക്സ്-ദേവാസ് ഇടപാടിലേക്ക് ഈ പണം പോകുമായിരുന്നു.”- നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
‘ആന്‍ട്രിക്‌സ്-ദേവാസ് കരാര്‍ രാജ്യസുരക്ഷയ്‌ക്ക് തന്നെ എതിരായ കരാറായിരുന്നു.അത് പിന്നീട് വലിയ അപവാദത്തിലേക്ക് നയി്ചു. ഈ കരാര്‍ റദ്ദാക്കാന്‍ യുപിഎ സര്‍ക്കാര്‍ ആറ് വര്‍ഷമെടുത്തു. അന്നത്തെ കേന്ദ്രമന്ത്രിസഭ പോലും അറിയാതെയായിരുന്നു കരാര്‍.ഇന്ത്യയുടെപ്രതിരോധസേന ഉപയോഗിക്കുന്ന സ്‌പെക്ട്രം വരെ ഒരു സ്വകാര്യ കമ്പനിയ്‌ക്ക് (ദേവാസിന്) വിറ്റു. രണ്ട് ഉപഗ്രങ്ങള്‍ വിക്ഷേപിക്കുന്നതിന് മുന്‍പേ തന്നെ ആ ഉപഗ്രഹങ്ങള്‍ ഉപയോഗിക്കാനുള്ള അവകാശവും ഒരു സ്വകാര്യകമ്പനിക്ക് വിറ്റു’- നിര്‍മ്മല സീതാരാമന്‍ കുറ്റപ്പെടുത്തി.
2005-ലെ ഒന്നാം യുപിഎ ഭരണകാലത്ത് നിലവില്‍ വന്ന ആന്‍ട്രിക്സ്-ദേവാസ് കരാർ പ്രകാരം, ആൻട്രിക്‌സ് രണ്ട് ഉപഗ്രഹങ്ങൾ നിർമ്മിക്കുകയും വിക്ഷേപിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യാനും ഈ ഉപഗ്രഹങ്ങളുടെ ട്രാൻസ്‌പോണ്ടർ ശേഷിയുടെ 90 ശതമാനവും ദേവാസിന് പാട്ടത്തിന് നൽകുകയും വേണമായിരുന്നു. ഇതിലൂടെ രാജ്യത്ത് ഹൈബ്രിഡ് സാറ്റലൈറ്റ്, ടെറസ്ട്രിയൽ കമ്മ്യൂണിക്കേഷൻ സേവനങ്ങൾ ദേവാസിന് നൽകാൻ പദ്ധതിയിട്ടിരുന്നു. 1000 കോടി രൂപ വിലമതിക്കുന്ന 70 മെഗാഹെർട്‌സ് എസ്-ബാൻഡ് സ്‌പെക്‌ട്രം വരെ ഈ ഇടപാടിൽ ഉൾപ്പെട്ടിരുന്നു. ഈ സ്പെക്‌ട്രം സുരക്ഷാ സേനകൾക്കും സർക്കാർ നടത്തുന്ന ടെലികോം കമ്പനികൾക്കും ഉപയോഗിക്കുന്നതിനായി നേരത്തെ പരിമിതപ്പെടുത്തിയിരിന്നതാണ്. സുരക്ഷാ കാരണങ്ങളാൽ രണ്ടാം യുപിഎയിലെ കോണ്‍ഗ്രസ് സർക്കാർ 2011ല്‍ ഈ കരാർ റദ്ദാക്കി.
മന്ത്രിസഭയുടെ അനുമതിയോ അറിവോ ഇല്ലാതെയാണ് ആന്‍ട്രിക്സ്-ദേവാസ് കരാറുണ്ടാക്കിയത്. അഴിമതി പുറത്തുവന്നപ്പോഴാണ് ആറ് വര്‍ഷത്തിന് ശേഷം 2011ല്‍ മന്‍മോഹന്‍ സിങ്ങ് സര്‍ക്കാര്‍ കരാര്‍ റദ്ദാക്കി മുഖം രക്ഷിക്കാന്‍ ശ്രമിച്ചത്. ഇതിനെതിരെ ദേവാസ് അന്താരാഷ്‌ട്ര കോടതിയെ സമീപിച്ചു. എന്നിട്ടുപോലം കേന്ദ്ര സര്‍ക്കാര്‍ (അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍) കേസ് നടത്തിപ്പിനുള്ള മധ്യസ്ഥനെ (ആര്‍ബിട്രേറ്ററെ) നിയമിച്ചില്ല. സിബി ഐ അന്വേഷണത്തിനൊടുവില്‍ തട്ടിപ്പ് കണ്ടെത്തി. 2016ൽ ദേവാസിന് 578 കോടി രൂപ ലാഭമുണ്ടാക്കിക്കൊടുത്തെന്നാരോപിച്ച് മുൻ ഐഎസ്ആർഒ മേധാവി ജി. മാധവൻ നായർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. സിബി ഐ അന്വേഷണത്തിനൊടുവിലാണ് മോദി ദേവാസ് കമ്പനി അടച്ചുപൂട്ടണമെന്ന് ദേശീയ കമ്പനി ലോ ട്രിബ്യൂണല്‍ ഉത്തരവിട്ടത്. അതിനെതിരെ ദേവാസ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ചൊവ്വാഴ്ച ദേവാസ് അടച്ചുപൂട്ടുക തന്നെ വേണമെന്ന് വിധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: