ചേര്‍ത്തല: നിരോധിത പുകയില ഉല്‍പ്പന്നം കടത്തിയ ലോറിയില്‍ നിന്നും പോലീസ് കണ്ടെടുത്ത ഉരുളകിഴങ്ങ് അധികൃതര്‍ക്ക് തലവേദനയാകുന്നു. പഴകിയതുമൂലം ഭക്ഷ്യയോഗ്യമല്ലാതായ കിഴങ്ങ് കുഴിച്ചുമൂടാന്‍ കളക്ടര്‍ സിവില്‍സപ്ലൈസ് വകുപ്പിനെ ചുമതലപെടുത്തിയെങ്കിലും ഫണ്ടില്ലാത്തതിനാല്‍ വകുപ്പ് കൈയ്യൊഴിഞ്ഞിരിക്കുകയാണ്. കിഴങ്ങു നശിപ്പിക്കാനുള്ള ഫണ്ടില്ലെന്നു കാട്ടി വകുപ്പ് കളക്ടര്‍ക്കു കത്തു നല്‍കി.
ആറിന് ചേര്‍ത്തലയില്‍ ദേശീയപാതയിലാണ് ലോറിയില്‍ ഉരുളകിഴങ്ങു ചാക്കുകള്‍ക്കടിയില്‍ വെച്ച് 100 ചാക്കുകളിലായി കടത്തിയ ഒരുകോടിയിലേറെ വിലവരുന്ന പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയത്. 280 ചാക്കുകളിലായി 12600 കിലോയോളം കിഴങ്ങാണ് ഇതിനായി ഉപയോഗിച്ചത്. ഉരുളകിഴങ്ങ് ചേര്‍ത്തല പോലീസ് സ്റ്റേഷന്‍വളപ്പിലാണ് സൂക്ഷിച്ചിരിക്കുന്നത്.നാലുലക്ഷത്തോളം വിലവരുന്ന കിഴങ്ങ് നിശ്ചിത സമയത്ത് നടപടികള്‍ സ്വീകരിക്കാതെ വന്നതോടെയാണ് പഴകി ഉപയോഗയോഗ്യമല്ലാതായത്.
കളക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സിവില്‍സപ്ലൈസ് വകുപ്പ് പരിശോധിച്ചാണ് കിഴങ്ങ് ഭക്ഷ്യയോഗ്യമല്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയത്. ഇതേ തുടര്‍ന്നാണ് ഇതു കുഴിച്ചുമൂടാന്‍ ഉത്തരവു വന്നത്. ഇത്രയും ഉരുഴക്കിഴങ്ങ് നശിപ്പിക്കാനായി മണ്ണ് മാന്തിയന്ത്രവും തൊഴിലാളികളും തുടങ്ങിയവ സജ്ജീകരിക്കാനാണ് ഫണ്ട് പ്രതിസന്ധി സിവില്‍ സപ്ലൈസ് വകുപ്പ് ഉയര്‍ത്തിയിരിക്കുന്നത്.മലിനീകരണ പരാതി ഉണ്ടാകാതെയുള്ള സംസ്‌കരണവും വകുപ്പിനു വെല്ലുവിളിയായിരുന്നു.
നശിപ്പിക്കാനുള്ള ചുമതല റവന്യൂവകുപ്പിനോ ക്ലീന്‍കേരളാമിഷനോ കൈമാറണമെന്ന നിര്‍ദ്ദേശമാണ് സിവില്‍സപ്ലൈസ് വകുപ്പുയര്‍ത്തിയിരിക്കുന്നത്. ക്ലീന്‍കേരള മിഷന് ഇതുമാലിന്യമായി കൈമാറണമെങ്കില്‍ ഓരോ കിലോക്കും രണ്ടുരൂപാ പ്രകാരം നല്‍കണം.
കിഴങ്ങ് പോലീസ്‌സ്റ്റേഷന്‍ വളപ്പില്‍ ചീഞ്ഞുതുടങ്ങി.ഇതു കാലതാമസം കൂടാതെ സംസ്‌കരിച്ചില്ലെങ്കില്‍ പാരിസ്ഥിതിക മലിനീകരണത്തിന് കാരണമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: