കൊച്ചി : നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപ് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ച്ചത്തേയ്ക്ക് മാറ്റി. കേസിനായി കൂടുതല്‍ സമയം വേണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗമിക്കുന്നത് മാറ്റിവെച്ചത്. ഹര്‍ജി പരിഗണിക്കുന്നത് വരെ അറസ്റ്റിനുള്ള വിലക്ക് തുടരും.
കേസ് അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്ത്. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കെട്ടിച്ചമച്ച കേസാണ് ഇതെന്നാണ് ദിലീപിന്റെ വാദം. നിലവില്‍ ദിലീപും സഹോദരനും അടക്കം ആറ് പേര്‍ക്കെതിരെയാണ് ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നത്.
കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ദിലീപിനെ കൂടാതെ സഹോദരന് അനൂപ്, ബന്ധുക്കളായ സൂരജ്, അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരും ഹര്‍ജി നല്‍കിയിട്ടുണ്ട്. ഹര്‍ജിയില്‍ കോടതി ഉത്തരവിറങ്ങുന്നത് വരെ ദിലീപിനെ കേസില്‍ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം കേസില്‍ പള്‍സര്‍ സുനിയുടെ അമ്മയുടേയും രഹസ്യ മൊഴിമൊഴിയെടുക്കും. ആലുവ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് രഹസ്യമൊഴി എടുക്കുന്നത്. പള്‍സര്‍ സുനിയെ ജയിലിലെത്തി സന്ദര്‍ശിച്ചപ്പോള്‍ ഗൂഢാലോചനയെ കുറിച്ച് പറഞ്ഞതായി അമ്മ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രഹസ്യമൊഴി രേഖപ്പെടുത്താന്‍ തീരുമാനിച്ചത്.
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ശരത്തിന്റെ വീട്ടിലും സഹോദരി ഭര്‍ത്താവ് സുരാജിന്റെ വീട്ടിലും ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയിരുന്നു. വിചാരണ നടപടികള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനെതിരേയും ദിലീപ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: