കോട്ടയം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കിടയില്‍ കൊവിഡ് വ്യാപനം രൂക്ഷമായതോടെ സര്‍വ്വീസുകളും താളംതെറ്റുന്നു. വൈക്കം, പാലാ ഡിപ്പോകളിലാണ് കൂടുതല്‍ ജീവനക്കാര്‍ക്ക് കൊവിഡ് ബാധിച്ചത്. ജില്ലയിലെ ഏഴു ഡിപ്പോകളിലായി 58 ജീവനക്കാര്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ രോഗം ബാധിച്ചത്. വൈക്കം ഡിപ്പോയില്‍ 21 പേര്‍ക്കാണ് കൊവിഡ്. 14 കണ്ടക്ടര്‍മാര്‍ക്കും, ഏഴ് ഡ്രൈവര്‍മാര്‍ക്കും രോഗം ബാധിച്ചു. ഇതുമൂലം ഏഴ് സര്‍വ്വീസുകള്‍ റദ്ദാക്കേണ്ടിവന്നു. പാലാ ഡിപ്പോയിലെ 18 ജീവനക്കാര്‍ക്കാണ് കൊവിഡ് ബാധിച്ചിട്ടുള്ളത്. ഡ്രൈവര്‍ – എട്ട്, കണ്ടക്ടര്‍ – എട്ട്, ഓഫീസ് സ്റ്റാഫ് – 2 എന്നിങ്ങനെയാണ് രോഗം ബാധിച്ചത്. ജീവനക്കാരുടെ കുറവ് മൂലം ഏതാനും സര്വ്വസുകളും മുടങ്ങി.
പൊന്‍കുന്നം ഡിപ്പോയിലെ അഞ്ച് ജീവനക്കാര്‍ക്കാണ് രോഗം. മൂന്ന് ഡ്രൈവര്‍, രണ്ട് കണ്ടക്ടര്‍ എന്നിങ്ങനെയാണ് രോഗം ബാധിച്ചത്. കോട്ടയം ഡിപ്പോയില്‍ എട്ട് പേര്‍ക്കാണ് കൊവിഡ്. ഡ്രൈവര്‍ – 1, കണ്ടക്ടര്‍ – 4, ഇന്‍സ്പെക്ടര്‍മാര്‍ – 2, സ്റ്റേഷന് മാസ്റ്റര്‍ – 1 എന്നിങ്ങനെയാണ് രോഗം ബാധിച്ചവര്‍. ഈരാറ്റുപേട്ട ഡിപ്പോയിലെ ആറ് ജീവനക്കാര്‍ക്ക് രോഗം ബാധിച്ചു.
ചങ്ങനാശ്ശേരി, എരുമേലി ഡിപ്പോകളിലെ ജീവനക്കാര്‍ക്കും കൊവിഡ് ബാധിച്ചിട്ടില്ലെന്നാണ് ഡിപ്പോ അധികൃതര്‍ പറയുന്നത്. എരുമേലി ഡിപ്പോയിലെ 50 ഓളം ജിവനക്കാര്‍ക്ക് പനി ബാധിച്ചിട്ടുണ്ട്. 30 പേര്‍ക്ക് പരിശോധന നടത്തി. ഇവരുടെ പരിശോധനാ ഫലം അടുത്ത ദിവസമേ അറിയാന്‍ കഴിയൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: