ന്യൂദല്‍ഹി: പുതിയ ഇന്ത്യയുടെ നേര്‍ക്കാഴ്ചയായി കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂര്‍ തിങ്കളാഴ്ച പങ്കുവെച്ചത് 11,000 അടിയോളം ഉയരത്തില്‍ പണി തീര്‍ത്ത കൂറ്റന്‍ ഫുട്ബാള്‍ സ്റ്റേഡിയത്തിന്റെ ആകാശക്കാഴ്ച. ഈ ചിത്രം അദ്ദേഹം തന്റെ ട്വിറ്റര്‍ അക്കൗണ്ടിലാണ് പങ്കുവെച്ചത്. കേന്ദ്രസര്‍ക്കാര്‍ വിഭാവനം ചെയ്ത ഖേലോ ഇന്ത്യ സ്പോര്‍ട്സ് അടിസ്ഥാനസൗകര്യവികസനത്തിന്റെ ഭാഗമായാണ് ഈ പുതിയ ഫുട്ബാള്‍ സ്റ്റേഡിയം ഒരുക്കിയിരിക്കുന്നത്.
കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ ലേയില്‍ സ്ഥിതിചെയ്യുന്ന സ്പിടുകിലാണ് ഈ ഭീമന് ഫുട്ബാള്‍ സ്റ്റേഡിയം നിര്‍മ്മിച്ചിരിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്നും 11,000 അടി ഉയരത്തിലാണ് ഈ ഫുട്ബാള്‍ സ്റ്റേഡിയം നിര്‍മ്മിച്ചിരിക്കുന്നത്.
പര്‍വ്വതങ്ങളാലും ശുദ്ധമായ ആകാശത്താലും ചുറ്റപ്പെട്ട ഈ സ്റ്റേഡിയത്തിന്റെ ദൂരക്കാഴ്ച മനോഹരമാണ്. 2021 സെപ്തംബറിലാണ് അന്നത്തെ കേന്ദ്ര കായികമന്ത്രി കിരണ്‍ റിജിജു ഈ ഫുട്ബാള്‍ സ്റ്റേഡിയം പണിയാന്‍ തറക്കല്ലിട്ടത്. ഒരു അസ്ട്രേടര്ഫ് ഫുട്ബാള്‍ പിച്ചും അതിനെച്ചുറ്റിയുള്ള സിന്തറ്റിക് ട്രാക്കും ഇവിടെയുണ്ട്.
സ്പിട്ടുകിലെ ജനങ്ങളുടെ സ്വപ്നമാണ് ഈ സ്റ്റേഡിയം. ഒപ്പം പ്രൊഫഷണല്‍ ഫുട്ബാള്‍ കളിക്കാരാകണമെന്ന് സ്വപ്നം കാണുന്ന കുട്ടികള്‍ക്കും ഇത് ഉപകരിക്കും. ഇതോടെ ലഡാക് മറ്റൊരു തൂവല്‍ കൂടി കിരീടത്തില്‍ ചേര്‍ക്കുകയാണ്. പ്രകൃതി സൗന്ദര്യത്തിന്റെ മടിത്തട്ടില്‍ ഫുട്ബാള്‍ മത്സരം ആസ്വദിക്കാന്‍ ഇവിടുത്തെ സാധാരണ ജനങ്ങള്‍ക്ക് കൂടി ഇതോടെ അവസരം ലഭിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: