തിരുവനന്തപുരം: ആറ്റിങ്ങലില്‍ എട്ടുവയസ്സുകാരിയേയും അച്ഛനേയും പോലീസ് ഉദ്യോഗസ്ഥ പരസ്യമായി അപമാനിച്ച സംഭവത്തില്‍ സംസ്ഥാന പോലീസ് മേധാവി മാപ്പ് ചോദിച്ചതായി അവകാശപ്പെട്ട് ഇരയായ പെണ്‍കുട്ടിയുടെ പിതാവ്. പോലീസ് ആസ്ഥാനത്ത് എത്തിയപ്പോള്‍ ഉദ്യോഗസ്ഥയില്‍ നിന്നുണ്ടായ ദുരനുഭവത്തില്‍ പോലീസ് മോധാവി മാപ്പ് ചോദിക്കുന്നതായി അദേഹത്തിന്റെ ഓഫീസ് അറിയിച്ചു എന്നാണ് പെണ്‍കുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ ഈ വാര്‍ത്ത ഡിജിപിയുടെ ഓഫീസ് നിഷേധിച്ചു.
പിങ്ക് പോലീസിന്റെ പരസ്യവിചാരണയ്ക്ക് വിധേയയായ പെണ്‍കുട്ടിക്ക് ഒന്നരലക്ഷം നഷ്ടപരിഹാരം നല്‍കാനും കോടതി ചെലവായി 25,000 രൂപ നല്‍കാനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കൂടാതെ, മോശമായി പെരുമാറിയ പിങ്ക് പോലീസ് ഉദ്യോഗസ്ഥയ്ക്കെതിരേ നടപടി സ്വീകരിക്കണം. ജില്ലാ പോലീസ് മേധാവിയോട് ആണ് കോടതി നിര്‍ദേശം. പൊതുജനങ്ങളോട് മാന്യമായ പെരുമാറാന്‍ പോലീസുകാരിക്ക് പരിശീലനം നല്‍കാനും കോടതി ഉത്തരവില്‍ പറയുന്നു.
നാല് മാസം മുമ്പാണ് ആറ്റിങ്ങലില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് പിങ്ക് പോലീസ് എട്ടുവയസ്സുകാരിയേയും അച്ഛന് ജയചന്ദ്രനേയും പരസ്യ വിചാരണ നടത്തിയത്. പെണ്‍കുട്ടി ഇതിനെതിരെ കോടതിയെ സമീപിക്കുകയായിരുന്നു. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്ന ചെയ്യാത്ത തെറ്റിന്റെ പേരില്‍ പോലീസ് ഉദ്യോഗസ്ഥ തന്നെ കള്ളി എന്ന് വിളിച്ച് അപമാനിച്ചു. തന്റെ അച്ഛന്റെ വസ്ത്രം അഴിച്ചും പരിശോധന നടത്തി. പിന്നീട് ഉദ്യോഗസ്ഥയുടെ ഹാന്‍ഡ്ബാഗില്‍ നിന്ന് തന്നെ മൊബൈല്‍ കണ്ടെത്തി. പോലീസിന്റെ പീഡനം കാരണം തങ്ങള്‍ക്ക് മാനസ്സിക പ്രശ്നങ്ങള്‍ ഉണ്ടായതായും ഹര്‍ജിയില്‍ പറഞ്ഞു.
ആരോപണ വിധേയയായ രജിതയുടെ താത്പ്പര്യ പ്രകാരം അവരെ സ്ഥലം മാറ്റുകയാണ് ചെയ്തത്. സംഭവത്തില്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: