തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല വീടുകളില്‍ നടത്തുന്നത് ആചാരപരമല്ലെന്നും പരമ്പരാഗതമായ രീതിയില്‍ നടത്തണമെന്നും ചട്ടമ്പിസ്വാമി സാംസ്കാരിക സമിതി ആവശ്യപ്പെട്ടു.
പൊങ്കാല വീടുകളിലിടാന് പറയുന്നത് ആചാരവിരുദ്ധമാണ്. ഇങ്ങനെയുള്ള പൊങ്കാല നിവേദിക്കുന്നില്ല. കൊവിഡിന്റെ രൂക്ഷതകാരണം കഴിഞ്ഞ വര്‍ഷം ഭക്തജനങ്ങള്‍ വീടുകളില്‍ പൊങ്കാലയിട്ടത് ആചാരപരമായിട്ടല്ല. കഴിഞ്ഞ വര്‍ഷത്തില്‍ നിന്നും വ്യത്യസ്തമായി 90 ശതമാനത്തില്‍ അധികം ജനങ്ങള്‍ വാക്സിനേഷന് സ്വീകരിച്ചിട്ടുണ്ട്.
ഇത്തരത്തില്‍ വാക്സിനേഷന് സ്വീകരിച്ചവര്‍ക്ക് മറ്റു പൊതുസ്ഥലങ്ങളില്‍ പോകാനും ഇടപെടാനുമുള്ള അവകാശം അധികൃതര്‍ നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ രണ്ട് വാക്സിനേഷന് സ്വീകരിച്ച ഭക്തജനങ്ങള്‍ക്ക് പൊങ്കാല നേരിട്ട് അര്‍പ്പിക്കാനുള്ള സാഹചര്യം ഒരുക്കാന്‍ സര്‍ക്കാരും ക്ഷേത്രാധികാരികളും നടപടി സ്വീകരിക്കണം.
ശബരിമല ദര്‍ശനത്തിന് ഭക്തര്‍ക്ക് ഏര്‍പ്പെടുത്തിയ പോര്‍ട്ടല്‍ രജിസ്ട്രേഷന് പോലുള്ള സംവിധാനത്തിലൂടെ സ്ത്രീകള്‍ക്ക് നേരിട്ട് പൊങ്കാലയര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്ന് ചട്ടമ്പിസ്വാമി സാംസ്കാരിക സമിതി പ്രസിഡന്റ് എസ്.ആര്.കൃഷ്ണകുമാര്‍, സെക്രട്ടറി മണക്കാട് രാമചന്ദ്രന്, കണ്‍വീനര്‍ മണക്കാട് വിജയകുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് മന്ത്രിമാര്‍ക്കും, ജില്ലാ ഭരണകൂടത്തിനും, മുഖ്യമന്ത്രിക്കും നിവേദനം നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: