കൊല്ലം: നിയമങ്ങളും നിയന്ത്രണങ്ങളും കാറ്റില്‍പറത്തി മണ്ണെടുപ്പ് സംഘം സജീവം. അഞ്ചാലുംമൂട് ജംഗ്ഷനോട് ചേര്‍ന്നുള്ള ഞാറയ്ക്കല്‍ ശാസ്തോലി ക്ഷേത്രത്തിന് സമീപമാണ് വന്‍തോതില്‍ മണ്ണെടുക്കുന്നത്. രാവിലെയും രാത്രിയിലും ഇവിടെ മണ്ണെടുക്കുന്നുണ്ട്. നിത്യേന നൂറുകണക്കിന് ലോഡാണ് ഇവിടെ നിന്നും പുറത്തേക്ക് പോകുന്നത്. ടിപ്പര്‍ ലോറികള്‍ മണ്ണെടുത്ത് കൊണ്ട് മരണപ്പാച്ചില്‍ നടത്തുന്നത് വാഹന യാത്രക്കാര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
സ്വകാര്യ പുരയിടത്തില്‍ നിന്നും മണ്ണെടുക്കാനായി ജിയോളജി വകുപ്പിന്റെയും ജില്ലാ ഭരണ കൂടത്തിന്റെയും അനുമതി വേണം. എന്നാല്‍ നിയമങ്ങളൊന്നും പാലിക്കാതെ നഗരത്തോട് ചേര്‍ന്ന ഭാഗത്ത് മണ്ണെടുപ്പ് തുടങ്ങിയിട്ട് ദിവസങ്ങളായി. ഇവിടെ നിന്നും കുഴിച്ചെടുക്കുന്ന മണ്ണ് എങ്ങോട്ടേക്കാണ് കൊണ്ടുപോകുന്നത് എന്നറിയിക്കണമെന്ന നിയമവും ലംഘിച്ചിരിക്കുകയാണ്.
അതിര്‍ത്തി ജില്ലകളില്‍ നിന്നു പോലും മണ്ണെടുക്കാന്‍ വാഹനങ്ങള്‍ ഇവിടെ എത്തുന്നുണ്ട്. ജിയോളജി വകുപ്പ് ഈ പുരയിടത്തില്‍ നിന്നും മണ്ണെടുക്കാനുള്ള അനുമതി നല്‍കിയിട്ടില്ലെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ അന്വേഷണത്തില്‍ ബോധ്യപ്പെട്ടത്.
അതേ സമയം കണ്മുന്നിലൂടെ അനധികൃതമായി ലോഡുകണക്കിന് മണ്ണ് കൊണ്ടു പോയിട്ടും പോലീസോ റവന്യൂ വകുപ്പോ നടപടി സ്വീകരിക്കാത്തത് സംശയത്തിനിട നല്‍കുന്നുണ്ട്. ജില്ലയുടെ കിഴക്കന്‍മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മണ്ണ് മാഫിയ സംഘം ഇപ്പോള്‍ നഗരത്തിലേക്ക് കടന്നുകൂടിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: