കൊട്ടാരക്കര: സംസ്ഥാനമൊട്ടാകെ പോലീസ് നടത്തിയ പി-ഹണ്ട് ഓപ്പറേഷന്റെ ഭാഗമായി കൊല്ലം റൂറല്‍ പോലീസ് 16 സ്ഥലങ്ങളിലായി നടത്തിയ റെയ്ഡില്‍ 3 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 9 മൊബൈല്‍ഫോണുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. കുട്ടികളുടെ അശ്ലീല വീഡിയോകള്‍ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിനായി ഉപയോഗിച്ച മൊബൈല്‍ഫോണുകള്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് അയച്ചു കൊടുക്കും.
ചടയമംഗലം, കടയ്ക്കല്‍, ശൂരനാട്, പൂയപ്പള്ളി, കുന്നിക്കോട്, കൊട്ടാരക്കര, കുണ്ടറ, ചിതറ, പത്തനാപുരം എന്നീ പോലീസ് സ്റ്റേഷനുകളില്‍ ആണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിന്റെ ഭാഗമായി കുട്ടികളുടെ അശ്ലീല വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് കാണുകയും അത് ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്തുന്നതിനു വേണ്ടിയാണ് പോലീസ് പി ഹണ്ട് എന്ന പേരില്‍ റെയ്ഡ് നടത്തി വരുന്നത്.
ജില്ലാ പോലീസ് മേധാവി കെ.ബി. രവി ഐപിഎസ്സിന്റെ നിര്‍ദ്ദേശാനുസരണം അഡീഷണല്‍ എസ്പി എസ്. മധുസൂദനന്റെ നേതൃത്ത്വത്തില്‍ വിവിധ പോലീസ് സ്റ്റേഷനുകളിലെ എസ്എച്ച്ഒമാരാണ് റെയ്ഡുകള്‍ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: