കുണ്ടറ: വികസനത്തിന്റ പേരില്‍ വെട്ടിപ്പൊളിച്ച റോഡുകള്‍ നാടിന്റെ തീരാശാപമായി മാറുന്നു. കുണ്ടറയുടെ ചുറ്റുവട്ടങ്ങളിലെ ഒരു റോഡും യാത്രായോഗ്യമല്ല. കുടിവെള്ള പദ്ധതി, റോഡ് പുനരുദ്ധാരണം തുടങ്ങി വിവിധ കാരണങ്ങളിലാണ് എല്ലാ റോഡുകളും വെട്ടിപൊളിച്ചത്. എന്നാല്‍ അങ്ങും ഇങ്ങും എന്തെങ്കിലും കാട്ടി വര്‍ഷങ്ങളായി പണി പാതിവഴിയിലാക്കിയും യാത്രക്കാരെ അപകട കെണിയിലാക്കിയും നാടിനെ പൊടിയില്‍ മൂടിയും പുരോഗമനം ഉച്ചസ്ഥായിയിലാണ്. നാട്ടുകാരുടെ പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ അധികാരികള്‍ക്ക് മൗനം മാത്രമാണ് ബാക്കി.
കുണ്ടറ പള്ളിമുക്ക്-മുളവന റോഡ്, മുളവന-കൈതക്കോട് റോഡ്, ചിറ്റുമല-മണ്‍റോതുരുത്ത് റോഡ്, ആശുപത്രിമുക്ക്-അമ്പിപൊയ്ക റോഡ്, ഇളമ്പള്ളൂര്‍-പുന്നമുക്ക് റോഡ്, ഇളമ്പള്ളൂര്‍-ചന്ദനത്തോപ്പ് റെയില്‍വേ സമാന്തര റോഡ്, മുക്കട- റയില്‍വേ സ്റ്റേഷന് സമാന്തര റോഡ്, കുണ്ടറ പള്ളിമുക്ക് മങ്ങാടന്‍ മുക്ക്, കാക്കോലില്‍ തെറ്റിക്കുന്ന് വഴി ക്രിസ്തുരാജ് മുക്കിലേക്കുള്ള റോഡ്, അതിനോട് ചേര്‍ന്നു വരുന്ന ചെറുവഴികള്‍, പേരയം-കുമ്പളം റോഡ്, പേരയം-പടപ്പക്കര റോഡ്, കച്ചേരിമുക്ക്- കെല് റോഡ് എന്നിങ്ങനെ ചെറുതും വലുതുമായ മിക്ക റോഡുകളും ഈ ഗതികേടിലാണ്.
ഇരുചക്ര വാഹന യാത്രക്കാരും കാല്‍നടക്കാരും റോഡിലെ കെണിയില്‍ പെടുന്നത് നിത്യസംഭവമാണ്. പൊടിശല്യം സഹിക്കവയ്യാത്ത അവസ്ഥയിലാണ് സമീപവാസികളുടെ ജീവിതം. പൊടിശല്യം വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയപ്പോള്‍ ചില ഭാഗങ്ങളില്‍ വെള്ളം തളിക്കല്‍ ചടങ്ങുണ്ട്. അടിയന്തര പ്രാധാന്യമുള്ള അഗ്നിശമന സേനയും ആംബുലന്‍സും പോലീസുമൊക്കെ അപകട സ്ഥലങ്ങളിലും മറ്റും ഓടിയെത്താന്‍ നടത്തുന്ന അഭ്യാസങ്ങളും കുറവല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: