ആലപ്പുഴ: കുട്ടികള്‍ ഉള്‍പ്പെടെയുള്ള സൈക്കിള്‍ യാത്രക്കാരുടെ സുരക്ഷക്ക് ചട്ടങ്ങള്‍ നിര്‍മിക്കുകയോ പരിഷ്ക്കരിക്കുയോ ചെയ്യണമെന്ന് ബാലാവകാശ കമ്മീഷന് ഉത്തരവ്. ഇതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ ഗതാഗത വകുപ്പ് സെക്രട്ടറിക്കും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്കും കമ്മീഷന് നിര്‍ദ്ദേശം നല്കി.
സുരക്ഷാ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തത്തിയാകണം ചട്ടങ്ങളും ഉത്തരവുകളും പുറപ്പെടുവിക്കേണ്ടത്. രാത്രി സൈക്കിള്‍ യാത്ര നടത്തുന്നവര്‍ സൈക്കിളില്‍ റിഫ്ളക്ടറുകള്‍ ഘടിപ്പിക്കുകയും മധ്യലൈറ്റ് ഉണ്ടെന്ന് ഉറപ്പ് വരുത്തുകയും വേണം. ഹെല്‍മറ്റ്, റിഫ്ളക്ട് ജാക്കറ്റ് എന്നിവ ധരിക്കണം. അമിത വേഗത്തിലുള്ള യാത്രകള്‍ നിയന്ത്രിക്കണം. സൈക്കിള്‍ പൂര്‍ണമായും സുരക്ഷിതമാണെന്നും മറ്റു തകരാറുകള്‍ ഇല്ലെന്ന് ഉറപ്പാക്കുകയും വേണം. മാനദണ്ഡങ്ങളില്‍ ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തണം.
ദേശീയ പാതകളിലും മറ്റു റോഡുകളിലും സൈക്കിള്‍ യാത്രയ്ക്ക് പ്രത്യേക ഭാഗം അടയാളപ്പെടുത്തി ട്രാക്ക് സ്ഥാപിക്കണം. ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരെ സ്കൂള്‍ പരിസരങ്ങളിലും സമീപമുള്ള റോഡുകളിലും രാവിലെയും വൈകുന്നേരവും ഡ്യൂട്ടിക്ക് പതിവായി നിയോഗിക്കണം. പോലീസ് മൊബൈല്‍ പട്രോളിങും ബൈക്ക് പട്രോളിങും സ്കൂള്‍ സോണ്‍ റോഡുകളില്‍ സ്ഥിരമായി ക്രമീകരിക്കാനും നടപടി റിപ്പോര്‍ട്ട് 90 ദിവസത്തിനുള്ളില്‍ നല്‍കാനും കമ്മീഷന് നിര്‍ദേശിച്ചു.
റോഡില്‍ സൈക്കിള്‍ യാത്രക്കാരടക്കമുള്ള യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് മോട്ടോര്‍ വാഹന റഗുലേഷന് കര്‍ശനമായി നടപ്പാക്കണം. യാത്രക്കാരുടെ സുരക്ഷിതത്വത്തിനായി ചട്ടങ്ങള്‍ നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുള്ളതിനാല്‍ ഇതിനനുസൃതമായി ചട്ടങ്ങള്‍ കൊണ്ടുവരുകയോ കേരള മോട്ടോര്‍ വാഹന ചട്ടങ്ങള്‍ പരിഷ്ക്കരിക്കുകയോ ചെയ്യണം.ബാലാവകാശ പ്രവര്‍ത്തക സുനന്ദ കമ്മീഷന് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: