ലഖ്‌നോ: അഖിലേഷ് യാദവിന് കുടുംബത്തിന്റെ ഉള്ളില്‍ നിന്നും തിരിച്ചടി നല്‍കി ബിജെപി. മുലായം സിംഗിന്റെ ഇളയ മരുമകള്‍ അപര്‍ണ്ണ യാദവ് സമാജ് വാദി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുകയാണ്.
നേരത്തെയും മോദി സര്‍ക്കാരിന്റെ നിലപാടുകളെ പിന്തുണച്ചിരുന്ന അപര്‍ണ്ണ യാദവ് കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്റെയും ബിജെപി നേതാവ് സ്വതന്ത്ര ദേവിന്റെയും സാന്നിധ്യത്തിലായിരിക്കും ബിജെപിയില്‍ പ്രവേശിക്കുക. ഇതോടെ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ കുടുംബത്തിനുള്ളില്‍ നിന്നു തന്നെ അഖിലേഷ് യാദവിനെതിരായ വിമര്‍ശനസ്വരം ഉയര്‍ത്തിക്കൊണ്ടുവരാനാണ് ബിജെപി നീക്കം.
മുലായം സിങ്ങ് യാദവിന്റെ ഇളയ മകന്‍ പ്രതീക് യാദവിന്റെ ഭാര്യയാണ് അപര്‍ണ്ണ യാദവ്. ഇതോടെ ബിജെപിക്കുള്ളില്‍ നിന്നും പല നേതാക്കളെയും തങ്ങളുടെ ക്യാമ്പിലേക്ക് കൊണ്ടുവന്ന അഖിലേഷ് യാദവിന് വലിയ പ്രത്യാഘാതമുണ്ടാക്കാന്‍ ബിജെപിക്ക് കഴിഞ്ഞേക്കും.
കഴിഞ്ഞ വര്‍ഷം പല പ്രശ്‌നങ്ങളിലും കുടുംബാംഗങ്ങളുമായി അപര്‍ണ ഇടഞ്ഞിട്ടുണ്ട്. രാം മ്ന്ദിര്‍ പ്രശ്‌നത്തിലും എന്‍ആര്‍സി പ്രശ്‌നത്തിലും നരേന്ദ്രമോദിയെ പിന്തുണയ്‌ക്കുന്ന നേതാവാണ് അപര്‍ണ്ണ യാദവ്. രാമക്ഷേത്രത്തിന് 11 ലക്ഷം സംഭാവന ചെയ്ത അപര്‍ണ്ണ യാദവ് മുലായം സിങ്ങിനെതിരെ തന്നെ കടുത്ത വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്.
തന്റെ കുടുംബം മുന്‍കാലങ്ങളില്‍ ചെയ്ത കര്‍മ്മങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തനിക്ക് കഴിയില്ലെന്നും അപര്‍ണ്ണയാദവ് മുന്‍പ് തുറന്നടിച്ചിട്ടുണ്ട്. 1990ല്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായ മുലായംസിങ്ങ് യാദവിന്റെ പ്രവര്‍ത്തികളെ സൂചിപ്പിച്ചുകൊണ്ടായിരുന്നു അപര്‍ണ്ണ യാദവിന്റെ ഈ വിമര്‍ശനം. അന്ന് മുലായം സിങ്ങ് യാദവ് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ബാബറി മസ്ജിദിനടുത്തുള്ള കര്‍സേവകര്‍ക്കെതിരെ നിറയൊഴിക്കാന്‍ യുപി പൊലീസിന് ഉത്തരവ് നല്‍കിയതിന്റെ പേരില്‍ ഉത്തര്‍പ്രദേശില്‍ വന്‍ രാഷ്‌ട്രീയ കോളിളക്കം ഉണ്ടായി.
ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) ഉണ്ടാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ അഖിലേഷ് യാദവ് എതിര്‍ത്തപ്പോള്‍ അതിനെതിരെ തുറന്ന നിലപാട് സ്വീകരിച്ച നേതാവാണ് അപര്‍ണ്ണ യാദവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: