കോഴിക്കോട് : മലയാള സിനിമ മേഖലയിലെ പ്രശ്നങ്ങള്‍ പരിശോധിച്ച ജസ്റ്റിസ് ഹേമ കമ്മീഷന് റിപ്പോര്‍ട്ട് പുറത്തുവിടണം എന്നാവശ്യപ്പെട്ട് വുമണ്‍ ഇന്‍ സിനിമാ കളക്ടീവ് (ഡബ്ല്യുസിസി) അംഗങ്ങള്‍ വനിതാ കമ്മീഷനെ സമീപിച്ചു. കോഴിക്കോട് വനിതാ കമ്മീഷന് സിറ്റിങ്ങിനിടെയാണ് ഡബ്ല്യുസിസി അംഗങ്ങള്‍ വനിതാ കമ്മീഷനുമായി കൂടിക്കാഴ്ച നടത്തിയത്.
പാര്‍വതി തിരുവോത്ത്, പത്മപ്രിയ, ദീദി ദാമോദരന്‍, സയനോര അടക്കമുള്ളവരാണ് കോഴിക്കോട് ഗസ്റ്റ് ഹൗസിലെത്തി വനിത കമ്മിഷനുമായി കൂടിക്കാഴ്ച നടത്തിയത്. ആക്രമിക്കപ്പെട്ട നടിക്ക് നീതി ഉറപ്പാക്കണമെന്നും ഹേമ കമ്മീഷന് റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും ഡബ്ല്യൂസിസി അംഗങ്ങള്‍ ആവശ്യപ്പെട്ടു.
ജസ്റ്റിസ് ഹേമ കമ്മിഷന് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് രണ്ട് വര്‍ഷം പിന്നിട്ടിട്ടും റിപ്പോര്‍ട്ട് പുറത്തുവിടുകയോ നടപടി സ്വീകരിക്കുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് ഡബ്ല്യുസിസി വനിത കമ്മിഷനെ നേരിട്ടുകണ്ട് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. കമ്മിഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും റിപ്പോര്‍ട്ടിലെ ഒരു ശുപാര്‍ശ പോലും സര്‍ക്കാര്‍ ഇതുവരെ നടപ്പിലാക്കിയിട്ടില്ല. ഹേമ കമ്മിഷന് റിപ്പോര്‍ട്ട് നടപ്പിലാക്കാത്തതിനുള്ള കാരണം സംബന്ധിച്ച ചോദ്യത്തിന് റിപ്പോര്‍ട്ട് നടപ്പിലാക്കുന്ന വിഷയം വിശദമായി പരിശോധിച്ച് വരികയാണെന്നാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നല്കിയ മറുപടി.
നടിയെ ആക്രമിക്കപ്പെട്ട സംഭവത്തിനുശേഷം സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസി മുഖ്യമന്ത്രിയെ നേരില്‍ കണ്ട് നിവേദനം നല്‍കിയതിന് പിന്നാലെയാണ് സിനിമാ മേഖലയിലെ സ്ത്രീകളുടെ തൊഴില്‍ സാഹചര്യം പഠിക്കുന്നതിന് സര്‍ക്കാര്‍ കമ്മിഷനെ രൂപീകരിച്ചത്. ജസ്റ്റിസ് ഹേമയ്ക്ക് പുറമെ വത്സലകുമാരി, നടി ശാരദ എന്നിവരെ അംഗങ്ങളാക്കി രൂപീകരിച്ച കമ്മിഷന് 2019 ല്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറി. സിനിമാ മേഖലയിലെ അറുപതോളം സ്ത്രീകളുടെ മൊഴിയെടുത്താണ് ഹേമ കമ്മിഷന് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
ഒരു കോടിയിലധികം രൂപയാണ് ഹേമ കമ്മിഷന് വേണ്ടി ചെലവാക്കിയത്. 2017 മുതല്‍ 2020 വരെയുള്ള കമ്മിഷന്റെ ചെലവ് 1,06,55,000 രൂപയാണ്. ജസ്റ്റിസ് ഹേമ പത്ത് തവണയായി 1,03,22,254 രൂപ കൈപ്പറ്റിയതായും വിവരാവകാശ രേഖകളില്‍ പറയുന്നുണ്ട്. 2019 ഡിസംബര്‍ 31 നായിരുന്നു കമ്മീഷന് മുഖ്യമന്ത്രി പിണറായി വിജയന് 300 പേജുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കോടികള്‍ ചിലവാക്കിയ കമ്മിഷന് റിപ്പോര്‍ട്ടില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാത്തതില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധവും ഉടലെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: