കഴിഞ്ഞ ഞായറാഴ്ച ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന സുരേഷ് നാരായണന്‍ എന്നയാള്‍ ഹൃദയസ്തംഭനം മൂലം അന്തരിച്ചുവെന്ന വാര്‍ത്ത ചൊവ്വാഴ്ചത്തെ പത്രങ്ങളില്‍ വായിച്ചപ്പോള്‍ അതു ആ വാര്‍ത്തയോടൊപ്പം ചേര്‍ത്ത ചിത്രത്തില്‍ കണ്ട ആളാവരുതേ എന്ന വൃഥാ ആശിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു. പക്ഷേ ആരുടെയും തലയിലെഴുത്തു തൂത്തുകളയാനാവില്ലല്ലോ. ഏകദേശം ആറു വര്‍ഷങ്ങള്‍ക്കു മുന്‍പ്, അന്നു ഭാരതീയ ജനതാ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനും, ഇന്നത്തെ ജില്ലാ പ്രസിഡന്റുമായ കെ.എസ്. അജി എന്നെ പരിചയപ്പെടുത്തിയ ആളായിരുന്നു സുരേഷ്. ആള്‍ ഷോര്‍ട്ട് ഫിലിം നിര്‍മിക്കുന്നതില്‍ സമര്‍ത്ഥനാണ്, സ്വയംസേവകനും ബിജെപി പ്രവര്‍ത്തകനുമാണ്. തൊടുപുഴയിലെയും ഇടുക്കി ജില്ലയിലെയുമൊക്കെ സംഘപ്രസ്ഥാനങ്ങളുടെ വളര്‍ച്ചയുടെ ചരിത്രം ലഘുചിത്രമാക്കി തയാറാക്കാന്‍ അയാള്‍ക്കു താല്‍പര്യമുണ്ട് എന്നു അജി പറഞ്ഞു. ബിജെപി പ്രവര്‍ത്തനവുമായി എനിക്കു വലിയ ബന്ധമില്ലാത്തതിനാല്‍ അത്ര താല്‍പര്യം കാണിച്ചില്ല. പക്ഷേ അജി അതു വിട്ടുകൊടുക്കാന്‍ തയാറായിരുന്നില്ല. സംഘത്തിന്റെ തൊടുപുഴയിലെ തുടക്കക്കാരനെന്ന നിലയ്‌ക്കും, ബിജെപിയുടെ പൂര്‍വരൂപമായ ഭാരതീയ ജനസംഘത്തിന്റ സംഘടനാ കാര്യദര്‍ശിയായി ഏതാണ്ട് ഒരു പതിറ്റാണ്ടു പ്രവര്‍ത്തിച്ചിരുന്നതിനാലും ഈ സംരംഭത്തില്‍ സഹകരിക്കാന്‍ ഏറ്റവും അനുയോജ്യനാണ് ഞാന്‍ എന്നദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. അങ്ങനെ അതിന് സമ്മതം നല്‍കാന്‍ നിര്‍ബന്ധിതനായി.
നരേന്ദ്രമോദി തെരഞ്ഞെടുപ്പില്‍ വിജയിച്ച് ഭരണമാരംഭിച്ചതിന്റെ ആവേശം മൂത്ത അവസരമായിരുന്നു. ഇങ്ങനെയൊരു സംരംഭത്തിന് നിന്നുകൊടുക്കുന്നതിലെ ചതിക്കുഴികളെന്തൊക്കെയാവുമെന്ന് അജിയെ ഞാന്‍ ആശങ്കയറിയിച്ചിരുന്നു. ഏതായാലും ഒട്ടും മുന്‍പരിചയമില്ലാത്ത സുരേഷിനെ അജി പരിചയപ്പെടുത്തി. അദ്ദേഹവും ഒരു ക്യാമറാമാനും സഹായിയും എന്നോട് സംവാദത്തിലേര്‍പ്പെടാന്‍ ഒരു പെണ്‍കുട്ടിയുമായി വീട്ടില്‍ വന്നു. ആ കുട്ടി തൊടുപുഴയിലെ സംഘകുടുംബത്തിലെ പഴയ സ്വയംസേവകന്റെ മകളായ കോളജ് വിദ്യാര്‍ത്ഥിനിയായിരുന്നു. കര്‍ണാടകത്തിലെ ധാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ സാമൂഹ്യ സേവനത്തില്‍ ബിരുദാനന്തര പഠനം കഴിഞ്ഞ് ഇപ്പോള്‍ തൊടുപുഴ നഗരസഭയിലെ തെരഞ്ഞെടുക്കപ്പെട്ട അംഗം ശ്രീലക്ഷ്മി. അതിന് മുന്‍പ് വിദ്യര്‍ത്ഥി പരിഷത്തില്‍ സംസ്ഥാനതലത്തിലുള്ള ചുമതലകള്‍ വഹിച്ചിരുന്നു. തിരുവനന്തപുരത്ത് പരിഷത്തിന്റെ മുഴുസമയ പ്രവര്‍ത്തകയായുമുണ്ടായിരുന്നു. സുരേഷ് തയ്യാറാക്കി വച്ചിരുന്ന തിരക്കഥയെന്നു പറയാവുന്ന വിവരങ്ങള്‍ നോക്കിയപ്പോള്‍ സംഘ സ്വയംസേവകനും പ്രചാരകനും ജനസംഘ സംഘടനാ കാര്യദര്‍ശിയുമാകുന്നതിന്റെ പ്രയാണം പെട്ടിയിലാക്കുകയായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യമെന്നു മനസ്സിലായി. ബാല്യകാലം കഴിച്ച വീടുകളിലും പള്ളിക്കൂടങ്ങളിലും അമ്പലങ്ങളിലും അമ്പലക്കുളങ്ങളിലുമൊക്കെ ഞങ്ങളുടെ സംഘം ചെന്ന് ഷൂട്ടിങ് നടത്തി. അതിനിടെ ബിജെപിയില്‍ പുതിയ രീതിയില്‍ അംഗത്വം നല്‍കുന്നവരുടെ സംഘവും അവിടെയെത്തി. ജനസംഘത്തിന്റെ കാലത്ത് 25 പ്രാഥമികാംഗങ്ങളെ ചേര്‍ക്കുന്നയാള്‍ക്കാണ് സജീവാംഗമാവാന്‍ കഴിയുമായിരുന്നത്. സജീവാംഗത്തിനു മാത്രമേ സ്ഥാനീയസമിതിക്കുപരിയുള്ള സമിതികളില്‍ ഭാരവാഹിയാകാന്‍ കഴിയുമായിരുന്നുള്ളൂ. പരമേശ്വര്‍ജിയും ഒ. രാജേട്ടനും പി.ആര്‍.നമ്പ്യാര്‍ജിയും കെ. രാമകുമാറും പ്രൊഫ. ലക്ഷ്മി നാരായണനും കെ.ജി.മാരാരും രാമന്‍ പിള്ളയും എം. ദേവകിയമ്മ ടീച്ചറുമൊക്കെ അംഗത്വ പുസ്തകവുമായി അംഗങ്ങളെ ചേര്‍ക്കാന്‍ നടന്നത് ഓര്‍ക്കുന്നു.
ഇപ്പോള്‍ ആ ബുദ്ധിമുട്ടില്ല. ഒരു നിര്‍ദിഷ്ട നമ്പരിലേക്ക് മൊബൈലില്‍ നിന്നു നിങ്ങളുടെ വിവരങ്ങള്‍ വാട്‌സാപ്പ് അയച്ചാല്‍ മതി. സുരേഷിന്റെ നേതൃത്വത്തിലുള്ള ഷൂട്ടിങ് സംഘം എന്റെ പുരാതനമായ തറവാട്ടിലെ ഷൂട്ടിങ് എടുത്ത സമയത്താണ് അജിയുടെ നേതൃത്വത്തില്‍ അംഗത്വ വാട്‌സാപ്പു സംഘം എത്തിയത്. പ്രകൃതി അനുഗ്രഹിച്ച എന്റെ വീട്ടുപരിസരങ്ങളിലെ കനാല്‍ കരയിലും വാഴത്തോപ്പിലുമെല്ലാം പോയി സംഘ ജനസംഘ ചരിത്രത്തിന്റെ വിവരണം നല്‍കാന്‍ അദ്ദേഹം തിരക്കഥയൊരുക്കിയിരുന്നു. അന്ന് അമൃതാ ടിവിയില്‍ ജോലിയായിരുന്ന മകന്‍ അനുനാരായണനും ഇക്കാര്യത്തില്‍ സുരേഷിനു വേണ്ട ഒത്താശകള്‍ ചെയ്തിരുന്നു. കേരളത്തിലെ സംഘത്തിന്റെ വളര്‍ച്ചയെപ്പറ്റിയും അതു സാധ്യമാക്കിയ പ്രചാരകരും അല്ലാത്തവരുമായ പ്രധാന പ്രവര്‍ത്തകരെപ്പറ്റിയും ആ സംഭാഷണങ്ങൡ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
പ്രകൃതിമനോഹരമായ മലങ്കര തടാകത്തിലേക്കു വടക്കനാറ് എന്ന പുഴ ചേരുന്ന ഭാഗത്തെ വിശാലമായ വെളിമ്പ്രദേശത്തും ഒരു ദിവസം പോയിരുന്നു. അവിടെയും ചരിത്രാനുഭവങ്ങള്‍ വിവരിച്ചു റെക്കോര്‍ഡ് ചെയ്യുകയായിരുന്നു ഉദ്ദേശം. ഏതാണ്ട് ബിജെപിയുടെ ആദ്യകാലവും ജന്മഭൂമിയുടെ തുടക്കക്കാലവും വരെയുള്ള ഘട്ടങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായി. ഇനി അതിന്റെ കാര്യങ്ങളൊക്കെ എഡിറ്റ് ചെയ്ത് കാണിച്ചശേഷം ബാക്കിയാലോചിക്കാമെന്ന ധാരണയില്‍ ഞങ്ങള്‍ പിരിഞ്ഞു. പിന്നീട് ഇടപ്പള്ളിയിലും ഇരിഞ്ഞാലക്കുടയിലും മറ്റുമായി ഒരു സിനിമയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട തിരക്കിലാണ് എന്നദ്ദേഹം പറയാറുണ്ടായിരുന്നു. സംഘത്തിന്റെയും ബിജെപിയുടെയും അവയുമായി ബന്ധപ്പെട്ട മറ്റ് പരിപാടികള്‍ക്കും അദ്ദേഹം പങ്കെടുക്കാറുണ്ട്, കര്‍ഷകമോര്‍ച്ചയിലും ഐടി സെല്ലിലുമൊക്കെ ജില്ലാതല ചുമതലകള്‍ വഹിക്കാറുമുണ്ടായിരുന്നു.
ശാസ്ത്രസാങ്കേതിക രംഗങ്ങളില്‍ അദ്ദേഹത്തിന് നല്ല താല്‍പര്യമുണ്ടായിരുന്നുവെന്നറിയാം. ജ്യോതിശാസ്ത്രപരമായും ശൂന്യാകാശ ദൗത്യത്തിന്റെ ചുമതലക്കാരുമായും നല്ല അടുപ്പവും സമ്പര്‍ക്കവുമുണ്ടായിരുന്നു. ഐഎസ്ആര്‍ഒ തലവനായിരുന്ന ഡോ. രാധാകൃഷ്ണന്റെ ജ്യോതിഷത്തിലുള്ള വിശ്വാസത്തെപ്പറ്റിയും അദ്ദേഹം പറയുമായിരുന്നു. കൈമുക്ക് വൈദികനുമായി നിലനിര്‍ത്തിയ ബന്ധത്തെപ്പറ്റിയും സന്ദര്‍ഭവശാല്‍ പറയുമായിരുന്നു.
സംഗമഗ്രാമ (ഇരിഞ്ഞാലക്കുട)ത്തിന് വാനനിരീക്ഷണ ശാസ്ത്രത്തിലും സങ്കീര്‍ണ ഗണിതശാസ്ത്രത്തിലുമുണ്ടായിരുന്ന പ്രാധാന്യം സുരേഷ് വിവരിച്ചുതന്നതും രസകരമായിത്തോന്നി. ഇരിഞ്ഞാലക്കുടയെപ്പറ്റി പരാമര്‍ശിച്ചപ്പോള്‍ ഭാരതത്തിന്റെ ശാസ്ത്രദിനമായി ഡോ. സി.വി. രാമന്റെ ജന്മദിനം ആചരിക്കാനുള്ള പരമേശ്വര്‍ജിയുടെ താല്‍പര്യപ്രകാരം, ഡോ. രാമന്റെ സമകാലികനായിരുന്ന ഡോ. സി.എസ്. വെങ്കിടേശ്വരനെ ക്ഷണിക്കാന്‍ പോയതോര്‍ത്തു. ഇരിഞ്ഞാലക്കുടയിലെ തന്നെ വസതിയിലാണ് താമസിക്കുന്നതെന്ന വിവരം പറഞ്ഞപ്പോള്‍, ദിനാചരണത്തിന് അദ്ദേഹത്തെ ക്ഷണിക്കാന്‍ തീരുമാനിച്ചു. ഡോ. രാമനും വെങ്കിടേശ്വരനും ഒരുമിച്ചു പ്രവര്‍ത്തിച്ച് ഗവേഷണത്തിലേര്‍പ്പെട്ടിരുന്നവരുമായിരുന്നു. ഒറ്റമുണ്ടും രണ്ടാം മുണ്ടുമായി നിലത്തു പടിഞ്ഞിരുന്നു ലോകപ്രസിദ്ധ സര്‍വകലാശാലകളിലെ ഗവേഷണ പ്രബന്ധങ്ങള്‍ പരിശോധിക്കുകയായിരുന്നു ഞങ്ങളുടെ മുന്‍ പ്രിന്‍സിപ്പല്‍ ഡോ. വെങ്കിടേശ്വരന്‍.
സുരേഷ് നാരായണന്റെ കാര്യം പറഞ്ഞാണല്ലോ ഇരിഞ്ഞാലക്കുടയിലും ഡോ. വെങ്കിടേശ്വരനിലും എത്തിയത്. നമ്മുടെ വലിയൊരു വാഗ്ദാനമായിരുന്നു സുരേഷ്. സ്വന്തം അവകാശങ്ങള്‍ സ്ഥാപിക്കാന്‍ ഏതറ്റംവരെ പോകാനും അദ്ദേഹം തയാറായി. തനിക്ക് പരമ്പരാഗതമായി ലഭിച്ച കുറെ സ്ഥലവും ക്ഷേത്രസ്ഥാനവും ക്രൈസ്തവരായ ചിലര്‍ കയ്യേറി അവ നശിപ്പിച്ചു കളഞ്ഞത് തിരിച്ചുപിടിക്കാന്‍ ചതുരുപായങ്ങളും പ്രയോഗിച്ച് ജയിച്ച വിവരം സുരേഷ് ഒരിക്കല്‍ വിവരിച്ചു. സിവില്‍ കേസുകള്‍ അനന്തമായി നീണ്ടുപോയി. ഒടുവില്‍ സുപ്രീംകോടതി വരെ പോകേണ്ടിവന്നു, അനുകൂലമായ അന്തിമവിധിക്കായി. ആ സ്വന്തം ഭൂമിയില്‍ ജീവിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. പക്ഷേ സ്വശരീരം അവിടെ പഞ്ചഭൂതങ്ങളില്‍ ലയിപ്പിക്കാന്‍ സാധിച്ചുവെന്നേയുള്ളൂ. തൊടുപുഴയിലെ സംഘപരിവാറിനു മാത്രമല്ല കല, സാങ്കേതിക, ചലച്ചിത്ര മേഖലകളില്‍ വാഗ്ദാനമായിരുന്ന്, സകലവിധയാളുകള്‍ക്കും, സന്തോഷം നല്‍കിവന്ന ആള്‍ ഇനിയില്ല എന്ന നഷ്ടബോധം ബാക്കി നില്‍ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: