ലഖ്നൗ : ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പാകെ വിശാല സഖ്യമുണ്ടാക്കാനുള്ള അഖിലേഷ് യാദവിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടി. എസ്പി സഖ്യത്തിനൊപ്പം തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഭിം ആര്‍മി അറിയിച്ചു. സമാജ്വാദി പാര്‍ട്ടിയുമായി ഒരു സഖ്യത്തിനുമില്ലെന്ന് ഭിം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് അറിയിച്ചു.
സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെയാണ് ബിജെപിക്കെതിരെ സഖ്യമുണ്ടാക്കാനുള്ള എസ്പി നേതാവ് അഖിലേഷ് യാദവിന്റെ ശ്രമം പാളിയത്. യുപി തെരഞ്ഞെടുപ്പില്‍ 10 സീറ്റുകളാണ് ഭീം ആര്‍മി ആവശ്യപ്പെട്ടത്. എന്നാല്‍ മൂന്ന് സീറ്റുകള്‍ നല്‍കാമെന്നായിരുന്നു എസ്പിയുടെ നിലപാട്. ഇതിന് ചന്ദ്രശേഖര്‍ ആസാദ് വിസമ്മതിക്കുകയും സഖ്യത്തില്‍ മത്സരിക്കാന്‍ ഇല്ലെന്നും അറിയിക്കുകയായിരുന്നു.
എല്ലാവരേയും ഒരുമിച്ച് കൊണ്ടു പോകാനുള്ള ഉത്തരവാദിത്തം താന്‍ അഖിലേഷിനെ ഏല്‍പ്പിച്ചിരുന്നു. ആറ് മാസത്തോളം അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ രണ്ട് ദിവസമായി അദ്ദേഹത്തെ കാണുന്നതിന് വേണ്ടി താന്‍ ലഖ്നൗവില്‍ തന്നെ ഉണ്ടായിരുന്നു. പക്ഷേ എന്നെ കാണാന്‍ കൂട്ടാക്കിയില്ല. എന്നെ ഒന്ന് വിളിക്കുക പോലും ചെയ്യാതെ അപമാനിക്കുകയായിരുന്നു.
അഖിലേഷിന് ദളിതരെ ആവശ്യമില്ല. സാമൂഹിക നീതി എന്നാല്‍ എന്താണെന്ന് അഖിലേഷ് യാദവിന് അറിയില്ല. ദളിതരുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും അദ്ദേഹം മൗനം പാലിക്കുന്നത് തുടരുകയാണ്. അഖിലേഷ് യാദവിനെ സഹോദരനെ പോലെയാണ് കണക്കാക്കിയതെന്നും ചന്ദ്രശേഖര്‍ ആസാദ് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: