കൊല്ലം: കൊവിഡ് മൂലം മരിച്ചവരുടെ ആശ്രിതര്‍ക്ക് ആനുകൂല്യം നേടിയെടുക്കാന്‍ കടമ്പകളേറെ. മരണം കൊവിഡ് മൂലമെന്ന് ബോധ്യമാക്കുന്ന കൃത്യമായ രേഖകളുള്ളവര്‍ പോലും സംസ്ഥാന സര്‍ക്കാരിന്റെ മാനദണ്ഡങ്ങളിലും നൂലാമാലകളിലും വലയ്ക്കുകയാണ്.
താലൂക്ക് തലത്തില്‍ അദാലത്തുകള്‍ സംഘടിപ്പിച്ച് അതുവഴി എത്രയും വേഗം ആനുകൂല്യം ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും ഒന്നും നടപ്പാകുന്നില്ല. ജനങ്ങളെ എത്രത്തോളം വലയ്ക്കാമോ അത്രത്തോളം ബുദ്ധിമുട്ടിക്കുകയാണ്. ആനുകൂല്യം ലഭിക്കുന്നതിന് പ്രധാനമായും കൊവിഡ് രോഗംബാധിച്ച രേഖയും കൊവിഡ് മരണമെന്ന് രേഖപ്പെടുത്തിയ മരണ സര്‍ട്ടിഫിക്കറ്റും ലഭിച്ചവര്‍ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്ന് ഓണ്‍ലൈന്‍ വഴി ലഭിക്കുന്ന ഡെത്ത് ഡിക്ലറേഷന്‍ സര്‍ട്ടിഫിക്കറ്റു കൂടി ഹാജരാക്കണം. ഇതിനാണ് ദുരിതം.
മരണ സര്‍ട്ടിഫിക്കറ്റിന് അക്ഷയ വഴി അപേക്ഷ നല്‍കണം. ഒറ്റത്തവണ ലഭിച്ചില്ലെങ്കില്‍ വീണ്ടും അപ്പീല്‍ അപേക്ഷ നല്‍കണം. ഇത് അനാവശ്യ നടപടിയാണെന്ന് ഉദ്യോഗസ്ഥര്‍ പോലും സമ്മതിക്കുന്നു. അക്ഷയ വഴി അപേക്ഷ നല്കിയവര് മരണ സര്‍ട്ടിഫിക്കറ്റ് കിട്ടാതെ വരുമ്പോള്‍ ആരോഗ്യ വകുപ്പ് അധികൃതരെ സമീപിച്ചാല്‍ വീണ്ടും അപേക്ഷ നല്‍കാനാണ് അധികൃതര്‍ പറയുന്നത്. രണ്ടും മൂന്നും തവണ അപേക്ഷ നല്‍കിയിട്ടും കിട്ടാത്തവരുണ്ട്.
കൊവിഡ് ജീവന് കവര്‍ന്ന് ആറുമാസം മുതല്‍ ഒരുവര്‍ഷം വരെ പിന്നിട്ട കേസുകളിലും ഇതേ പ്രതിസന്ധികള്‍ നിലനില്ക്കുന്നു. കൊവിഡ് വന്ന് 30 ദിവസത്തിനുള്ളില്‍ മരിച്ചവര്‍ക്കും ഇതേ അവസ്ഥ തന്നെ. പലരും കൊവിഡ് മൂലമുള്ള മരണമെന്ന് സര്‍ട്ടിഫിക്കറ്റ് മാറ്റിവാങ്ങാന്‍ കാത്തുനില്ക്കുന്നു.
പലര്‍ക്കും മെഡിക്കല്‍ രേഖകളില്‍ മരണകാരണം കൃത്യമായി കൊവിഡ് എന്ന് രേഖപ്പെടുത്തിയിട്ടില്ല. കൊവിഡ് വന്ന് നെഗറ്റീവായി കഴിഞ്ഞാണ് പലരും മരിച്ചത്. ഈ ആശയക്കുഴപ്പം മാറ്റാനാണ് 30 ദിവസമെന്ന മാനദണ്ഡം വച്ചത്. അതും ആശ്രിതര്‍ക്ക് തലവേദനയാകുന്നു. കൊവിഡ് ബാധിച്ചു മരിച്ചവരുടെ ആശ്രിതര്‍ക്ക് കിട്ടേണ്ട ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നതിനുള്ള നടപടി ക്രമങ്ങള്‍ കൂടുതല്‍ സുതാര്യമാക്കണമെന്നാണ് ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: