തിരുവനന്തപുരം : ആഭ്യന്തരം, ആരോഗ്യം വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നതില്‍ രണ്ടാം പിണറായി സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് രൂക്ഷ വിമര്‍ശനവുമായി സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനം. മുഖ്യമന്ത്രിയുടെ ഓഫീസും പരാജയമാണ്. ജനങ്ങളുടെ ആവശ്യങ്ങളുമായി എത്തുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വേണ്ടത്ര പരിഗണന കിട്ടുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
പിണറായി സര്‍ക്കാരിന്റെ തുടര്‍ ഭരണം പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല. ഒന്നാം പിണറായി സര്‍ക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ തുടര്‍ഭരണത്തിലൂടെ അധികാരത്തിലേറിയ രണ്ടാം സര്‍ക്കാര്‍ മികവുതെളിയിക്കാന്‍ സാധിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഐകോപനത്തിന് ആരും ഇല്ലെന്ന സ്ഥിതിയാണെന്നും സിപിഎം ജില്ലാ സമ്മേളനത്തില്‍ പ്രതിനിധികള്‍ വിമര്‍ശിച്ചു.
ആഭ്യന്തര വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ട്. സംസ്ഥാനത്തെ ആശുപത്രികളിലെ സേവനങ്ങള്‍ മെച്ചപ്പെടണമെന്നും സമ്മേളനത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു. കെ റെയില്‍ മുഖ്യമന്ത്രിക്കും മരുമകനും പണം തട്ടാനെന്ന് എതിരാളികള്‍ പ്രചരിപ്പിക്കുന്നു. ഇത്തരം പ്രചാരണങ്ങളും നേരിടണമെന്ന് സിപിഎം കാട്ടാക്കട ഏരിയ കമ്മിറ്റി നിര്‍ദ്ദേശിച്ചു.
രണ്ടാം സര്‍ക്കാര്‍ മികവുതെളിയിക്കുന്നില്ലെന്നാണ് ഏരിയകമ്മിറ്റികളില്‍ നിന്നും പൊതുവേ ഉയര്‍ന്ന വിമര്‍ശനം. തദ്ദേശഭരണ വകുപ്പ് നിര്‍ജീവമാണെന്നും വിമര്‍ശമുണ്ടായി. സര്‍ക്കാരിനെതിരെയുള്ള ആരോപണങ്ങളെ വേണ്ടവിധം പ്രതിരോധിക്കാന്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും കഴിയുന്നില്ല. ഇത്തരം പ്രചാരണങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക