പൊന്‍കുന്നം: ചിറക്കടവ് ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീയുടെ മറവില്‍ നടന്ന ചിട്ടിതട്ടിപ്പ് ഒതുക്കി തീര്‍ക്കാന്‍ നീക്കം. പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ ശാന്തിഗ്രാം കോളനി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കുടുംബശ്രീയിലാണ് ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടന്നതെന്നാണ് ആരോപണം. കുടുംബശ്രീ ഭാരവാഹികളും രണ്ടാം വാര്‍ഡിലെ സിപിഎം മുന്‍ വനിതാ പണ്ടായത്തംഗവും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയതെന്നാണ് ആക്ഷേപം.
ഇവര്‍ സംഘം ചേര്‍ന്ന് ഒന്നര ലക്ഷം രൂപ വരുന്ന 150 അംഗങ്ങളുടെ ചിട്ടിയാണ് നടത്തിയിരുന്നത്. എന്നാല്‍ നറുക്ക് വീണ 100 അംഗങ്ങള്‍ക്ക് പണം കിട്ടാതെ വന്നതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. ചിട്ടി നറുക്ക് വീണ വിവരം അംഗങ്ങളെ അറിയിക്കാതെ പണം ഭാരവാഹികള്‍ സ്വന്തം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയായിരുന്നു. വീടുവയ്ക്കുന്നതിനും വാഹനം വാങ്ങുന്നതിനും പലിശയ്ക്ക് കൊടുക്കുന്നതിനുമാണ് ഈ പണം ഉപയോഗിച്ചതെന്നാണ് വിവരം.
കൊവിഡ് മഹാമാരി ആയതിനാല്‍ ഏറിയ പങ്ക് സാധാരണക്കാരായ കുടുംബശ്രീ അംഗങ്ങള്‍ക്ക് ചിട്ടിസംബന്ധിച്ച് ശരിയായ വിവരം ലഭിച്ചിരുന്നില്ല. എന്നാല്‍ കൃത്യമായി തവണകള്‍ അടയ്ക്കുകയും ചെയ്തിരുന്നു. ഇപ്രകാരം ഒരു ലക്ഷം രൂപ വരെ അടച്ച നൂറോളം ആള്ക്കാര് തട്ടിപ്പിന് ഇരയായെന്നാണ് അറിയുന്നത്.
തട്ടിപ്പ് വിവരം പുറത്തുവന്നതോടെ നിരവധി ആളുകള്‍ പരാതിയുമായി പൊന്‍കുന്നം പോലീസ് സ്റ്റേഷനിലെത്തി. എന്നാല്‍ പരാതിയില്‍ കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല. ആരോപണ വിധേയരെയും പരാതിക്കാരെയും ഒരുമിച്ചിരുത്തി പോലീസ് നടത്തിയ ചര്‍ച്ചയില്‍ പരാതി ഒത്തുതീര്‍പ്പാക്കിയെന്നാണ് വിവരം. ലക്ഷക്കണക്കിന് രൂപയുടെ ഇടപാടായിരുന്നതിനാല്‍ കേസിന് പോയാല്‍ കാലതാമസം ഉണ്ടാകുമെന്ന ഇടനിലക്കാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പരാതിക്കാര്‍ ഒത്തുതീര്‍പ്പിന് തയ്യാറായത്. ഒരു മാസത്തിനുള്ളില്‍ പരാതിക്കാര്‍ക്ക് മൊത്തം തുകയും തിരിച്ച് നല്‍കണമെന്നാണ് ധാരണ. സാമ്പത്തിക കേസായതിനാല്‍ പോലീസിന് ഇതിനപ്പുറം ഒന്നും ചെയ്യാനില്ല. തട്ടിപ്പുകാര്‍ ധാരണ ലംഘിച്ചാല്‍ പരാതിക്കാര്‍ക്ക് കോടതിയെ ആശ്രയിക്കേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: