കൊച്ചി :നടിയെ ആക്രമിച്ചവര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിന്റെ പക്കലുണ്ട്. ഈ ദൃശ്യങ്ങള്ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ട്. അതിനാല്‍ ദൃശ്യങ്ങള്‍ കോടതി വാങ്ങി സൂക്ഷിക്കണമെന്ന ആവശ്യവുമായി നടന് ദിലീപ്. വിചാരണക്കോടതിയില്‍ നല്കിയ പുതിയ ഹര്‍ജിയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
ദൃശ്യങ്ങള്‍ പക്കലുള്ള അന്വഷണ ഉദ്യോഗസ്ഥന് ചിലപ്പോള്‍ ഇത് ദുരുപയോഗം ചെയ്തേക്കാം. ഒരു പക്ഷെ തന്നെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ വേണ്ടിയും ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ചേക്കാം. അതുകൊണ്ട് ഈ ദൃശ്യങ്ങള്‍ ഡിവൈഎസ്പിയുടെ പക്കല്‍ നിന്നും വാങ്ങി കോടതിയുടെ കസ്റ്റഡിയില്‍ സൂക്ഷിക്കണമെന്നാണ് ആവശ്യം. ഹര്‍ജി അടുത്ത ദിവസം വിചാരണ കോടതി പരിഗണിച്ചേക്കും.
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി അടുത്ത ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റി. അതിനിടയിലാണ് ദിലീപ് വിചാരണക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജി കോടതി പരിഗണിക്കുന്നത് വരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്ന് പോലീസും കോടതിയില്‍ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: