ചിറ്റൂര്‍: തമിഴ് നാട്ടുകാരുടെ വിളവെടുപ്പ് ഉത്സവമായ പൊങ്കൽ ആഘോഷത്തിൽ അതിർത്തി ഗ്രാമങ്ങൾ. ‘തൈ പിറന്താല്‍ വഴി പിറക്കു’മെന്നതാണ് തമിഴരുടെ വിശ്വാസം. തമിഴ് സംസ്‌കാരവുമായി ഇഴുകിച്ചേര്‍ന്ന ചിറ്റൂരിന്റെ കിഴക്കന്‍ മേഖലയിലെ വടകരപ്പതി, എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ പഞ്ചായത്തുകളിലെ ഗ്രാമങ്ങളിലാണ് പൊങ്കല്‍ പ്രധാനമായും ആഘോഷിക്കുന്നത്. ഇവര്‍ തിങ്ങിപ്പാര്‍ക്കുന്ന മറ്റിടങ്ങളിലും പൊങ്കല്‍ ആഘോഷിക്കാറുണ്ട്.
തമിഴ് തിരുനാള്‍ എന്നറിയപ്പെടുന്ന പൊങ്കല്‍ അതിര്‍ത്തി ഗ്രാമങ്ങളിലെ ഉത്സവമാണ്. കാപ്പുകെട്ടല്‍, തൈപൊങ്കല്‍, മാട്ടുപൊങ്കല്‍, പൂപൊങ്കല്‍ എന്നിങ്ങനെ നാലുദിവസങ്ങളിലായാണ് ആഘോഷം. പ്രകൃതിയും മനുഷ്യരും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതാണ് പൊങ്കലിനോടനുബന്ധിച്ച് നടക്കുന്നത്. മാര്‍ഗഴി മാസം കഴിഞ്ഞ് തൈമാസപിറവിയോടെയാണ് തൈപ്പൊങ്കല്‍. ഇന്നലെയായിരുന്നു കാപ്പ്‌കെട്ടല്‍ ചടങ്ങ്. വീടും, കാലിത്തൊഴുത്തും വൃത്തിയാക്കി എരിക്കില, മാവില, കുരുത്തോല എന്നിവകൊണ്ട് കാപ്പ് കെട്ടി കോലമിട്ട് ലക്ഷ്മിദേവിയെ വരവേല്‍ക്കുന്ന ചടങ്ങോടെയാണ് പൊങ്കലിന് തുടക്കമാവുന്നത്.
ഇന്ന് രാവിലെ വീടുകളില്‍ പൊങ്കല്‍ വെപ്പ് നടന്നു. സൂര്യദേവനെ അനുസ്മരിക്കുന്ന വഴിപാടാണിത്. മാട്ടുപൊങ്കലായ നാളെ ഭൂമിദേവിയേയും കന്നുകളെയും ആദരിക്കും. മാടുകളെ കുളിപ്പിച്ച് പട്ടുവസ്ത്രങ്ങള്‍ അണിയിച്ച് വയലില്‍ എത്തിച്ച് നിവേദ്യം നല്‍കും. തുടര്‍ന്ന് ഗോപൂജയും നടത്തും. ആഘോഷത്തിന്റെ മുഖ്യയിനമായ പൂ പൊങ്കല്‍ ഞായറാഴ്ചയാണ്. ഈ ദിവസം ദൈവവിഗ്രഹങ്ങള്‍ ഉണ്ടാക്കി പുഴയില്‍ ഒഴുക്കുന്ന സ്ത്രീ കൂട്ടായ്മയില്‍ നടക്കുന്ന ആഘോഷത്തോടെയാണ് പൊങ്കലിന് സമാപനമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: