കൊച്ചി : ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളിയില്‍ കുറ്റകരമായ ഉള്ളടക്കങ്ങള്‍ ഒന്നുമില്ലെന്ന് പോലീസ്. സിനിമയിലെ സംഭാഷണങ്ങളെ കുറിച്ചുള്ള വിമര്‍ശനങ്ങളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി പോലീസിന് പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ ചിത്രത്തിലെ സംഭാഷണങ്ങള്‍ കഥയോടും കഥാപാത്രങ്ങളോടും ചേര്‍ത്തുവെച്ച് വേണം കാണാന്‍. കുറ്റകരമായ ഉള്ളടക്കങ്ങള്‍ സിനിമയില്‍ ഒന്നുമില്ലെന്നും പോലീസ് സമിതിയുടെ കണ്ടെത്തലില്‍ പറയുന്നുണ്ട്.
പൊതുധാര്‍മികതയ്‌ക്ക് നിരക്കാത്ത സിനിമയാണ് ചുരുളി. ചിത്രം ഒടിടിയില്‍ നിന്നടക്കം നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് തൃശ്ശൂര്‍ കോലഴി സ്വദേശിനിയായ അഭിഭാഷക പെഗ്ഗിഫെന്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ചുരുളി സിനിമയില്‍ നിയമ ലംഘനമുണ്ടോയെന്ന് പരിശോധിക്കാന്‍ എഡിജിപി കെ. പദ്മകുമാറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയെയാണ് ചുമതലപ്പെടുത്തിയത്. തിരുവനന്തപുരം റൂറല്‍ എസ്പി ദിവ്യ ഗോപിനാഥ്, തിരുവനന്തപുരം സിറ്റി അഡ്മിന്‍ എസിപി എ. നസീമ എന്നിവരും സമിതിയിലെ മറ്റ് അംഗങ്ങളായിരുന്നു. കഥ ആവശ്യപ്പെടുന്ന ഭാഷയാണ് സംഭാഷണങ്ങളില്‍ ഉപയോഗിക്കുക. എങ്കിലും നിയമവശങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താനുണ്ടെന്നും സമിതി അഭിപ്രായപ്പെട്ടു.
ചുരുളിയെ സംഭാഷണങ്ങള്‍ സ്ത്രീകളുടേയും കുട്ടികളുടേയും അന്തസ്സിനെ കളങ്കപ്പെടുത്തുന്നതാണെന്നും ഹര്‍ജിക്കാരി കോടതിയില്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇങ്ങനെയൊക്കെ പരാതി ഉയര്‍ത്തിയാല്‍ ഒരാള്‍ക്കും സിനിമയ്‌ക്കു തിരക്കഥ എഴുതാനാവില്ലെന്ന് കോടതിയും ഹര്‍ജി പരിഗണിക്കുന്നതിനിടെ വ്യക്തമാക്കിയിരുന്നു.
ചലച്ചിത്രകാരന്റെ സൃഷ്ടിയാണ് സിനിമ. കലാകാരന്റെ സ്വാതന്ത്ര്യമെന്നാല്‍ സങ്കല്‍പ്പിക്കാനും സൃഷ്ടിക്കാനും പ്രകടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യമാണ്. ചുരുളി ഒടിടി പ്ലാറ്റ്ഫോമിലാണ് പ്രദര്‍ശിപ്പിക്കുന്നത്. ആവശ്യമുള്ളവര്‍ക്ക് പണം കൊടുത്തു കാണാം. ഒരാളും അതു കാണാന്‍ നിര്‍ബന്ധിക്കുന്നില്ല. നിര്‍ബന്ധപൂര്‍വം ഒരാളെ കാണിയാക്കി മാറ്റുന്ന ഒന്നല്ല ഒടിടി പ്ലാറ്റ്ഫോമുകളെന്നും കോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: