കൊല്ലം: അറുപതു വയസ്സു കഴിഞ്ഞ വയോജനങ്ങള്‍ക്കും ശയ്യാവലംബരായ വയോജനങ്ങള്‍ അല്ലാത്തവര്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ വഴി വിതരണം ചെയ്യുന്ന കട്ടില് സിപിഎം നിയന്ത്രണത്തിലുള്ള റബ്കോയില്‍ നിന്ന് വന്‍ തുകയ്ക്ക് വാങ്ങാന്‍ നീക്കം. സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നതില് അധിക തുക ഗുണഭോക്താവില്‍ നിന്ന് ഈടാക്കി കട്ടില് വാങ്ങി നല്‍കാനുള്ള അനുമതിയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് നല്‍കിയിരിക്കുന്നത്.
മാനദണ്ഡ പ്രകാരമുള്ള ഗുണഭോക്താക്കള്‍ക്ക് പരാമവധി 4350 രൂപയ്ക്ക് കട്ടില് വാങ്ങി നല്‍കാനാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നത്. സിഡ്കോ ഉള്‍പ്പെടെ സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികളില്‍ നിന്ന് ടെന്‍ഡറിലൂടെയായിരുന്നു തദ്ദേശ സ്ഥാപനങ്ങള്‍ കട്ടില് വാങ്ങിയിരുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ പുതിയ ഉത്തരവില്‍ ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ കൂടാതെ വില നിര്‍ണയ കമ്മിറ്റിക്ക് നേരിട്ട് റബ്കോ ഫര്‍ണീച്ചറുകള്‍ വാങ്ങുന്നതിന് അനുമതി നല്കി.
റബ്കോയുടെ 6.25ഃ2.5 അളവുള്ള കട്ടിലിന് (ഐറ്റം 78) 8061 രൂപയും 6.25ഃ3 അളവ് കട്ടിലിന് (ഐറ്റം 113) 9576 രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന 4350 രൂപയില്‍ അധികമുള്ള തുക ഗുണഭോക്താവില്‍ നിന്ന് ഇടാക്കണമെന്നാണ് ഉത്തരവിലുള്ളത്. ഇതുവരെ സൗജന്യമായാണ് കട്ടില് നല്കിയിരുന്നതെങ്കില് ഇനി മുതല്‍ 6.25ഃ2.5 അളവിലുള്ള റബ്കോ കട്ടില് ആവശ്യമുള്ള ഗുണഭോക്താവ് 3711 രൂപയും 6.25ഃ3 അളവിലുള്ള കട്ടിലിന് 5226 രൂപയും നല്‍കണം.
മാര്‍ക്കറ്റില്‍ ഇതേ അളവുകളിലുള്ള സാമാന്യം ഗുണനിലവാരമുള്ള കട്ടിലിന് 4500-5500, 6000-7500 വിലയാണുള്ളത്. ബ്രാന്‍ഡഡ് അല്ലാത്ത കട്ടിലുകള്‍ ഇതിലും കുറഞ്ഞ വിലയ്ക്ക് ലഭിക്കും.
കഴിഞ്ഞ വര്‍ഷം വരെയും തദ്ദേശ സ്ഥാപനങ്ങള്‍ 4350 രൂപയില്‍ താഴെയുള്ള കട്ടിലാണ് വാങ്ങി വിതരണം ചെയ്തിരുന്നത്. പുതിയ ഉത്തരവ് പ്രകാരം ഉയര്‍ന്ന വിലയില്‍ കട്ടില് വാങ്ങുന്നതിലൂടെ പ്രതിവര്‍ഷം ഏകദേശം 157-250 കോടി രൂപയുടെ ഇടപാട് റബ്കോയിലൂടെ നടക്കും. സംസ്ഥാനത്ത് ഗ്രാമ, നഗരസഭ, കോര്‍പറേഷനുകളില്‍ 19,498 വാര്‍ഡുകളാണ് ഉള്ളത്. പ്രതിവര്‍ഷം എട്ടു മുതല്‍ 12 വരെ കട്ടിലുകളാണ് ഒരു വാര്‍ഡില്‍ വിതരണം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: