ന്യൂദല്‍ഹി: ഇന്ത്യ ചൈനയുമായുള്ള അതിര്‍ത്തി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തീരുമാനം. ഇന്നലെ ചേര്‍ന്ന ഇന്ത്യാ ചൈന സൈനിക കമാന്‍ഡര്‍മാരുടെ 14ാം കൂടിക്കാഴ്ചയിലാണ് പ്രശ്നങ്ങള്‍ ചര്‍ച്ചയായത്. ഇന്ത്യ ചൈനയും തമ്മില്‍ സൈനികനയതന്ത്ര മാര്‍ഗങ്ങളിലൂടെ അടുത്ത ബന്ധം നിലനിര്‍ത്താനും നിയന്ത്രണ രേഖയില്‍ ശേഷിക്കുന്ന പ്രശ്നങ്ങളുടെ പരസ്പര സ്വീകാര്യമായ പരിഹാരം എത്രയും വേഗം കണ്ടെത്താമെന്നും ധാരണയായി.
ഇന്നലെ നടന്ന പതിനാലാമത് കമാന്‍ഡര്‍ തല ചര്‍ച്ചയില്‍ അഴത്തിലുള്ള ചര്‍ച്ചകള്‍ നടന്നെന്നും ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. മുന്‍ചര്‍ച്ചകള്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കുള്ള നടപടികള്‍ തുടരുമെന്നും ഇരുരാജ്യങ്ങളും അറിയിച്ചു. നേരത്തെ ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി പ്രശ്നങ്ങള്‍ സമാധാനപരമായി പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് കരസേന മേധാവി ജനറല്‍ എംഎം നരവാനെ വ്യക്തമാക്കിയിരുന്നു. ഇന്ത്യ ചൈന കമാന്‍ഡര്‍ തല ചര്‍ച്ച ലഡാക്ക് അതിര്‍ത്തിയിലാണ് നടന്നത്. പതിനാലാമത് കമാന്‍ഡര്‍ തല ചര്‍ച്ചയില്‍ ലഫ്റ്റനന്റ് ജനറല്‍ അനിന്ദ്യ സെന്‍ഗുപ്തയാണ് ഇന്ത്യയെ നയിച്ചത്.
ഗല്‍വാന്‍ താഴ്വരയില് നിന്നും പാങ്കോംഗ് തടാകതീരത്ത് നിന്നും പിന്മാറാന് ഇരുരാജ്യങ്ങളും നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ആറുമാസമായി ചര്‍ച്ചകള്‍ വഴിമുട്ടി നില്‍ക്കുകയായിരുന്നു. ഹോട്ട് സ്പ്രിംഗ്, ദെപ്സാങ് എന്നിവിടങ്ങളിലെ പിന്മാറ്റമടക്കം യോഗത്തില്‍ ചര്‍ച്ചയായി. എന്നാല്‍ അതിര്‍ത്തിയിലെ തര്‍ക്കം പരിഹരിക്കാന്‍ ചര്‍ച്ച തുടരുമെന്ന് ഇന്ത്യയും ചൈനയും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: