ലഖ്നോ: കഴിഞ്ഞ ദിവസം ബിജെപിയില്‍ നിന്നും രാജിവെയ്ക്കുകയും യോഗി സര്‍ക്കാരില്‍ നിന്നും മന്ത്രിസ്ഥാനം ഉപേക്ഷിക്കുകയും ചെയ്ത സ്വാമി പ്രസാദ് മൗര്യയുടെ അസംതൃപ്തിക്ക് കാരണം മകന് സീറ്റ് നിഷേധിച്ചതുമൂലമെന്ന് ആരോപണം. മകന് ഉദ്കൃഷ്ട് മൗര്യ അശോകിന് വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കണമെന്ന് സ്വാമി പ്രസാദ് മൗര്യ വാശിപിടിച്ചിരുന്നു. എന്നാല്‍ യോഗി ഉള്‍പ്പെടെയുള്ളവര്‍ ഇതിന് വഴങ്ങിയില്ലെന്ന് പറയപ്പെടുന്നു.
2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ച ഉദ്കൃഷ്ട് മൗര്യ അശോക് തോറ്റുപോയിരുന്നു. ഉത്തര്‍പ്രദേശില്‍ അന്ന് ബിജെപി തരംഗമുണ്ടായിട്ടുകൂടി, മകന് ഉദ്കൃഷ്ട് മൗര്യ അശോക് പരാജയപ്പെട്ടതില്‍ സ്വാമി പ്രസാദ് മൗര്യയ്ക്ക് വേദനയുണ്ടായിരുന്നു. ഇക്കുറിയും തന്റെ മകന് സീറ്റ് നല്‍കണമെന്ന് സ്വാമി പ്രസാദ് മൗര്യ ബിജെപി നേതൃത്വത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. എന്നാല്‍ ഉറപ്പുള്ള സ്ഥാനാര്‍ത്ഥികളെ മാത്രം മത്സരിപ്പിക്കുക എന്ന നയമാണ് യോഗിയുടെ നേതൃത്വത്തിലുള്ള ടീം പിന്തുടരുന്നത്. തുടര്‍ഭരണം ഉറപ്പിക്കാനുള്ള കഠിനശ്രമത്തിലാണ് യോഗി. ടൈംസ് നൗ ഉള്‍പ്പെടെയുള്ള ചാനലുകള്‍ നടത്തിയ പ്രീപോള്‍ സര്‍വ്വേയില്‍ യോഗി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് പ്രവചിച്ചിരുന്നു. അതിനിടെയാണ് ബിജെപി ക്യാമ്പുകളില്‍ തലവേദന സൃഷ്ടിച്ച് സ്വാമി പ്രസാദ് മൗര്യ മന്ത്രിസ്ഥാനം രാജിവെച്ച് സമാജ് വാദി പാര്‍ട്ടിയിലേക്ക് പോയത്.
സ്വാമി പ്രസാദ് മൗര്യയുടെ മകള്‍ സംഘമിത്ര മൗര്യ ബിജെപി ടിക്കറ്റില്‍ ഉത്തര്‍പ്രദേശില്‍ നിന്നും ജയിച്ച ലോക്സഭാ എംപിയാണ്. ബിജെപിയുടെ പേരില്‍ എല്ലാ ആനുകൂല്യങ്ങളും പരമാവധി നേടിയെടുത്ത ശേഷം വീണ്ടും കുടുംബത്തിന് വേണ്ടി നേട്ടമുണ്ടാക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോഴാണ് സ്വാമി പ്രസാദ് മൗര്യ ബിജെപി വിട്ടതെന്നാണ് പറയപ്പെടുന്നത്.
യാദവ് ഒഴികെയുള്ള ഒബിസി വോട്ട് ബാങ്കാണ് സ്വാമി പ്രസാദ് മൗര്യയുടെ സ്വാധീന വലയത്തിലുള്ളത്. ഈ വോട്ട് ബാങ്ക് ലക്ഷ്യമാക്കിയാണ് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് നീങ്ങുന്നത്. എന്നും അധികാരത്തോടൊപ്പം ഒട്ടിനില്ക്കാന് ഇഷ്ടപ്പെട്ട നേതാവായിരുന്നു സ്വാമി പ്രസാദ് മൗര്യ. 2017ല്‍ അദ്ദേഹം മായാവതിയെ വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. അന്ന് എംഎല്‍എയും മന്ത്രിയുമായി. അതിന് മുന്‍പ് മായാവതിയോടൊപ്പമായിരുന്നു സ്വാമി പ്രസാദ് മൗര്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: