ബെംഗളൂരു: കോവിഡ് അതിവേഗം പരത്തുന്ന പദയാത്രയെന്ന് മാധ്യമങ്ങളുള്‍പ്പെടെ വിമര്‍ശനം ശക്തമായതോടെ പദയാത്ര നിര്‍ത്തിവെച്ച് കോണ്‍ഗ്രസ്. ഇതോടെ പദയാത്രയ്ക്ക് അനുകൂലമായി അവസാനനിമിഷം വരെ വാദിച്ച് പിടിച്ചുനിന്ന സിദ്ധരാമയ്യയ്ക്കും ശിവകുമാറിനും മുഖം നഷ്ടമായി.
മെക്കെദട്ടു പദയാത്ര ഉദ്ഘാടനം ചെയ്ത പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ആദ്യം കോവിഡ് പോസിറ്റീവായത്. ഇതോടെ ഭാഗികമായി പദയാത്ര റദ്ദാക്കി. കര്‍ണ്ണാടകത്തിലെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയാണ് ഭാഗികമായി പദയാത്ര നിര്‍ത്തിവെച്ച കാര്യം പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് പദയാത്ര റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സിദ്ദരാമയ്യയ്ക്കും കെപിസിസി പ്രസിഡന്റ് ഡി.കെ. ശിവകുമാറിനും കത്തെഴുതിയിരുന്നു.
മെക്കേദട്ടു പദയാത്രയില്‍ പങ്കെടുത്ത നിരവധി കുട്ടികള്‍ മുഖംമൂടി ധരിയ്ക്കാതെയും സാമൂഹ്യഅകലം പാലിക്കാതെയും കോവിഡ് പ്രൊട്ടോക്കോള്‍ ലംഘിച്ചതായി പരാതി ഉയര്‍ന്നിരുന്നു. ബുധനാഴ്ച മാത്രം കര്‍ണ്ണാടകയില്‍ 21,390 പേര് കോവിഡ് പോസിറ്റീവായി.
മെക്കേദട്ടു പദയാത്രയ്ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് എവിടെയാണ് കോവിഡ്? എന്നായിരുന്നു ഡി.കെ. ശിവകുമാര്‍ ചോദിച്ചിരുന്നത്. കഴിഞ്ഞ ദിവസം കര്‍ണ്ണാടക ഹൈക്കോടതിയും കോവിഡ് പരത്തുന്ന കോണ്‍ഗ്രസ് പദയാത്ര റദ്ദാക്കാത്തതിന് കര്‍ണ്ണാടകയിലെ ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. ഇതോടെയാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ യാത്ര നിരോധിക്കുമെന്ന അന്ത്യശാസനം ഇറക്കിയത്. എന്നാല്‍ വിമര്‍ശനം ശക്തമായതോടെ ശിവകുമാര്‍ നിശ്ശബ്ദനാകുകയായിരുന്നു. മെക്കേദട്ടു പദയാത്ര മൂലം കോവിഡ് പരക്കുമെന്ന് പരാതിപ്പെട്ട് കര്‍ണ്ണാടകത്തിലെ 60ഓളം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കളായ ഡി.കെ. ശിവകുമാര്‍, സിദ്ധരാമയ്യ എന്നിവരുള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ സാത്തനൂര്‍, റാം നഗര്‍, കനക്പുര ടൗണ്‍ എന്നീ പൊലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ എടുത്തിട്ടുണ്ട്. ഡികെ ശിവകുമാറിന് രോഗലക്ഷണങ്ങള്‍ കാണിച്ചിട്ടും അദ്ദേഹം കോവിഡ് പ്രൊട്ടോക്കോള്‍ ലംഘിച്ച് പദയാത്രയെ നയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: