ഹൂസ്റ്റണ്‍: സൗത്ത് വെസ്റ്റ് ഹൂസ്റ്റണില്‍ പതിനാറ് വയസ്സുള്ള വിദ്യാര്‍ത്ഥിനി അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു. ചൊവ്വാഴ്ച രാത്രി 9 മണിക്ക് നടക്കാനിറങ്ങിയപ്പോഴായിരുന്നു ആക്രമണം. വളർത്തു നായയുമായാണ് ഡയമണ്ട് അല്‍വാറസ് എന്ന കൗമാരക്കാരി നടക്കാനിറങ്ങിയതെന്ന് ഹൂസ്റ്റണ്‍ പോലീസ് അറിയിച്ചു.
ഡയമണ്ട് ഇല്ലാതെ വളര്‍ത്തുനായ തനിച്ചെത്തിയപ്പോഴാണ് വീട്ടുകാര്‍ അന്വേഷണം ആരംഭിച്ചത്. സൗത്ത് പോസ്റ്റ് ഓക് ബെല്‍റ്റ് വേയ്‌ക്ക് സമീപത്തുനിന്നും വെടിയൊച്ച കേട്ടതായി ആരോ പോലീസില്‍ അറിയിച്ചു. പോലീസ് എത്തുമ്പോള്‍ വെടിയേറ്റ് നിലത്തു കിടക്കുന്ന ഡയമണ്ട് മരണവുമായി മല്ലടിക്കുകയായിരുന്നു. സി.പി.ആര്‍ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല. സംഭവ സ്ഥലത്തുവച്ചുതന്നെ മരണം സംഭവിച്ചതായി പോലീസ് അറിയിച്ചു.
നിരവധി വെടിയൊച്ചകള്‍ കേട്ടതായും, കറുത്ത കളറുള്ള വാഹനം സംഭവ സ്ഥലത്തുനിന്നും പോകുന്നതായും സമീപത്തുള്ള കാമറകളില്‍ നിന്നും പോലീസ് കണ്ടെത്തി. എന്നാല്‍ പ്രതിയെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഹൂസ്റ്റണ്‍ മാഡിസണ്‍ ഹൈസ്‌കൂള്‍ സോഫൊമോര്‍ വിദ്യാര്‍ത്ഥിനിയായിരുന്നു ഡയമണ്ട്. കോസ്‌മെറ്റോളജിസ്റ്റ് ആകണമെന്നായിരുന്നു ആഗ്രഹം. വോളിബോള്‍, ബാസ്‌കറ്റ് ബോള്‍ തുടങ്ങിയ സ്‌പോര്‍ട്‌സ് ഇനങ്ങളില്‍ കുട്ടി താത്പര്യം പ്രകടിപ്പിച്ചിരുന്നതായും കുടുംബാംഗങ്ങള്‍ അറിയിച്ചു.
ഹൂസ്റ്റണ്‍ ഐഎസ്ഡി ഡയമണ്ടിന്റെ ആകസ്മിക വിയോഗത്തില്‍ അനുശോചനം അറിയിച്ചു. സഹപാഠികളെ ആശ്വസിപ്പിക്കുന്നതിന് കൗണ്‍സിലര്‍മാരെ പ്രത്യേകം നിയോഗിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: