തിരുവല്ല: പെരിയാര്‍ സങ്കേതത്തിലെ ഉള്‍പ്പെടെ കടുവകളുടെ എണ്ണം സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് ജൂലൈ അവസാനത്തോടെ പ്രസിദ്ധീകരിക്കും. കേന്ദ്ര വനം പരിസ്ഥിതി വകുപ്പാണ് കണക്ക് പ്രസിദ്ധീകരിക്കുന്നത്. കണക്കെടുപ്പിന്റെ ഭാഗമായുള്ള ക്യാമറ നിരീക്ഷണം പൂര്‍ത്തിയായി. പെരിയാര്‍ കടുവ സങ്കേതത്തിന്റെ അഞ്ച് മേഖലകളില്‍ ക്യാമറകള്‍ സ്ഥാപിച്ചാണ് നിരീക്ഷണം നടത്തിയത്. പെരിയാര്‍ ടൈഗര്‍ റിസര്‍വ് കേന്ദ്രത്തിന്റെ പടിഞ്ഞാറന്‍ ഡിവിഷനിലെ പമ്പ,അഴുത വന റേഞ്ചുകളിലാണ് ആദ്യം ക്യാമറകള്‍ സ്ഥാപിച്ചത്.
രണ്ട് റേഞ്ചുകളിലായി മാത്രം 80 തോളം ക്യാമറകളാണ് സ്ഥാപിച്ചത്. ഓട്ടോമാറ്റിക് ക്യാമറകളില്‍ വന്യജീവികളുടെ ചിത്രങ്ങളും വീഡിയോയും പതിയും. പത്ത് സെക്കന്റ് നീണ്ടു നില്ക്കുന്ന വിഡിയോ ആണ് ക്യാമറ ഒപ്പിയെടുത്തത്. രണ്ട് ചതുരശ്ര കിലോമീറ്ററില്‍ ഒരു ക്യാമറ എന്ന കണക്കാണ് സ്ഥാപിച്ചത്. ഓരോ കടുവയുടെയും ദേഹത്തെ വരകള്‍ വ്യത്യസ്തമായിരിക്കും.ക്യാമറയില്‍ പതിയുന്ന കടുവകളിലെ വരകളുടെ വ്യത്യസ്തതയും ചിത്രങ്ങളും ശാസ്ത്രീയമായി അപഗ്രഥിച്ചാണ് കടുവകളുടെ എണ്ണം കണക്കാക്കുന്നത്.
മുന്‍ വര്‍ഷത്തെക്കാളും കടുവകളുടെ എണ്ണം കൂടിയിട്ടുണ്ടെന്നാണ് നിഗമനം. ചില പോയിന്റുകളില്‍ കടുവകളുടെ ചിത്രം ഒന്നിലേറെ തവണ തെളിഞ്ഞിട്ടുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ പ്രത്യേകമായി പരിശോധിക്കും. അവസാനവട്ട പരിശോധന പൂര്‍ത്തിയാക്കി ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈല്‍ഡ് ലൈഫിന് കൈമാറും. അവരാണ് അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. നാല് വര്‍ഷം കൂടുമ്പോഴാണ് കടുവ സെന്‍സസ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: