പത്തനാപുരം: മാര്‍ച്ച് മാസത്തില്‍ നിര്‍മാണ പൂര്‍ത്തീകരണം ലക്ഷ്യമിട്ട ആവണീശ്വരം ഫയര്‍സ്റ്റേഷന്റെ മന്ദിര നിര്‍മാണം അനിശ്ചിതമായി നീളുന്നു. ആഭ്യന്തര വകുപ്പ് 2.71 കോടി രൂപയുടെ കെട്ടിട നിര്‍മാണത്തിന് അനുമതി നല്കി വര്‍ഷങ്ങള്‍ പലത് കഴിഞ്ഞിട്ടും ടെണ്ടര്‍ നടപടികള്‍ പോലും എങ്ങുമെത്തിയില്ല.
മന്ദിര നിര്‍മാണത്തിനായി നെടുവന്നൂരിലെ താല്‍ക്കാലിക ഷെഡില്‍ നിന്ന് ഫയര്‍സ്റ്റേഷന്റെ പ്രവര്‍ത്തനം കുന്നിക്കോട് കാവല്‍പ്പുരയിലെ വാടക കെട്ടിടത്തിലേക്ക് മാറ്റിയിട്ട് ആറുമാസം പിന്നിടുന്നു.
മണ്ണുപരിശോധന അടക്കമുള്ള ജോലികള്‍ പൂര്‍ത്തിയായെങ്കിലും പൊതുമരാമത്ത് വകുപ്പിന്റെ പ്രാഥമിക നടപടിക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാത്തതാണ് നിര്‍മാണം അനിശ്ചിതമായി വൈകിപ്പിക്കുന്നതെന്ന് സൂചനയുണ്ട്. ആറുമാസം മുന്നേ നിര്‍മാണത്തിന് ടെണ്ടര്‍ നടപടികള്‍ തുടങ്ങിയതായി അറിയിപ്പുണ്ടായിരുന്നു. എന്നാല്‍ ടെണ്ടറിന് മുമ്പുള്ള ജോലികള്‍ ഇപ്പൊഴും ഇഴഞ്ഞ് നീങ്ങുകയാണ്.
പ്രവര്‍ത്തനം തുടങ്ങിയത് 2015ല്‍
തലവൂര്‍ ഗ്രാമപ്പഞ്ചായത്തിലെ നെടുവന്നൂരില്‍ 2015 ഡിസംബര്‍ 31മുതലാണ് പത്തനാപുരം ഫയര്സ്റ്റേഷന് പ്രവര്‍ത്തനം തുടങ്ങിയത്. ശബരി ബൈപ്പാസ് ഉള്‍പ്പെടുന്ന കുന്നിക്കോട്-പത്തനാപുരം പാതയില്‍ ആവണീശ്വരം പാലത്തോട് ചേര്‍ന്ന ഭൂമിയിലാണ് ഫയര്സ്റ്റേഷന് സ്ഥലം കണ്ടെത്തിയത്.
ഇതിനായി റവന്യൂ പുറമ്പോക്കില്‍ നിന്നും 30-സെന്റ് സ്ഥലമാണ് ആഭ്യന്തരവകുപ്പിന് വിട്ടുനല്‍കിയത്. തോടിനോടും പ്രധാന റോഡിനോടും ചേര്‍ന്നുള്ള സ്ഥലം ഫയര്‍ സ്റ്റേഷന് ഏറ്റവും അനുയോജ്യമായിരുന്നു.
ഫയര്‍ യൂണിറ്റുകളില്‍ വെള്ളം നിറയ്ക്കാനും അപകടസ്ഥലങ്ങളില്‍ വേഗത്തില്‍ എത്തിച്ചേരാനും നെടുവന്നൂരില്‍ സൗകര്യമുണ്ടായിരുന്നു. എന്നാല്‍ നിര്‍മാണത്തൊഴിലാളികള്‍ക്ക് വേണ്ടി സ്ഥാപിച്ച താല്‍ക്കാലിക ഷെഡിലായിരുന്നു നാല്‍പ്പതോളം സേനാംഗങ്ങളുമായി ഫയര്സ്റ്റേഷന് അഞ്ചുവര്‍ഷം പ്രവര്‍ത്തിച്ചത്. ആറുമാസം മുമ്പാണ് കുന്നിക്കോട് കാവല്‍പ്പുരയില്‍ വാടകക്കെട്ടിടത്തിലേക്ക് മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: