പാലക്കാട്: പാളം മുറിച്ചുകടക്കുന്നതിനിടെ കഴിഞ്ഞ വര്‍ഷം പാലക്കാട് റെയില്‍വേ ഡിവിഷനില്‍ മാത്രം 162 പേര് മരിച്ചതായി റെയില്‍വേ സുരക്ഷസേന കമാന്‍ഡന്റ് ജെതിന്‍ ബി. രാജ് പറഞ്ഞു. പരിക്കേറ്റ 12 പേരില്‍ അഞ്ചാളുടെ നില ഗുരുതരമാണ്.
നവംബറില്‍ മാത്രം 38 പേരുടെ ജീവനാണ് ട്രാക്കില്‍ പൊലിഞ്ഞത്. പല അപകടങ്ങളും അശ്രദ്ധമൂലമാണെന്നും, ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണവും വര്‍ധിച്ചതായും അദ്ദേഹം പറഞ്ഞു. ആളില്ലാ ലെവല്ക്രോസുകളിലുണ്ടാകുന്നതിനേക്കാള് കൂടുതല്‍ ട്രാക്കിലാണ് അപകടങ്ങള്‍. ആത്മഹത്യ തടയാനും, അശ്രദ്ധമൂലമുള്ള അപകടങ്ങള്‍ ഒഴിവാക്കാനും റെയില്‍വേയും, ആര്‍പിഎഫും ബോധവല്കരണം നടത്തുന്നുണ്ട്.
കൊവിഡിനും ലോക്ഡൗണിനും ശേഷം ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിച്ചതോടെ ഇതുവഴിയുള്ള കള്ളക്കടത്തും വര്‍ധിച്ചു. 41.53 കോടി രൂപയുടെ നികുതിവെട്ടിപ്പാണ് ആര്‍പിഎഫ് പല സംഭവങ്ങളിലായി കണ്ടെത്തിയത്. രക്ഷിതാക്കളില്ലാതെ ട്രെയിനിലും, റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നും കണ്ടെത്തിയ 109 കുട്ടികളെ ചൈല്‍ഡ് ലൈനിന്റെ സഹായത്തോടെ വീടുകളിലെത്തിച്ചു.
കഴിഞ്ഞവര്‍ഷം 167 കഞ്ചാവ് കേസുകളും, 213 വിദേശമദ്യക്കടത്തും പിടികൂടി. അനധികൃതമായി കടത്തിയ 68 കിലോ സ്വര്‍ണവും, 124 കിലോ വെള്ളിയും പിടികൂടി. ട്രെയിനിലെ കുറ്റകൃത്യങ്ങള്‍ തടയാന്‍ പ്രത്യേക സ്ക്വാഡിനെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റെയില്‍വേ ട്രാക്കിലൂടെ നടക്കുന്നതും മുറിച്ചുകടക്കുന്നതും ഒഴിവാക്കേണ്ടതാണ്. മാത്രമല്ല, ട്രെയിനുകള്‍ക്ക് ട്രാക്കിനേക്കാള്‍ വീതി കൂടുതലായതിനാല്‍ ട്രാക്കിന് സമീപത്തുകൂടിയും, പ്ലാറ്റ്ഫോമുകളിലൂടെയും നടക്കുമ്പോള്‍ ശ്രദ്ധിക്കണം. ടെയിനിന്റെ വാതിലില്‍ നിന്നോ, ഇരുന്നോ യാത്ര ചെയ്യരുത്.
യാത്രക്കിടെ അപരിചിതര്‍ നല്കുന്ന ഭക്ഷണവും, വെള്ളവും ഒഴിവാക്കണമെന്നും ജെതിന്‍ ബി. രാജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: