തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പ് നൂറ് കോടിയല്ല, 226 കോടിയിലധികം രൂപയുടേതെന്ന് സഹകരണ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്. വായ്പകള്‍ക്ക് പുറമേ ബാങ്കിലെ വ്യാപാര ഇടപാടുകളിലും തട്ടിപ്പ് നടന്നിട്ടുണ്ട്. വായ്പകളുടെ പേരില്‍ തട്ടിപ്പ് നടത്തുന്നതിനായി ജീവനക്കാരും ഭരണസമിതി അംഗങ്ങളും ചേര്‍ന്ന സംഘം തന്നെ പ്രവര്‍ത്തിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നിക്ഷേപകര്‍ക്ക് പണം തിരിച്ചു നല്കാന് കഴിയാത്ത ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി ബാങ്കില്‍ നിലനില്‍ക്കുന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
വ്യാജ രേഖകള്‍ ഉണ്ടാക്കി വായ്പ നല്‍കിയുള്ള തട്ടിപ്പ്, പ്രതിമാസ ചിട്ടി നടത്തിപ്പില്‍ തട്ടിപ്പ്, സഹകരണ വ്യാപാര സ്ഥാപനങ്ങളിലെ ക്രമക്കേട് എന്നിങ്ങനെ മൂന്ന് തരത്തിലാണ് തട്ടിപ്പ് നടന്നത്. ഇതിലൂടെ 226 കോടി ബാങ്കിന് നഷ്ടമായി. വ്യാജ വായ്പയിലൂടെ നഷ്ടമായത് 215 കോടിയാണ് (215,71,45,253). പ്രതിമാസ ചിട്ടി നടത്തിപ്പില്‍ ഒമ്പത് കോടി (9,22,97,000) തട്ടിപ്പ് നടത്തി. സഹകരണ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ അടക്കമുള്ള വ്യാപാര സ്ഥാപനങ്ങളില്‍ 1.8 കോടിയുടെ (1,83,36,511) ക്രമക്കേടും കണ്ടെത്തി. ഇങ്ങനെ 226,77,78,764 രൂപയുടെ നഷ്ടം ബാങ്കിനുണ്ടായതായി അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
സഹകരണ വകുപ്പിന്റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍. ജോയിന്റ് രജിസ്ട്രാര്‍ തുടങ്ങി ഉദ്യോഗസ്ഥരുടെ വീഴ്ചകളും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അസി.രജിസ്ട്രാറുടെ മേല്‍നോട്ടത്തില്‍ സാങ്കേതിക വിഭാഗം വിദഗ്ദ്ധന് കെ.ആദിത്യകൃഷ്ണ, അസി.രജിസ്ട്രാര്‍മാര്‍ എസ്.ജയചന്ദ്രന്, വി.ജെര്‍ണയില്‍ സിംഗ്, സ്പെഷല്‍ ഗ്രേഡ് ഇന്‍സ്പെക്ടര്‍ എ.പി അജിത്കുമാര്‍, ജൂനിയര്‍ ഇന്‍സ്പെക്ടര്‍ ആര്.രാജാറാം എന്നിവരാണ് അന്വേഷണം നടത്തിയത്.
കഴിഞ്ഞ ആഗസ്റ്റിലാണ് ക്രമക്കേട് വിവരങ്ങള്‍ പുറത്തു വന്നത്. ബാങ്ക് ജീവനക്കാരും ഭരണ സമിതി അംഗങ്ങളുമടക്കം 19 പേര്‍ക്കെതിരെ പോലീസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിരുന്നു. എല്ലാവരും അറസ്റ്റിലാവുകയും ചെയ്തിരുന്നു.
പ്രധാന കണ്ടെത്തലുകള്‍
ജാമ്യവസ്തുക്കളില്‍ കൃത്രിമം കാണിച്ചും വിപണി മൂല്യം തെറ്റായി രേഖപ്പെടുത്തിയും നഷ്ടം വരുത്തി.
ബാങ്കില്‍ ഉപയോഗിക്കുന്ന സോഫ്ട് വെയറിലും ഹാര്‍ഡ് വെയറിലും അടിസ്ഥാനപരമായി പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടില്ല.
സഹകരണ വകുപ്പിന്റെ വിവിധ ഓഫീസുകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ക്രമക്കേട് യഥാസമയം കണ്ട് പിടിക്കുന്നതിനും സമയബന്ധിതമായി നടപടി സ്വീകരിക്കുന്നതിലും വീഴ്ച സംഭവിച്ചു.
ബാങ്ക് സെക്രട്ടറി, മാനേജര്‍, സീനിയര്‍ അക്കൗണ്ടന്റ് തുടങ്ങി അഞ്ച് ജീവനക്കാരും ഭരണസമിതിയും മറ്റ് ചിലരും സംഘടിതമായാണ് ക്രമക്കേട് നടത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: