Categories: Main Article

സ്വാമി വിവേകാനന്ദന്‍ എന്ന സൗഭാഗ്യം

മാനവ ചിന്താധാരയെ ആകമാനം പ്രകാശിപ്പിച്ച സ്വാമി വിവേകാനന്ദന്റെ ജയന്തിയാണിന്ന്. ദേശീയ യുവജന ദിനമായിട്ടാണ് ഈ ദിവസം രാഷ്ട്രം ആചരിക്കുന്നത്.

അഡ്വ. കെ.പി. വേണുഗോപാല്‍

നമ്മുടെ രാഷ്‌ട്രം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്. ഇതിനിടയിലാണ് ഈ വര്‍ഷത്തെ വിവേകാനന്ദ ജയന്തി നാം  ആചരിക്കുന്നത്. ഗാന്ധിജിയും നേതാജി സുഭാഷ്ചന്ദ്രബോസും ഉള്‍പ്പെടെയുള്ള സ്വാതന്ത്ര്യ സമര നായകരിലും സമരപോരാളികളിലും സ്വാമി  വിവേകാനന്ദന്‍ ചെലുത്തിയ സ്വാധീനം വലുതായിരുന്നു. 1893 സെപ്തംബറില്‍ ചിക്കാഗോയില്‍ നടന്ന മതമഹാസമ്മേളനത്തിലെ താരമായിരുന്നു സ്വാമിജി. അവിടെ അദ്ദേഹം നേടിയ വിശ്വവിജയം സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന് പകര്‍ന്നു നല്‍കിയ ആത്മവിശ്വാസവും ഉണര്‍വ്വും ശ്രദ്ധേയമായിരുന്നു. ഇത് കൂടുതല്‍ പഠനത്തിനും ഗവേഷണത്തിനും ഇനിയും വിഷയമാകേണ്ടതുണ്ട്.  

സ്വാമി വിവേകാനന്ദന്‍ തികച്ചും വ്യത്യസ്തനായ സംന്യാസിയായിരുന്നു. സംന്യാസിമാരെക്കുറിച്ചുള്ള നമ്മുടെ പരമ്പരാഗത ധാരണകള്‍ അദ്ദേഹം തിരുത്തിക്കുറിച്ചു. ഭാരതത്തിലെ അഗതികളുടെയും ദരിദ്രരുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും ജീവിതത്തെ അടുത്തറിയാന്‍ അദ്ദേഹത്തിനായി. അവര്‍ക്കായി അദ്ദേഹത്തിന്റെ ഹൃദയം വെമ്പല്‍കൊണ്ടു. ഭാരതത്തിന്റെ അധഃപതനത്തിനുണ്ടായ കാരണങ്ങള്‍ തിരിച്ചറിഞ്ഞ സ്വാമിജി അതിനുള്ള കൃത്യമായ പ്രതിവിധികളും കണ്ടെത്തി. ശ്രീരാമകൃഷ്ണദേവന്റെ ഈ പ്രിയ ശിഷ്യന്‍ ആത്മവിശ്വാസത്തിന്റെ ആള്‍രൂപമായിരുന്നു.

ശ്രീരാമകൃഷ്ണദേവന്റെ സമാധിക്കുശേഷം ഒരു പരിവ്രാജകനായി സ്വാമിജി ഭാരതം മുഴവന്‍ സഞ്ചരിച്ചു. ഈ യാത്രയില്‍ അദ്ദേഹം കുടിലുകളിലും കൊട്ടാരങ്ങളിലും അന്തിയുറങ്ങി. ഭാരതത്തിലെ ജനലക്ഷങ്ങള്‍ അന്ന് അനുഭവിച്ചിരുന്ന ജീവിതദുരിതങ്ങളുടെ നേരനുഭവം ഈ യാത്രയില്‍ അദ്ദേഹത്തിനുണ്ടായി. കന്യാകുമാരിയിലാണ് അദ്ദേഹത്തിന്റെ യാത്ര പൂര്‍ത്തിയായത്. കന്യാകുമാരി ദേവിയെ തൊഴുത് അനുഗ്രഹം വാങ്ങിയ അദ്ദേഹം മൂന്ന് സമുദ്രങ്ങളുടെയും സംഗമസ്ഥലത്ത് തല ഉയര്‍ത്തിനില്‍ക്കുന്ന ശിലയിലേക്ക് നീന്തിക്കയറി. ചുറ്റം മൂന്ന് സമുദ്രങ്ങളും ആര്‍ത്ത് അലയടിച്ചുനില്‍ക്കുന്നതിനിടയില്‍ മൂന്ന് ദിനരാത്രങ്ങള്‍ അദ്ദേഹം ഗാഢമായ ധ്യാനത്തിലിരുന്നു. സ്വന്തം മോക്ഷമായിരുന്നില്ല അദ്ദേഹത്തിന്റെ ധ്യാനവിഷയം. മറിച്ച് അയ്യായിരം വര്‍ഷത്തിലേറെ പാരമ്പര്യമുള്ള നമ്മുടെ രാഷ്‌ട്രത്തിന്റെ അധഃപതനത്തിനുള്ള കാരണവും വര്‍ത്തമാനസ്ഥിതിയും ഭാവിയുമൊക്കെയായിരുന്നു അദ്ദേഹത്തിന്റെ ധ്യാനവിഷയം. ഭാരതാംബ മാത്രമായിരുന്നു അദ്ദേഹത്തിന്റെ ധ്യാനമൂര്‍ത്തി.

നമ്മുടെ രാഷ്‌ട്രത്തിന്റെ ആത്മാവ് ആദ്ധ്യാത്മികതയാണെന്ന് അദ്ദേഹം അനുഭവിച്ചറിഞ്ഞു. ആദ്ധ്യാത്മിക വഴികളില്‍ക്കൂടി മാത്രമെ ഭാരതത്തിന്റെ പുനരുദ്ധാരണം സാധ്യമാവൂ എന്ന സത്യം അദ്ദേഹം തിരിച്ചറിഞ്ഞു. ഭാരതത്തിന്റെ അധഃപതനത്തിനുള്ള കാരണം മതമല്ലെന്നും ശരിയായ മതത്തെ ആരും എങ്ങും പിന്തുടരുന്നില്ലെന്നും അദ്ദേഹം കണ്ടു. തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലായിരുന്നു. ത്യാഗവും സേവനവുമാണ് ഭാരതത്തിന്റെ ആദര്‍ശങ്ങളെന്നും ദേശീയ ജീവിതത്തെ ഈ കാഴ്ചപ്പാടില്‍ രൂപപ്പെടുത്തുകയാണ് നാം നേരിടുന്ന പ്രതിസന്ധികള്‍ക്കുള്ള പരിഹാരമെന്നും അദ്ദേഹം കണ്ടെത്തി. രാഷ്‌ട്ര പുനര്‍നിര്‍മ്മാണത്തിന് മനുഷ്യനെ നിര്‍മ്മിച്ചെടുക്കുന്ന വിദ്യാഭ്യാസമാണ് പോംവഴിയെന്നും സ്വാമിജി തിരിച്ചറിഞ്ഞു.

‘ദശലക്ഷങ്ങള്‍ പട്ടിണിയിലും അജ്ഞതയിലും കഴിയുന്നിടത്തോളം കാലം, അവരുടെ ചെലവില്‍ അഭ്യസ്തവിദ്യനായിട്ട് അവരെക്കുറിച്ച് ലവലേശം താല്‍പര്യമില്ലാത്ത ഓരോരുത്തരേയും ഞാന്‍ ജനദ്രോഹിയെന്ന് മുദ്രയടിക്കുന്നു'(വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം 5-238) എന്നാണ്  അദ്ദേഹം അര്‍ത്ഥശങ്കയ്‌ക്കിടയില്ലാതെ പ്രസ്താവിച്ചത്.  സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലിക്ക് പ്രവേശിക്കുന്ന യുവാക്കളും അധികാരസ്ഥാനങ്ങളിലുള്ളവരും ഈ ആപ്തവാക്യം ഹൃദയത്തില്‍ സൂക്ഷിക്കണം.

സ്വഭാവശുദ്ധിയും ഇച്ഛാശക്തിയുമുള്ള ഒരു യുവതലമുറയെ അദ്ദേഹം സ്വപ്‌നംകണ്ടു. സാമൂഹ്യോന്മുഖമായ ഇച്ഛാശക്തിയാണ് സ്വഭാവശുദ്ധിയുടെ കാതല്‍. നമ്മുടെ ബുദ്ധിയും ധനവും അധികാരവുമെല്ലാം മറ്റുള്ളവരുടെ നന്മയ്‌ക്കുവേണ്ടി ഉപയോഗിക്കുകയെന്നതാണ് സ്വഭാവരൂപീകരണംകൊണ്ട് സ്വാമിജി ഉദ്ദേശിച്ചത്. നമ്മുടെ യുവാക്കളോട് സ്വഭാവമഹിമയും ആത്മവിശ്വാസവും തന്റേടവും ഉള്ളവരാകാനാണ് അദ്ദേഹം ആഹ്വാനം ചെയ്തത്. ‘ഇരുമ്പിന്റെ മാംസപേശികളും ഉരുക്കിന്റെ സിരാതന്തുക്കളുമാണ് നമുക്കുവേണ്ടത്. നാം വേണ്ടത്ര കരഞ്ഞിരിക്കുന്നു. ഇനി കരച്ചില്‍ വേണ്ട. തന്‍ കാലില്‍ നില്‍ക്കുക, ആണുങ്ങളാകുക. നമുക്ക് വേണ്ടത് ആണുങ്ങളെ വാര്‍ത്തെടുക്കുന്ന മതമാണ്. ആണുങ്ങളെ വാര്‍ത്തെടുക്കുന്ന സിദ്ധാന്തങ്ങളാണ്.ആണുങ്ങളെ വാര്‍ത്തെടുക്കുന്ന വിദ്യാഭ്യാസമാണ്.’ (വി.സ. 3:116) അഗ്നി സമാനമായ സ്വാമിജിയുടെ ഈ വാക്കുകള്‍ യുവതലമുറ വേണ്ടവിധം ഉള്‍ക്കൊണ്ടിട്ടില്ല.

രാഷ്‌ട്രവിരുദ്ധ ശക്തികള്‍ അരങ്ങുവാഴുന്ന നമ്മുടെ കലാലയങ്ങളില്‍ ദേശസ്‌നേഹംപോലും ചോദ്യം ചെയ്യപ്പെടുന്നു. വിവേകാനന്ദ ദര്‍ശനങ്ങളില്‍ അല്‍പ്പമെങ്കിലും അറിവുണ്ടെങ്കില്‍ നമ്മുടെ യുവാക്കള്‍ ദേശസ്‌നേഹികളും ദേശീയവാദികളും ആകും. 1921-ല്‍ മഹാത്മാഗാന്ധി ബേലൂര്‍മഠം സന്ദര്‍ശിച്ചു. വിവേകാനന്ദന്റെ ജന്മദിനമായ അന്ന് വലിയൊരു ജനക്കൂട്ടം ഗാന്ധിജിയെ കാണാനെത്തി. അവരോട് ഗാന്ധിജി പറഞ്ഞു. ‘ഞാനിവിടെ വന്നത് ഖാദിയോ ചര്‍ക്കയോ നിസ്സഹരണമോ പ്രചരിപ്പിക്കാനല്ല. വിവേകാനന്ദന്‍ ജീവിക്കുകയും ദേഹം ഉപേക്ഷിക്കുകയും ചെയ്ത പുണ്യഭൂമി കാണുന്നതിനാണ്. വിവേകാനന്ദന്റെ പുസ്തകങ്ങള്‍ ഞാന്‍ ശ്രദ്ധാപൂര്‍വ്വം വായിച്ചിട്ടുണ്ട്. അവ വായിച്ച ശേഷം ഇന്ത്യയോടുള്ള സ്‌നേഹം നൂറ് മടങ്ങ് വര്‍ദ്ധിച്ചു. നിങ്ങളെല്ലാം അദ്ദേഹത്തില്‍ നിന്നും കുറച്ചെങ്കിലും പ്രചോദനം

ഉള്‍ക്കൊള്ളണം.’ ഇതായിരുന്നു ഗാന്ധിജിയുടെ അഭിപ്രായം. റൊമൈന്‍ റോൡനോട് ഒരിക്കല്‍ രവീന്ദ്രനാഥ ടഗോര്‍ പറഞ്ഞു. ”നിങ്ങള്‍ ഇന്ത്യയെ മനസ്സിലാക്കണമെങ്കില്‍ വിവേകാനന്ദനെ പഠിക്കണം” എന്ന്.  വിവേകാനന്ദന്റെ ചിന്തകളും പ്രഭാഷണങ്ങളും എഴുത്തുകളും എല്ലാം പോസിറ്റീവായിരുന്നു. അവിടെ നെഗറ്റീവായ ഒരു പരാമര്‍ശംപോലും കാണാന്‍ കഴിയില്ല. ഒന്നിനെയും ഭയപ്പെടരുതെന്ന് നെഞ്ചുവിരിച്ചുതന്നെ അദ്ദേഹം യുവാക്കളോട് പറഞ്ഞു. സ്വയം വിശ്വാസമില്ലാത്തവര്‍ മറ്റ് ദൈവങ്ങളില്‍ വിശ്വസിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് തുറന്നടിച്ചു. പ്രതിസന്ധികളില്‍ തളരാതെയും ഭയപ്പെടാതെയും ലക്ഷ്യത്തിലെത്താന്‍ കഴിയണമെന്ന് സ്വാമിജി യുവാക്കളോട് ആഹ്വാനം ചെയ്തു. സാക്ഷാല്‍ യമരാജന്റെ മുമ്പില്‍ നിന്ന് നിര്‍ഭയം ചോദ്യങ്ങളുന്നയിച്ച കഠോപനിഷത്തിലെ നചികേതസ് എന്ന ബാലന്‍ അദ്ദേഹത്തിന്റെ ഇഷ്ടകഥാപാത്രമായിരുന്നു. ഈ നിര്‍ഭയത്വമാണ് ബാല്യം മുതല്‍ കുട്ടികളില്‍ വളര്‍ത്തേണ്ടതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ക്ലാസ്സ് മുറികളില്‍ നിന്ന് പരീക്ഷകളുടെ വിജയത്തെക്കുറിച്ച് മാത്രം കേള്‍ക്കുന്ന യുവതലമുറക്ക് ജീവിതത്തിലെ പരീക്ഷകളില്‍ വിജയിക്കണമെങ്കില്‍ സ്വാമി വിവേകാനന്ദനെയും  അദ്ദേഹത്തിന്റെ ദര്‍ശനങ്ങളെയും ഉള്‍ക്കൊള്ളേണ്ടതുണ്ട്.

നമ്മുടെ ഭാഗ്യമാണ് സ്വാമി വിവേകാനന്ദന്‍. അദ്ദേഹത്തെപ്പോലെ ആത്മവിശ്വാസം പകര്‍ന്നുനല്‍കിയ ഒരു നേതാവ് മറ്റൊരു രാജ്യത്തും ഉണ്ടായിട്ടില്ലന്നാണ് സ്വാമി രംഗനാഥാനന്ദജി അഭിപ്രായപ്പെട്ടിട്ടുള്ളത്. സ്വാമി വിവേകാനന്ദനെ നാം വേണ്ടവിധം പ്രയോജനപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു. 50ലധികം രാജ്യങ്ങളില്‍ വേദാന്തവും ഭഗവത്ഗീതയും വിവേകാനന്ദ സന്ദേശവുമെല്ലാം പ്രചരിപ്പിച്ച സംന്യാസി ശ്രേഷ്ഠനായിരുന്നു രാമകൃഷ്ണമിഷന്റെ അദ്ധ്യക്ഷന്‍ കൂടിയായിരുന്ന സ്വാമി രംഗനാഥാനന്ദ. വിവേകാനന്ദനെ കൂടുതല്‍ പഠിക്കാനും അദ്ദേഹത്തിന്റെ വഴി തെരഞ്ഞെടുക്കാനും നമുക്കും നമ്മുടെ യുവാക്കള്‍ക്കും പ്രേരണയാകണം ഈ യുവജനദിനം.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക