ഹൈദരാബാദ്: തെലങ്കാനയിലെ നല്‍ഗോണ്ട ജില്ലയില്‍ കാളീവിഗ്രഹത്തിന്റെ കാല്ചുവട്ടില് മനുഷ്യന്റെ തല വെട്ടി കൊണ്ടിട്ടു. 30 വയസ് പ്രായം തോന്നിക്കുന്ന യുവാവിന്റെ തലയാണ് ഇന്നലെ കണ്ടെത്തിയത്. നരബലിയാണോയെന്ന് സംശയം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച സൂചനകള്‍ ഒന്നും ലഭിച്ചിട്ടില്ല.
റോഡരികിലുളള ആരാധനാലയത്തോട് ചേര്‍ന്ന കാളീവിഗ്രഹത്തിന്റെ ചുവട്ടിലാണ് ഉടലില്ലാത്ത തല കണ്ടത്. ക്ഷേത്രത്തിലെ പുരോഹിതനാണ് ഇത് ആദ്യം കണ്ടത്. ഇയാള്‍ അറിയിച്ചത് അനുസരിച്ച് പോലീസ് സ്ഥലത്ത് എത്തി അന്വേഷണം തുടങ്ങി. എട്ട് സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം നടത്തുന്നത്. എല്ലാ വശങ്ങളിലും സംഭവം അന്വേഷിക്കുന്നുണ്ടെന്ന് ദേവരകോണ്ട ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ആനന്ദ് റെഡ്ഡി പറഞ്ഞു.
യുവാവിനെ മറ്റെവിടെയെങ്കിലും ഇട്ട് കൊലപ്പെടുത്തിയ ശേഷം തല വെട്ടി കൊണ്ടിട്ടതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതശരീരത്തിന്റെ ബാക്കി ഭാഗത്തിനായും പോലീസ് പരിശോധന നടത്തുന്നുണ്ട്. തല കണ്ടെത്തിയ മേഖലയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോലീസ് തന്നെ പങ്കുവച്ചു. സൂര്യപേട്ടില്‍ നിന്നുളള ഒരു കുടുംബം ബന്ധപ്പെട്ടിരുന്നതായും രണ്ട് വര്‍ഷം മുന്‍പ് നാട്ടില്‍ നിന്നും അപ്രത്യക്ഷനായ മാനസീക അസ്വാസ്ഥ്യമുളള യുവാവിന്റെ മുഖത്തോട് ഇതിന് സാദൃശ്യമുണ്ടെന്ന് അറിയിച്ചതായും പോലീസ് പറഞ്ഞു. ആര്‍ക്കെങ്കിലും ഇതുമായി ബന്ധപ്പെട്ട സൂചനകള്‍ ലഭിച്ചാല്‍ അറിയിക്കണമെന്ന അഭ്യര്‍ത്ഥനയോടെയാണ് പോലീസ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. ഇത് സംബന്ധിച്ച് കൂടുതല്‍ പരിശോധനകള്‍ നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: