തിരുവല്ല: കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ നടപടികള്‍ ശക്തമായിരിക്കെ 14ന് മുമ്പായി പഞ്ചായത്തുകളില്‍ ഗ്രാമസഭകള്‍ പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം. നിയന്ത്രണങ്ങളുടെ ഭാഗമായി പൊതുചടങ്ങുകളില്‍ 50 പേര്‍ക്ക് മാത്രമെ അനുമതിയുള്ളു.
യോഗങ്ങള്‍ പരമാവധി ഓണ്‍ലൈനായി നടത്താനും സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്. ഇതിനിടെയിലാണ് ഗ്രാമസഭകള്‍ ചേരുന്നത്. വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ട വര്‍ക്കിങ് ഗ്രൂപ്പുകളുടെ യോഗം പഞ്ചായത്തുകളില്‍ പൂര്‍ത്തിയായി. ഇതിനെ തുടര്‍ന്നുണ്ടായ കരട് നിര്‍ദ്ദേശങ്ങള്‍ ഗ്രാമസഭയില്‍ അവതരിപ്പിക്കുന്നത്.
കരടില്‍ ആവശ്യമായ കൂട്ടിചേര്‍ക്കലും ഗ്രാമസഭയില്‍ ഉണ്ടാകും.അംഗീകരിച്ച പദ്ധതി 25ന് മുമ്പായി സമര്‍പ്പിച്ച് 28ന് ജില്ലാ ആസൂതണ സമിതിയുടെ അംഗീകാരം വാങ്ങുകയും വേണം. വളരെ ചുരുങ്ങിയ സമയം മാത്രമുള്ളതിനാല്‍ ഇനിയുള്ള ദിവസങ്ങളിലാണ് മിക്ക പഞ്ചായത്തുകളിലും ഗ്രാമസഭകള്‍ ചേരുന്നത്. അതേ സമയം സര്‍ക്കാരിന്റെ കൊവിഡ് നിര്‍ദ്ദേശങ്ങള്‍ പാലിച്ച് മാത്രമെ യോഗം ചേരാവൂ എന്നാണ് നിര്‍ദ്ദേശം.
അതേ സമയം പൊതുചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 50 ആയി പരിമിതപ്പെടുത്തിയതിനാല്‍ ഗ്രാമസഭയില്‍ ജനകീയ പങ്കാളിത്തം കുറയുമെന്ന ആശങ്ക പഞ്ചായത്ത് അധികൃതര്‍ക്കുണ്ട്. കേന്ദ്ര ഫിനാന്‍സ് കമ്മീഷന്റെ സഹായം ഉള്‍പ്പെടെ ലഭിക്കേണ്ടതിനാല്‍ വാര്‍ഷിക പദ്ധതി വേഗം തയ്യാറാക്കി സമര്‍പ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് പഞ്ചായത്തുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: