ഗാന്ധിനഗര്‍: അപൂര്‍വ്വ സന്ധിരോഗം ബാധിച്ച് മദ്ധ്യവയസ്കന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍. പാമ്പാടി ളാക്കാട്ടൂര്‍ വാടകയ്ക് താമസിക്കുന്ന കൂനംമാക്കല്‍ മാത്യു (52) വാണ് ചികിത്സയില്‍ കഴിയുന്നത്. നട്ടെല്ലിന്റെ കശേരുക്കള്‍ക്ക് അപൂര്‍വ്വമായി ബാധിക്കുന്ന അങ്ക്ലോസിംഗ് സ്പോണ്ടിലോസിസ് എന്ന രോഗമാണ് ഇദ്ദേഹത്തിന്. ശരീരാവയവങ്ങളുടെ ചലനശേഷി നഷ്ടപ്പെട്ട്സന്ധികള് ഉറച്ചു പോകുന്ന അപൂര്‍വ്വരോഗമായ ഇത് സാധാരണയായി പത്ത് ലക്ഷത്തില്‍ ഒരാള്‍ക്കു മാത്രമാണ് ബാധിക്കുന്നത്. കോട്ടയം മെഡിക്കല്‍ കോളജിലെ അസ്ഥിരോഗ വിഭാഗത്തിലാണ് ഇദ്ദേഹം ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്.
1989 ല്‍ തെങ്ങില്‍ നിന്നും വീണതിനെ തുടര്‍ന്ന് ഇയാളുടെ രണ്ടു കാലുകളും കൈകളും ഒടിഞ്ഞിരുന്നു. തലയ്ക്കകത്ത് രക്തസ്രാവവും ഉണ്ടായി. കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്ക് ശേഷം സുവിശേഷ ജോലിക്കായി ഡല്‍ഹിയില്‍ പോയി. അവിടെ സുവിശേഷ ജോലി ചെയ്യുന്നതിനിടയില്‍ 1995 ല്‍ സന്ധിവാത രോഗം പിടിപെടുകയും ആയൂര്‍വേദ ചികിത്സ നടത്തുകയും ചെയ്തു. വീണ്ടും 2002 ല്‍ അസുഖബാധിതനാകുകയും, തിരുവനന്തപുരം ആയൂര്‍വേദ ആശുപത്രിയില്‍ പഞ്ചകര്‍മ്മ ചികിത്സ നടത്തിയെങ്കിലും, പ്രയോജനമുണ്ടായില്ല.
2016ല്‍ വീണ്ടും രോഗം മൂര്‍ച്ഛിച്ചു. തുടര്‍ന്ന് എറണാകുളം ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ നടത്തിയ വിദഗ്ദ്ധ പരിശോധനയിലാണ് അങ്ക്ലോസിംഗ് സ്പോണ്ടിലോസിസ് എന്ന അപൂര്‍വ്വ രോഗമാണ് പിടിപെട്ടിരിക്കുന്നതെന്ന് കണ്ടെത്തിയത്. ഇവിടെ ഏകദേശം ഏഴര ലക്ഷം രൂപയോളം ചികിത്സാ ചിലവിനായി വേണ്ടിവരുമെന്നതിനാല്‍ ശസ്ത്രക്രിയ ചെയ്യാതെ വീട്ടിലേയ്ക്ക് മടങ്ങി.
2019 ജനുവരിയില്‍ കോട്ടയം മെഡിക്കല്‍ കോളജിലെത്തി അസ്ഥിരോഗ വിഭാഗം മേധാവി ഡോ.എം.സി ടോമിച്ചനെ കണ്ടു. രണ്ടു തുടയെല്ല്, രണ്ടു കാല്‍മുട്ട്, ഇടത് ഷോള്‍ഡര്‍ എന്നിവ ശസ്ത്രക്രീയ ചെയ്യണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ചികിത്സാ ചിലവിനായി പ്രധാനമന്ത്രിയുടെ ചികിത്സാ ഫണ്ടിലേയ്ക്ക് അപേക്ഷ നല്കുവാനും നിര്‍ദ്ദേശിച്ചു. ഇതിനെ തുടര്‍ന്ന് അപേക്ഷ നല്‍കുകയും അഞ്ചു ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. ഒരോഘട്ട ശസ്ത്രക്രിയ നടക്കുമ്പോള്‍ മാത്രമേ പണം ലഭ്യമാകുകയുള്ളൂ. അതനുസരിച്ച് 2020 മാര്‍ച്ച് മാസത്തില്‍ ആദ്യ ഗഡു ലഭിച്ചു. തുടര്‍ന്ന് രണ്ടു തുടയെല്ലുകളും, വലത് കാല്‍മുട്ടും ശസ്ത്രക്രിയ ചെയ്തു.
പിന്നീട് കഴിഞ്ഞ 31 ന് വീണ്ടും മെഡിക്കല്‍ കോളജിലെ അസ്ഥിരോഗ വിഭാഗത്തില്‍ പ്രവേശിപ്പിച്ച മാത്യൂവിനെ ഇന്ന് ഇടതുകാല് മുട്ടിന്റേയും, ഇടത് ഷോള്ഡറിന്റേയും ശസ്ത്രക്രിയ നടത്തും. ശസ്ത്രക്രിയകള്‍ക്ക് ശേഷം മാത്യുവിന്റെ ആരോഗ്യനില പൂര്‍ണ്ണതോതില്‍ മെച്ചപ്പെടുമെന്ന വിശ്വാസമാണ് തനിക്കുള്ളതെന്ന് അസ്ഥിരോഗ വിഭാഗം മേധാവി ഡോ.എം സി ടോമിച്ചന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: